തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജന് 32 ലക്ഷം മുടക്കി കറുത്ത ഇന്നോവ ക്രസ്റ്റ വാങ്ങാൻ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാനം കടത്തിന് മേൽ കടം കയറിയിരിക്കുന്ന നാളുകളിൽ, സാധാരണക്കാർക്ക് ഇതെല്ലാം അനാവശ്യമായി തോന്നുമെങ്കിലും, ആവശ്യമായത് മാത്രമേ ചെയ്യുന്നുള്ളു എന്നാണ് സർക്കാർ നിലപാട്. ഏറ്റവുമൊടുവിൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറങ്ങി.

ഇതാദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റാണ് പണിയുന്നത്. നേരത്തെ ക്ലിഫ് ഹൗസിൽ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെയാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാനുള്ള തീരുമാനം.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന്റെ കാർ പഴകിയെന്നും ഉയർന്ന സുരക്ഷാ സംവിധാനമുള്ള കാർ വാങ്ങുന്നുവെന്നും ഉള്ള വാർത്ത വിവാദമാകാൻ കാരണം, സാമ്പത്തിക പ്രസിസന്ധിയുടെ കാലത്തെ അധികചെലവാണ്. എന്നാൽ, ജയരാജന്റെ കാർ ദീർഘദുരയാത്രകൾക്ക് ഉതകുന്നില്ലെന്നും, സുരക്ഷ പോരെന്നുമാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. ഏതായാലും, കാർ വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ വാങ്ങാനായി 32,11,792 രൂപയാണ് അനുവദിച്ചത്. പരമാവധി 35 ലക്ഷം രൂപ വരെയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറഞ്ഞു. വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനമെന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കി.

കണ്ണൂരിലാണ് കാറ് ബുക്ക് ചെയ്തിരിക്കുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ 35 ലക്ഷം സർക്കാർ അനുവദിച്ചെന്ന വാർത്തയോട് നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പ്രതികരിച്ചിരുന്നു. 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷത്തിന്റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഖാദി ബോർഡിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിന്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. പത്ത് വർഷമായി ഉപയോഗിക്കുന്ന ഇന്നോവ കാലപ്പഴക്കം കൊണ്ട് മാറ്റേണ്ട നിലയിലാണ്. നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്നതിനാൽ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താൻ കഴിയുന്നില്ല. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നതെന്നും ജയരാജൻ വിശദീകരിച്ചു.