തിരുവനന്തപുരം: മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് മുരളി.അതിനാൽ തന്നെ അദ്ദേഹത്തിന്റെ മുഖവും രൂപവുമൊക്കെ മലയാളികൾക്ക് കാണാപാഠവുമാണ്.ഈ ഒരൊറ്റകാരണം കൊണ്ട് തന്നെ സംഗീത നാടക അക്കാദമിയിൽ സ്ഥാപിക്കാനായി നിർമ്മിച്ച മുരളിയുടെ വെങ്കലശിൽപ്പം കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ ഏവരും പറഞ്ഞു അത് മുരളിയല്ലെന്ന്..വിമർശനം കടുത്തതോടെ ശിൽപ്പിയും ശിൽപ്പിയെ പ്രവൃത്തി ഏൽപ്പിച്ചവരും വെട്ടിലായി.

പലയാവർത്തി ശ്രമിച്ചിട്ടും ശിൽപ്പം നേരെയാക്കാൻ സാധിക്കാതെ വന്നതോടെ മുൻകൂറായി കൈപ്പറ്റിയ തുക ശിൽപ്പിയോട് ആവശ്യപ്പെട്ടെങ്കിലും ശിൽപ്പി കൈമലർത്തുകയായിരുന്നു. ഇതോടെയാണ് ശിൽപ്പം നിർമ്മിക്കാൻ അനുവദിച്ച 5.70 ലക്ഷം ധനകാര്യവകുപ്പ് എഴുതിത്ത്ത്ത്ത്ത്ത്തള്ളിയത്.സംഭവം ഇങ്ങനെ.. 2009ൽ സംഗീതനാടക അക്കാദമി ചെയർമാനായിരിക്കെ അന്തരിച്ച മുരളിയുടെ, കരിങ്കൽശില്പം അക്കാദമിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് അദ്ദേഹവുമായി സാമ്യമില്ലെന്ന ആക്ഷേപം തീർക്കാനാണ് വെങ്കലത്തിൽ മറ്റൊന്നായാലോ എന്ന ആലോചന വന്നതും ഒരുശില്പിയുമായി കരാർ ഉണ്ടാക്കിയതും.

ശില്പം അക്കാദമി വളപ്പിലെ തുറസ്സരങ്ങിനുസമീപം സ്ഥാപിക്കാനായിരുന്നു പരിപാടി. പ്രതിമയുടെ കലാരൂപപരമായ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കാൻ ലളിതകലാ അക്കാദമി ചെയർമാനായിരുന്ന നേമം പുഷ്പരാജിനെയും ചുമതലപ്പെടുത്തി.പ്രതിമയുടെ മോൾഡിനുള്ള മാതൃക മുരളിയുമായി രൂപസാദൃശ്യമില്ലാത്തതാണെന്നു നേമം പുഷ്പരാജ് സാക്ഷ്യപ്പെടുത്തി. രൂപമാറ്റത്തിന് നിരവധിതവണ ആവശ്യപ്പെട്ടു. ഫലമില്ലാതായതോടെ നിർമ്മാണം നിർത്തിവെക്കാനും പണം തിരിച്ചടയ്ക്കാനും ശില്പിയോട് അക്കാദമി ആവശ്യപ്പെടുകയും ചെയ്തു.

അനുവദിച്ചതിലും കൂടുതൽ തുക പ്രാഥമിക ചെലവിന് വേണ്ടിവന്നതിനാലും മറ്റു വരുമാനമാർഗമൊന്നും ഇല്ലാത്തതിനാലും 5,70,000 രൂപ തിരിച്ചടയ്ക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു അക്കാദമിയോട് ശില്പിയുടെ അപേക്ഷ. 2022 ജൂലായിൽ നിർവാഹകസമിതി യോഗം ശില്പിയുടെ അപേക്ഷ സർക്കാരിന്റെ തീരുമാനത്തിനു വിട്ടു.ഫെബ്രുവരി പത്തിന് സർക്കാർ അനുമതി നൽകി. 5,70,000 രൂപ എഴുതിത്ത്ത്ത്ത്ത്ത്തള്ളാനും നഷ്ടം അക്കാദമി വഹിക്കാനും വകുപ്പ് ഉത്തരവിട്ടു.കഴിഞ്ഞ മാസം 9 നാണ് ഇതിനു ധനമന്ത്രി അനുമതി നൽകിയത്.സാംസ്‌കാരിക മന്ത്രി സജി ചെറിയാനും അംഗീകരിച്ചതോടെ ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

സർക്കാർ ധന സഹായത്തോടെയാണ് അക്കാദമി പ്രവർത്തിക്കുന്നത്.എന്നാൽ ലങ്കാലക്ഷ്മി നാടകത്തിൽ മുരളി അഭിനയിച്ച കഥാപാത്രത്തിന്റെ മാതൃകയിലാണ് ശിൽപം നിർമ്മിച്ചതെന്നാണ് ശിൽപിയുടെ വിശദീകരണം. അതേസമയം മുരളിയുടെപേരിൽ അക്കാദമിയിൽ ഇപ്പോഴൊരു തിയേറ്റർ ഉണ്ട്. കൊട്ടാരക്കരയ്ക്കടുത്ത് ജന്മനാടായ കുടവട്ടൂരിൽ നാടക പഠനകേന്ദ്രം ഒരുക്കുമെന്നു ഇടതുസർക്കാർ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയായിരുന്ന എം.എ. ബേബിയുടെ താത്പര്യമായിരുന്നു ഇത്. എന്നാൽ യാഥാർഥ്യമായില്ല.