റാഞ്ചി: ഝാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. 14 പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട്. മരിച്ചവരിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി കിടക്കുകയാണ്. 12 പേർക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ട്. 18 പേരെ രക്ഷിച്ച് ആശുപത്രിയിലാക്കി. സമീപത്തെ പാടലിപുത്ര നഴ്‌സിങ് ഹോമിലാണ് ഇവരെ പ്രവേശിപ്പിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്.

ധൻബാദിലെ ജോരഫതക് മേഖലയിൽ ആശിർവാദ് ടവറിനാണ് ചൊവ്വാഴ്ച ആറുമണിയോടെ തീപിടിച്ചത്. തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് സംഭവം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി നിരവധി പേർ അപ്പാർട്ട്‌മെന്റിൽ ഒത്തുകൂടിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇപ്പോൾ രക്ഷാപ്രവർത്തനത്തിലാണ് ശ്രദ്ധ കൊടുക്കുന്നതെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ധൻബാദ് എസ് എസ് പി സഞ്ജീവ് കുമാർ പറഞ്ഞു.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്നും, പൊള്ളലേറ്റവർക്ക് ചികിത്സ നൽകുന്നുണ്ടെന്നും ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു.

നാലുനിലയുള്ള അപ്പാർട്ട്‌മെന്റിന്റെ മുകളിലത്തെ നിലയിലാണ് വിവാഹാഘോഷം നടന്നിരുന്നത്. അവിടെ നിന്നാണ് തീപിടിച്ചതാണെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം മാത്രമേ, തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയു എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

കഴിഞ്ഞ നാലുദിവസത്തിനിടെ ധൻബാദിലുണ്ടായി രണ്ടാമത്തെ തീപിടിത്തമാണിത്. ശനിയാഴ്ച നഗരത്തിലെ ബാങ്ക് മോറ മേഖലയിൽ ഒരു സ്വകാര്യ നഴ്‌സിങ് ഹോം കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. നഴ്‌സിങ് ഹോമിന്റെ ഉടമയും, നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർ ദമ്പതികളായ ഡോ.വികാസ് ഹസ്രയും, ഭാര്യ ഡോ.പ്രേമ ഹസ്രയും തീപിടിത്തത്തിൽ മരിച്ചിരുന്നു.