കൊച്ചി :ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. 2017 നവംബർ 13-ന് കേരളത്തിൽ നടന്ന ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം ഏകകണ്ഠമായി ഈ ആവശ്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.എന്നാൽ ഇത് നടപ്പിൽ വരുത്തിയെടുക്കാൻ സംസ്ഥാന സർക്കാർ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ എന്നിവർ കുറ്റപ്പെടുത്തി.

ഭക്തജനങ്ങൾക്ക് കാലോചിതമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയെ പണം കണ്ടെത്താനുള്ള വേദിയാക്കി മാത്രം നിലനിറുത്തുന്നത് അംഗീകരിക്കാനാവില്ല. ഹൈക്കോടതിയുടെ നിരീക്ഷണം ഉള്ളതു കൊണ്ടു മാത്രമാണ് ശബരിമല ഇപ്പോൾ കാണുന്ന രീതിയിൽ എങ്കിലും നിലനിൽക്കുന്നത്. ഈ തീർത്ഥാടന കാലം ആരംഭിച്ചതിനു ശേഷം പത്തോളം അയ്യപ്പ ഭക്തന്മാർക്ക് ജീവൻ നഷ്ടപ്പെട്ടത് കാനന പാതയുടെ പുതിയ രീതിയിലുള്ള പണിയിലെ അപാകത മൂലവും ശരിയായ ചികിൽസാ സംവിധാനങ്ങൾ ഒരുക്കാത്തതു കൊണ്ടുമാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഭക്തർ എത്തുന്ന ശബരിമലയിലെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. പമ്പയിൽ നിന്ന് മല കയറുന്ന ഭക്തർ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുമുണ്ട്.

വൈഷ്ണവോ ദേവീ ക്ഷേത്രം ഉൾപ്പടെയുള്ള രാജ്യത്തെ പ്രമുഖമായ നിരവധി ക്ഷേത്രങ്ങൾ ഇന്ന് ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാണ്. ശബരി പാതയും, ചെങ്ങന്നൂർ പമ്പാ നദീ തീര റെയിൽ പാതയും കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര വന നിയമം നിലനിൽക്കുന്ന പ്രദേശമായതിനാൽ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുന്നതാണ് ഉചിതം. ഈ സാഹചര്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തുന്നതിന് പ്രധാന മന്ത്രിക്ക് നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.