ന്യൂഡൽഹി: രാജ്യത്തെ നടുക്കി രാജസ്ഥാനിലും മധ്യപ്രദേശിലുമായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വിമാന അപകടങ്ങൾ. രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു ചാർട്ടേഡ് വിമാനവും മധ്യപ്രദേശിലെ മൊറേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകർന്നു വീണത്.

ഭീൽവാഡയിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം. രണ്ട് അപകടങ്ങളിലും ആളപായമുണ്ടായോ എന്ന വിവരം ലഭിച്ചിട്ടില്ല എന്നും എ.എൻ.ഐ റിപ്പോർട്ടു ചെയ്തു.

ഭരത്പൂറിലേക്ക് പൊലീസ് തിരിച്ചതായി ജില്ലാ കളക്ടർ അലോക് രഞ്ജൻ പറഞ്ഞു. സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശിൽ തകർന്നത്. ഗ്വാലിയാർ എയർവേസിൽ നിന്നും പുലർച്ചെ 5.30ന് പുറപ്പെട്ട വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

ചാർട്ടർ ചെയ്ത ജെറ്റ് ആണ് തകർന്നതെന്ന് ഭരത്പുർ ജില്ലാ കലക്ടർ അലോക് രഞ്ജൻ അറിയിച്ചു. ആഗ്രയിൽനിന്നു പുറപ്പെട്ട ചാർട്ടേർഡ് വിമാനമാണ് തകർന്നത്. സാങ്കേതിക തകരാറാണ് കാരണം.

ഭരത്പുരിലെ സാവെർ പൊലീസ് സ്റ്റേഷനിൽ നഗ്ല വീസ എന്ന സ്ഥലത്താണ് ശനിയാഴ്ച രാവിലെ 10നും 10-15നും ഇടയിൽ വിമാനം തകർന്നുവീണതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. നിലത്തുവീണതിനുപിന്നാലെ വിമാനത്തിന് തീപിടിച്ച് സ്‌ഫോടനം ഉണ്ടായി. ഗ്രാമത്തിനടുത്ത് തുറസായ സ്ഥലത്താണ് വിമാനം തകർന്നുവീണത്. അതേസമയം, വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്നോ അവരുടെ അവസ്ഥയെക്കുറിച്ചോ ഉള്ള കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.

വിമാനം പൂർണ്ണമായും കത്തിയമർന്നതായാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അപകടത്തിൽ ആളപായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മധ്യപ്രദേശിൽ ഇന്ത്യൻ എയർഫോഴ്‌സിന്റെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്. . സുഖോയ്, മിറാഷ് വിമാനങ്ങളാണ് കൂട്ടിയിടിച്ച് തകർന്നുവീഴുകയായിരുന്നു. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം. സുഖോയ് വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്.

രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പിന്തുണ നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തു.

ഇന്ന് പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങൾ ആകാശത്ത് വച്ച് കൂട്ടിയിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വിമാനങ്ങളിലെ രണ്ടു പൈലറ്റുമാർ സുരക്ഷിതരാണ്. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. സംഭവം സ്ഥിരീകരിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. സിഡിഎസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.