- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകർത്തത് മുഖ്യമന്ത്രിയും ഗവർണറും; രാജ്ഭവൻ മാർച്ച് വെറും തമാശ; ബംഗാളിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയവർ കോൺഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കാൻ വരേണ്ടെന്ന് വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ച് ചേർന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകർത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവർ ഒന്നിച്ച് ആലോചിച്ചാണ് ഒൻപത് വി സിമാരെയും യുജിസി നിയമം ലംഘിച്ച് നിയമിച്ചത്. ഇപ്പോൾ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണ്. സുപ്രീം കോടതി വിധിക്കെതിരായ ഈ സമരത്തെ ജനങ്ങൾ തമാശയായി മാത്രമെ കാണുകയുള്ളൂ. ഉന്നത വിദ്യാഭ്യാസരംഗം തകർത്ത് തരിപ്പണമാക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും കൈകഴുകാൻ വേണ്ടി നടത്തുന്ന നാടകമാണ് രാജ് ഭവനിലേക്കുള്ള സമരം. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള ശ്രമം മാത്രമാണെന്നും വിഡി സതീശൻ പറഞ്ഞു
കോർപറേഷനിലെ കത്ത് വിവാദവും വിലക്കയറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എൽ.ഡി.എഫ് രാജ്ഭവനിലേക്ക് പ്രകടനം നടത്തിയത്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സർക്കാർ ഒരു ഇടപെടാത്തതിൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. ഇതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ വലിയ അരക്ഷിതാവസ്ഥയാണ് സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. മേയർ ജില്ലാ സെക്രട്ടറിക്ക് അയച്ച് കത്ത് എവിടെ പോയി? ഒരു കത്ത് കത്തിച്ച് കളഞ്ഞെന്ന് പറയുന്നു. അപ്പോൾ തെളിവ് നശിപ്പിച്ചതിന് കേസെടുക്കില്ലേ? രണ്ട് കത്തും പോയത് പി.എസ്.സിയിലേക്കോ എംപ്ലോയ്മെന്റ് എക്സേഞ്ചുകളിലേക്കോ അല്ല ജില്ലാ സെക്രട്ടറിയുടെ കൈകളിലേക്കാണ്. കത്ത് നൽകിയത് ജില്ലാ സെക്രട്ടറിക്കായതിനാൽ അത് നശിപ്പിക്കപ്പെട്ടതും പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും. സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിലെ തെളിവ് നശിപ്പിച്ചത്. ഫോണിൽ കൂടി മൊഴിയെടുത്തും അന്വേഷണം നടത്തിയും അവസാനം പ്രധാന തെളിവായ കത്ത് ഇല്ലാതായി. തെളിവ് നശിപ്പിച്ചതിന് ഉത്തരവാദി സിപിഎം ജില്ലാ സെക്രട്ടറിയാണ്. അതുകൊണ്ട് ജില്ലാ സെക്രട്ടറിയെ പ്രതിയാക്കി കേസെടുക്കണം. ജില്ലാ സെക്രട്ടറിയെ രക്ഷിക്കാനാണ് കത്തുകൊടുത്തിട്ടില്ലെന്ന് പറയുന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും നാടകമാണ്.
എം.വി ഗോവിന്ദനും പിണറായി വിജയനും എം.എ ബേബിയും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള മൂന്ന് പി.ബി അംഗങ്ങളുടെ അറിവോടെയല്ലേ സിപിഎം ബംഗാളിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ രഹസ്യ ബാന്ധവമാണ് ഇപ്പോൾ ബംഗാളിൽ പരസ്യമായിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ച് നിൽക്കണമെന്നാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ഇതേ പി.ബി അംഗങ്ങൾ തന്നെയാണ് കേരളത്തിൽ വന്ന് കോൺഗ്രസ് നേതാക്കളുടേത് സംഘി മനസാണെന്ന് പറയുന്നത്. കേരളത്തിലും ബംഗാളിലും സഖ്യമുണ്ടാക്കിയ സിപിഎം നേതാക്കൾ കോൺഗ്രസിനെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കാൻ വരേണ്ട. മതേതര നിലപാടിൽ വെള്ളം ചേർക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കോൺഗ്രസ് ഒരു കാലത്തും തയാറാകില്ല. നെഹ്റൂവിയൻ ആദർശങ്ങളെ മുറുകെപിടിച്ചേ കേരളത്തിൽ കോൺഗ്രസ് മുന്നോട്ട് പോകൂ. ഇക്കാര്യം ചിന്തൻ ശിവിറിലും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ നിന്നും മാറി ആരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നതിനെ പാർട്ടി ഒരുതരത്തിലും അംഗീകരിക്കില്ല. ഒരു വർഗീയ വാദിയുടെയും വോട്ട് വേണ്ടെന്ന് ചരിത്രത്തിൽ ആദ്യമായി പറയാൻ തന്റേടം കാട്ടിയ മുന്നണിയും പാർട്ടിയുമാണ് യു.ഡി.എഫും കോൺഗ്രസും-വിഡി സതീശൻ പറഞ്ഞു



