തിരുവനന്തപുരം:മുല്ലൂരിലെ തുറമുഖ കവാടത്തിലെ രാപ്പകൽ സമര വേദിയിലെത്തി വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ പി സി സി മുൻ അധ്യക്ഷൻ വി എം സുധീരൻ.അന്താരാഷ്ട്ര തുറമുഖ നിർമ്മാണം നിർത്തിവെച്ച് മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.അദാനിയുടെ ആവശ്യങ്ങൾക്ക് മുന്നിൽ ആവേശം കൊള്ളുന്ന സർക്കാർ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും കേൾക്കാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.രാപ്പകൽ സമര പന്തലിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ.

പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാസൈന്യം എന്ന് വിളിച്ച സർക്കാർ ഇപ്പോൾ മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. നാടിന്റെ വികസനം മുന്നിൽ കണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി വരുന്നതിന് താൻ ജാഥ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ പദ്ധതി കാരണമുണ്ടായ തീരശോഷണത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിക്കുകയാണ്.തീര ശോഷണത്തിന്റെ മുഖങ്ങളായി കോവളവും ശംഖുംമുഖവും മാറിക്കഴിഞ്ഞെന്നും ഇതിന്റെ കാരണം കണ്ടെത്തുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിശ്വാസമുള്ള വിദഗ്ധ സമിതിയെകൊണ്ട് പഠനം നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

അതേസമയം തുറമുഖം നിർമ്മാണം നിറുത്തി വയ്ക്കണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സുധീരന്റെ കോലം കത്തിച്ചു.സത്യഗ്രഹ പന്തലിൽ നിന്നും പ്രകടനമായെത്തിയ ജനകീയ കൂട്ടായ്മയുടെ പ്രവർത്തകർ മുക്കോല ജംഗ്ഷനിലാണ് സുധീരന്റ കോലം കത്തിച്ചത്.