തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം നേടി റെക്കോർഡിട്ട പിണറായി വിജയൻ സർക്കാർ മറ്റൊരു നാഴികകല്ലു കൂടി ഇന്ന് പിന്നിടുന്നു. കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ ഇനി നാലാമനാണ്. ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയാണ് പിണറായി മറികടക്കുക. ഉമ്മൻ ചാണ്ടി 2,459 ദിവസമാണ് കേരളം ഭരിച്ചതെങ്കിൽ കേരളത്തിലെ പിണറായി ഭരണം ഇന്ന് 2,460ാം ദിവസത്തിലെത്തിയിട്ടുണ്ട്.

സംസ്ഥാനത്തു തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നതിൽ ഒന്നാമത് പിണറായിയാണ്. സി.അച്യുതമേനോനെ (2,364 ദിവസം) 2022 നവംബർ 14നു മറികടന്നിരുന്നു. അച്യുതമേനോൻ ഒരു മന്ത്രിസഭാകാലത്താണെങ്കിൽ പിണറായി വിജയൻ തുടർച്ചയായ 2 മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിച്ചത്. തുടർച്ചയായി 2 മന്ത്രിസഭകൾക്കു നേതൃത്വം നൽകുന്നതിനുള്ള നിയോഗം ലഭിച്ചതും പിണറായിക്കു മാത്രമാണ്. 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെ ആയിരുന്നു അച്യുത മേനോൻ മുഖ്യമന്ത്രിയായിരുന്നത്.

ഏറ്റവും കൂടുതൽ കാലം (17 ദിവസം) കാവൽ മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനുതന്നെ (2021 മെയ്‌ 3-20). കേരളത്തിൽ ഇതുവരെ 12 പേർ മുഖ്യമന്ത്രിമാരായി. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകൾ അധികാരത്തിലെത്തി. ഇ.കെ.നായനാർ, കെ.കരുണാകരൻ, സി.അച്യുതമേനോൻ എന്നിവരാണ് കൂടുതൽ കാലം ഭരിച്ച റെക്കോർഡിൽ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.

2016ലാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ എത്തിയത്. മെയ് 25ന് പിണറായി വിജയൻ ആദ്യമായി കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉമ്മൻ ചാണ്ടി നയിച്ച യുഡിഎഫ് സർക്കാരിനെ വീഴ്‌ത്തിയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. 91 സീറ്റുകളാണ് ഇടതുപക്ഷം തൂത്തുവാരിയത്. പ്രളയവും നിപ്പയും കൊവിഡും അടക്കം നിരവധി പ്രതിസന്ധികളാണ് പിണറായി സർക്കാരിന് മുന്നിൽ 5 വർഷക്കാലം ഉണ്ടായിരുന്നത്. സ്വർണ്ണക്കടത്ത് വിവാങ്ങൾ അടക്കമെത്തി.

ഈ പ്രതിസന്ധികളെയെല്ലാം മുന്നിൽ നിന്ന് നയിച്ച് നേരിട്ട പിണറായിക്ക് കേരളം രണ്ടാമതും അവസരം നൽകി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സർക്കാർ വൻ സീറ്റ് നേട്ടത്തോടെ അധികാരത്തിൽ തിരിച്ചെത്തി. 91ൽ നിന്ന് 99ലേക്കാണ് ഇടതുപക്ഷം സീറ്റ് നേട്ടം ഉയർത്തിയത്. ഇതോടെ മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായി വിജയൻ തന്നെ വീണ്ടും എത്തി.

ഒന്നാം പിണറായി മന്ത്രിസഭയിലെ പ്രമുഖരെ മാറ്റി നിർത്തി പുതുനിരയുമായി എത്തിയ പിണറായിക്ക് പക്ഷേ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയുമാണുള്ളത്. നിരവധി വവാദങ്ങളാണ് കേരള മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ളത്. വിവാദങ്ങളുടെ വേലിയേറ്റമായതോടെ സിപിഎം അംഗങ്ങൾക്ക് മുന്നറിയിപ്പുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. നേതൃത്വത്തിന് തുടർഭരണം ലഭിച്ചുവെന്നത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് ആയി കണക്കാക്കരുതെന്ന് അദ്ദേഹം അംഗങ്ങൾക്ക് നിർദ്ദേശം നൽകി.

ഭരണം നമുക്കാണെങ്കിലും, അഴിമതികൾ ചൂണ്ടിക്കാണിക്കാൻ പാർട്ടിപ്രവർത്തകരും അനുഭാവികളും നേതാക്കളും മടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും, അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുമായും പാർട്ടിപ്രവർത്തകരുമായും ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ മാറ്റിവെക്കരുതെന്നും ഉടൻ തന്നെ തീർപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽവിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.