കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു തരത്തിലുള്ള ആൺ പെൺ വിവേചനവും പാടില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. പെൺകുട്ടികൾക്ക് രാത്രി ഒൻപതരയ്ക്കു ശേഷം പുറത്തിറങ്ങാൻ പാടില്ല, ആൺകുട്ടികൾക്കാവാം എന്നത് വിവേചനം തന്നെയാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് സതീദേവി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. മെഡിക്കൽ കോളജുകൾ സമൂഹത്തോടു പ്രതിബദ്ധതയുള്ള ഡോക്ടർമാരെ വാർത്തെടുക്കുന്നതിനുള്ള ഇടങ്ങളാണ്. അവിടെ വിവേചനം പാടില്ലെന്ന് സതീദേവി പറഞ്ഞു. നിലപാട് ഇന്ന്ു ഹൈക്കോടതിയെ അറിയിക്കും.

നേരത്തെ പ്രായപൂർത്തിയായ പൗരന്മാരെ അവർക്ക് ഇഷ്ടമുള്ളയിടത്ത് പോകാൻ അനുവദിച്ചുകൂടെയെന്ന്, മെഡിക്കൽ കോളജ് വിഷയത്തിലെ ഹർജി പരിഗണിച്ചുകൊണ്ട ഹൈക്കോടതി ആരാഞ്ഞിരുന്നു. കേസിൽ സർക്കാരും വനിതാ കമ്മീഷനും ഇന്നു നിലപാട് അറിയിക്കണമന്ന് കോടതി നിർദേശിച്ചു.

സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാർത്ഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്ന് കോടതി ചോദിച്ചു. പെൺകുട്ടികൾക്ക് ഹോസ്റ്റലുകളിൽ പ്രവേശനത്തിന് രാത്രി പത്ത് എന്ന സമയനിയന്ത്രണം വച്ചതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.

പത്തുമണിക്ക് മുൻപ് ഹോസ്റ്റലിൽ എത്തണമെന്നതാണ് അവിടുത്തെ നിയമം. ഇതിനെ കഴിഞ്ഞ ദിവസം പെൺകുട്ടികൾ ചോദ്യം ചെയ്തിരുന്നു. പത്തുമണി കഴിഞ്ഞാൽ ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കുകയാണ് പതിവ്. ഇതോടെ വൈകിയെത്തുന്ന കുട്ടികൾ ഏറെ നേരം പുറത്ത് കാത്തിരിക്കണമായിരുന്നു. മെഡിക്കൽ കോളജിലെ ലൈബ്രറി പതിനൊന്നരവരെ പ്രവർത്തിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലൈബ്രറി അതുവരെ ഉപയോഗിക്കാൻ അവകാശമുണ്ടെന്നായിരുന്നു വിദ്യാർത്ഥിനികളുടെ നിലപാട്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ സമയനിയന്ത്രണം ഇല്ല. തുടർന്ന് വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടുകയും ചെയ്തു. ആൺ പെൺ വ്യത്യാസമില്ലാതെ തന്നെ കാര്യങ്ങൾ നടക്കണമെന്നാണ് വനിതകമ്മീഷന്റെ നിർദ്ദേശം. തുടർന്നാണ് വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്.