- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് വീഴ്ച്ചകൾക്കെതിരെ പരാതി പരമ്പരകൾ എത്തിയതോടെ കൂട്ട സ്ഥലം മാറ്റം; 53 എസ്.എച്ച്.ഒ.മാർക്ക് സ്ഥാനചലനം; ഷാരോൺ കേസിലെ വീഴ്ച്ചയിൽ പാറശ്ശാല സിഐയെ തെറിപ്പിച്ചത് വിജിലൻസിലേക്ക്; വനിതാ ഡോക്ടർക്കെതിരായ അതിക്രമ കേസ് അന്വേഷണം പാളിയപ്പോൾ മ്യൂസിയം സ്റ്റേഷനിലെ എസ്.എച്ച്.ഒക്കും സ്ഥലം മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് വീഴ്‌ച്ചകളിൽ പരാതി പരമ്പരകൾ ഉണ്ടായതോടെ നടപടികളുമായി സർക്കാർ. കൂട്ടസ്ഥലമാറ്റ നടപടിയാണ് സർക്കാർ കൈക്കൊണ്ടത്. 53 എസ്.എച്ച്.ഒ.മാർക്കാണ് സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. വിജിലൻസിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും അടക്കം ആകെ 53 എസ്.എച്ച്.ഒ/പൊലീസ് ഇൻസ്പെക്ടർമാരെയാണ് സ്ഥലംമാറ്റിയത്. ഇതുസംബന്ധിച്ച് ഡി.ജി.പി. അനിൽകാന്ത് വ്യാഴാഴ്ച ഉത്തരവിറക്കി. അടുത്തിടെ വിവാദമായ കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിട്ടുണ്ട്.
ഷാരോൺ കേസിൽ പ്രാഥമികാന്വേഷണം നടത്തിയ പാറശ്ശാല സിഐ. എ.ഹേമന്ദ്കുമാറിനെ വിജിലൻസിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഷാരോണിന്റെ മരണത്തിൽ പാറശ്ശാല പൊലീസ് ശരിയായരീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ ചാറ്റുകളിൽ അന്വേഷണം നടത്തിയില്ലെന്നും ആദ്യഘട്ടത്തിൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നുമായിരുന്നു പ്രധാന ആരോപണം. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് ഗ്രീഷ്മയെ ചോദ്യംചെയ്തത്. ആദ്യദിവസത്തെ ചോദ്യംചെയ്യലിൽതന്നെ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, പാറശ്ശാല പൊലീസിനെ ന്യായീകരിച്ചുള്ള ഹേമന്ദ്കുമാറിന്റെ ശബ്ദസന്ദേശവും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാദിക്കുന്ന ഈ സന്ദേശവും വിവാദമായി. ഇതടക്കം ഗുരുതര വീഴ്‌ച്ചയായി വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.എച്ച്.ഒ. പി.എസ്. ധർമജിത്തും വ്യാഴാഴ്ച സ്ഥലംമാറ്റം ലഭിച്ചവരുടെ പട്ടികയിലുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷനിലേക്കാണ് ധർമജിത്തിനെ സ്ഥലംമാറ്റിയത്. മ്യൂസിയം വളപ്പിൽ വനിതാ ഡോക്ടർക്ക് നേരേ അതിക്രമമുണ്ടായ സംഭവത്തിൽ പ്രതിയെ പിടികൂടാൻ വൈകിയതിലും പൊലീസിനെതിരേ വിമർശനമുയർന്നിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവത്തിൽ പൊലീസിന് പ്രതിയെ പിടികൂടാനായത്.
ഷാരോൺ കൊലപാതക കേസ് വിവാദമായപ്പോൾ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പാറശ്ശാല എസ്.എച്ച്.ഒ വ്യക്തമാക്കിയത്. ഷാരോണിന് വയ്യാതായി ഏഴ് ദിവസം വരെ ബന്ധുക്കൾ പാറശാല സ്റ്റേഷനിൽ വരികയോ പരാതി തരുകയോ ചെയ്തിട്ടില്ലെന്ന് കേസിൽ തുടക്കം മുതലുള്ള അന്വേഷണത്തിന് മേൽനോട്ടം വഹിച്ച പാറശ്ശാല സിഐ വാദിച്ചത്. അദ്ദേഹത്തിന്റെ ന്യായീകരണം ഇങ്ങനെയായിരുന്നു:
'മെഡിക്കൽ കോളേജിൽ നിന്നാണ് ഷാരോണിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഷാരോൺ എന്ന യുവാവ് അഡ്‌മിറ്റ് ആയിട്ടുണ്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൊഴി എടുക്കുന്നത്. തനിക്ക് ആരും വിഷം നൽകിയിട്ടില്ലെന്ന് ഷാരോൺ മരണമൊഴി തന്നു. താൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. കുട്ടി തനിക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ലെന്നും പരാതി ഇല്ലെന്നും
പ്രഥമ ദൃഷ്ടിയാൽ വിഷം ഉള്ളിൽ ചെന്നതായി അറിയാൻ കഴിയുന്നില്ലെന്ന് ഡോക്ടർമാരും അറിയിച്ചു. കീടനാശിനി വല്ലതും ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഈ സമയത്തും വീട്ടുകാർ സംശയം പറയുന്നില്ല. 21-ാം തിയതി വെള്ളിയാഴ്ചയാണ് പൊലീസ് മൊഴിയെടുക്കുന്നത്. 25-ാം തിയതി ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. പിറ്റേന്ന് രാവിലെ വീട്ടുകാരെ സ്റ്റേഷനിലേയ്ക്ക് നിർബന്ധിച്ച് വിളിച്ചുവരുത്തുകയായിരുന്നു. രണ്ടുമൂന്ന് വട്ടം വിളിച്ചപ്പോഴാണ് സ്റ്റേഷനിൽ വരുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ.ഐ.ആർ ഇട്ടു. വീട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് കുട്ടിയുടെയും അമ്മയുടെയും പ്രാഥമിക മൊഴി എടുത്തു. പിന്നീട് പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചപ്പോഴാണ് അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നത്. വീണ്ടും പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് മൊഴി എടുത്തു. ഇവരുടെ മൊഴിയിൽ വൈരുധ്യം തോന്നി.
കഷായത്തിന്റെ കഥ കള്ളമാണെന്ന സംശയം പൊലീസിന് വന്നു. തുടർന്ന് ഷാരോണിന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കാര്യം തിരക്കി. 29ന് ഉച്ചയ്ക്ക് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 30ന് എസ്‌പി ഓഫീസിൽ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തീരുമാനിക്കുന്നു. പാറശ്ശാല പൊലീസ് എടുത്തുവച്ചിരുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കുകയും തെറ്റാണെന്ന് അവരോട് പറയുകയും ചെയ്തു. ഈ സമയം പെൺകുട്ടിക്ക് മറുപടി ഇല്ലാതെയായി. ഒടുവിലാണ് പെൺകുട്ടിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നത്.
പാറശ്ശാല പൊലീസ് തുടങ്ങിവെച്ച ജോലി ജില്ലാ പൊലീസ് പൂർത്തിയാക്കി. ഇത് പൊലീസിന്റെ ടീം വർക്കാണ്. ഇതാണ് യഥാർഥത്തിൽ സംഭവിച്ചത്. ഒരു അന്വേഷണം നടക്കുമ്പോൾ ഇരയുടെ ആൾക്കാർക്ക് ഇപ്പോൾ തന്നെ പ്രതിയെ പിടിക്കണം, പിറ്റേദിവസം തന്നെ തൂക്കിക്കൊല്ലണം എന്നുള്ളത് അവരുടെ വികാരമാണ്. പൊലീസിന് നിയമം അനുസരിച്ചും അതിന്റെ രീതി അനുസരിച്ചുമേ പോകാൻ സാധിക്കുകയുള്ളു', സിഐ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ