- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം സംഘർഷത്തിൽ പൊലീസിനെതിരെ കെ.സി.ബി.സി; കേസുകൾ പിൻവലിക്കാൻ പൊലീസ് തയ്യാറാകണമെന്ന് ജോർജ്ജ് ആലഞ്ചേരി
കൊച്ചി:വൻ സംഘർത്തിലേക്ക് വഴിമാറിയ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ പൊലീസിനെതിരെ കെസിബിസി.കേസുകൾ പിൻവലിക്കാൻ പൊലീസ് തയ്യാറാകണമെന്ന് കെസിബിസി പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.ചർച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാതെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി വ്യക്തമാക്കി.
ജനവികാരം മാനിച്ചു പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങൾ നടക്കുന്നില്ലെന്ന് കേരള കാത്തലിക്സ് ബിഷപ്പ് കൗൺസിൽ കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പൊലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
അതേസമയം വിഴിഞ്ഞത്തെ സംഘർഷം അയവില്ലാതെ തുടരുകയാണ്.കഴിഞ്ഞ ദിവസത്തെ വിഴിഞ്ഞം സംഘർഷത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ പൊലീസ് സ്റ്റേഷൻ വളഞ്ഞതോടെ ഉണ്ടായ സംഘർഷാവസ്ഥയാണ് തുടരുന്നത്.കസ്റ്റഡിയിലെടുത്ത അഞ്ചുപേരും നിരപരാധികളെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വൈദികർ അടക്കമുള്ളവർ തടിച്ചുകൂടിയത്.പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് നാലുതവണ കണ്ണീർ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു.
സംഘർഷത്തിൽ 17 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.സമരത്തെ അനുകൂലിക്കുന്ന നിരവധി പേർ സ്ഥലത്തേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇവരെ വിട്ടയക്കാതെ ഉപരോധത്തിൽ നിന്ന് പിന്മാറില്ലെന്ന് സമർക്കാർ വ്യക്തമാക്കി. സമരക്കാർ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 17 പൊലീസുകാർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരമാണ്.




