തൃശ്ശൂർ: ക്വാർട്ടർ ലൈനപ്പ് മുതൽ കലാശപ്പോര് വരെ ഖത്തർ ലോകകപ്പിൽ ആര് വീഴും ആര് വാഴുമെന്ന വിശദമായ ലോകകപ്പ് പ്രവചനവുമായി ഒന്നാം ക്ലാസുകാരൻ.തൃശൂർ സ്വദേശി റെനീഷിന്റെ മകൻ റാദിൻ റെനീഷ് ആണ് ടീമുകളുടെയൊക്കെ ലോകകപ്പ് സ്‌ക്വാഡുകൾ കൃത്യമായി വിശകലനം ചെയ്തുകൊണ്ട് ശ്രദ്ധ നേടുന്നത്.ഇത്തവണ ഖത്തറിൽ കപ്പുയർത്തുക ബ്രസീലാകുമെന്നാണ് റാദിന്റെ പ്രവചനം.പിതാവ് റെനീഷ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് റാദിന്റെ വേൾഡ്കപ്പ് പ്രവചനം വൈറലായിരിക്കുന്നത്.

ബ്രസീൽ കപ്പ് നേടുമെന്ന് പറയുമ്പോഴും തന്റെ ഇഷ്ട ടീം പോർച്ചുഗലും ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണെന്നും റാദിൻ വ്യക്തമാക്കുന്നു.അതിനാൽ തന്നെ പോർച്ചുഗൽ ജഴ്‌സിയണിഞ്ഞാണ് റാദിന്റെ പ്രവചനവും.കപ്പെടുക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകൾ അർജന്റീനയും ബ്രസീലും ഫ്രാൻസുമാണെന്ന് റാദിൻ ഉറപ്പിക്കുന്നു.എന്നാൽ, പ്രീക്വാർട്ടറിൽ ഫ്രാൻസ് അർജന്റീനയെ കീഴടക്കുമെന്നും ടീമുകളെ വ്യക്തമായി വിശകലനം ചെയ്തുകൊണ്ട് ഈ ഒന്നാം ക്ലാസുകാരൻ പ്രവചിക്കുന്നു.

പിതാവിന്റെ ചോദ്യങ്ങൾക്ക് മറുപടി എന്നോണമാണ് റാദിന്റെ ലോകകപ്പ് അവലോകനം.വിവിധ ടീമുകളിലെ താരങ്ങളെ കൃത്യമായി വിശകലനം ചെയ്ത്, ഗ്രൂപ്പുകളെ കൃത്യമായി പരിചയപ്പെടുത്തിയുള്ള അവലോകനം ഫുട്‌ബോൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.ഗ്രൂപ്പ് സിയിൽ അർജന്റീനയ്ക്ക് പിന്നിലായി പോളണ്ട് ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന് റാദിൻ പറയുന്നു.അവിടെ നിന്നും മെക്‌സിക്കോയ്ക്ക് സാധ്യതയില്ല.ഡി ഗ്രൂപ്പിൽ ഡെന്മാർക്കാവും ഒന്നാമതെത്തുക.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പിൽ രണ്ടാമതാവുമെന്ന പ്രഖ്യാപനവും റാദിൻ നടത്തുന്നുണ്ട്.മറ്റ് ഗ്രൂപ്പുകളിൽ നിന്നൊക്കെ പ്രതീക്ഷിക്കപ്പെടുന്ന ടീമുകൾ അടുത്ത ഘട്ടത്തിലെത്തും.റാദിന്റെ നിരീക്ഷണ പ്രകാരം പ്രീ ക്വാർട്ടറിൽ നിന്ന് നെതർലൻഡ്‌സ്, ഇംഗ്ലണ്ട്, ഫ്രാൻസ്, ഡെന്മാർക്ക്, ജർമനി, ബെൽജിയം, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകളാവും ക്വാർട്ടറിലെത്തുക.

ക്വാർട്ടറിൽ നെതർലൻഡിനെ തോല്പിച്ച് ഫ്രാൻസും ജർമനിയെ തോല്പിച്ച് ബ്രസീലും സെമിയിൽ ഏറ്റുമുട്ടും.പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകളും സെമിയിലെത്തും.ഇതിൽ ഫ്രാൻസിനെ കീഴടക്കി ബ്രസീലും പോർച്ചുഗലിനെ മറികടന്ന് ഇംഗ്ലണ്ടുമാവും കലാശപ്പോരിൽ കൊമ്പുകോർക്കുക.ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ കിരീടം നേടുമെന്നും റാദിൻ പ്രവചിക്കുന്നു.