ഇടുക്കി: ലഹരി പോലുള്ള സാമൂഹിക വിപത്തുകൾ തടയുന്നതിന് യുവജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും എല്ലാ കലാലയങ്ങളിലും യുവജനക്കമ്മിഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും സംസ്ഥാന യുവജനക്കമ്മിഷൻ ചെയർമാൻ എം. ഷാജർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനായിരക്കണക്കിന് യുവജനങ്ങളാണ് ലോൺ ആപ്പ്, ഓൺലൈൻ ഗെയിമുകൾ പോലെയുള്ള സൈബർ കെണികളിലകപ്പെട്ട് പുറത്ത് പറയാനാകാതെ വിഷമിക്കുന്നത്. യുവാക്കളിൽ ആത്മഹത്യ പ്രേരണ വർദ്ധിച്ചു വരുകയാണ്. അതിന്റെ കാരണങ്ങൾ കണ്ടെത്തി പ്രശ്‌ന പരിഹാരത്തിനായി പഠനം നടത്തി സർക്കാരിന് സമർപ്പിക്കുന്നതിനായി സംസ്ഥാനമെമ്പാടുമുള്ള 150 ഓളം വരുന്ന എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നൂതന മാർഗങ്ങളിലൂടെ ലഹരിക്കെതിരായ കാമ്പയ്നിൽ ഓരോരുത്തരും പങ്കാളികളാകണമെന്നും ചെയർമാൻ പറഞ്ഞു. യോഗത്തിൽ യുവജനക്കമ്മിഷൻ ജില്ലാ കോഓർഡിനേറ്റർ ശരത്ത് എം. എസ് അധ്യക്ഷത വഹിച്ചു.

യുവാക്കളിൽ ഉയർന്നു വരുന്ന ലഹരിയുടെ ഉപയോഗം, ലോൺ ആപ്പുകളിൽ അകപ്പെട്ട് പോകുന്നവർ, യുവാക്കളിലെ ആത്മഹത്യ പ്രേരണ, തൊഴിലിടങ്ങളിൽ യുവജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ, തൊഴിൽ ലഭ്യത എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജനക്കമ്മിഷൻ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ജില്ലയിലെ വിദ്യാർത്ഥി യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവിസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ജാഗ്രതാസഭ രൂപീകരിച്ചത്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, ജില്ലാ കോഓർഡിനേറ്റർ അനൂപ് ബി, വിദ്യാർത്ഥി യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.