- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 അടി താഴ്ചയുള്ള കിണറ്റിൽ വീണ അനുജനെ പൈപ്പിലൂടെ ഊർന്നിറങ്ങി ഉയർത്തി; സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിക്ക് മിഠായി പൊതി നൽകി മന്ത്രി; ദിയയുടെ അക്കുവിനോടുള്ള സ്നേഹം ഹൃദയത്തെ തൊട്ടെന്ന് വീണ ജോർജ്
മാവേലിക്കര: കിണറ്റിൽ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റിൽ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകൻ ഇവാനിനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്.
ഇതു സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നൽകാൻ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്.
ഡോക്ടറുടെ ഫോണിൽ മന്ത്രി വീണാ ജോർജ് വീഡിയോകോൾ ചെയ്ത് കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേർന്നു. മിടുക്കിയായി പഠിച്ചു വളരണം. കുട്ടിയുടെ അമ്മയുമായും സന്തോഷം പങ്കുവച്ചു. ദിയയുടെ സഹോദരനോടുള്ള സ്നേഹം തന്റെ ഹൃദയത്തെ ആർദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു.
ഇവാൻ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊർന്നിറങ്ങി അനുജനെ ഉയർത്തിയ ശേഷം പൈപ്പിൽ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികൾ കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളിൽ എത്തിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ