വെങ്ങപ്പള്ളി: എളുപ്പമല്ല, ഇങ്ങനെ ചിന്തിക്കാൻ. എന്നാൽ, ചിലരങ്ങനെയാണ്. ഹൃദയത്തിന്റെ ഭാഷയിൽ സബിത പറയുന്നതും അതുതന്നെയാണ്. 'എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്'. ഒന്നിനും പോറലേൽപ്പിക്കാനാവാത്ത പ്രണയം. ഇതൊക്കെ ഇന്നത്തെ കാലത്ത് സാധിക്കുമോ എന്നൊക്കെ ചോദിച്ചാൽ സബിത വീണ്ടും പറയുക ഇതേ ഉത്തരം തന്നെയാവും. അതാണ് ശിവദാസന്റെയും കരുത്ത്.

വെങ്ങപ്പള്ളി ലാൻഡ്‌ലസ് കോളനിയിലെ ശിവദാസന്റെയും ചൂരിയാറ്റ കോളനിയിലെ സബിതയുടെയും പ്രണയം കഴിഞ്ഞ ദിവസം വിവാഹത്തിലേക്ക് എത്തി. ശിവദാസന്റെ മുറപ്പെണ്ണാണ് സബിത. പ്രണയികളായ ഇരുവരെയും ഒന്നാക്കാൻ വീട്ടുകാരും നേരത്തേ ഒരുങ്ങിയിരുന്നു. 8 വർഷങ്ങൾക്കുമുമ്പ് വിവാഹ നിശ്ചയവും നടത്തി. അവിചാരിതമായി ജോലിക്കിടെ ശിവദാസന് സംഭവിച്ച അപകടം കണക്കുകൂട്ടലുകൾ തെറ്റിച്ചു. ശിവദാസൻ കിടപ്പിലായി. കഴിഞ്ഞ 8 വർഷവും കരുതലായി, കാവലാളായി ശുശ്രൂഷകയായി സബിത ഒപ്പമുണ്ട്.

ഓർക്കാപ്പുറത്ത് ആ സംഭവം

കെട്ടിടനിർമ്മാണത്തൊഴിലിനിടെയാണ് ആ സംഭവം. മര ഏണിയിലൂടെ മണൽച്ചാക്ക് ചുമന്നു കയറ്റുന്നതിനിടെ, ചവിട്ടുപടികളിലൊന്നിലെ കയർ പൊട്ടി ശിവദാസൻ നിലത്തുവീണു. മണൽച്ചാക്ക് അരക്കെട്ടിൽ വീണതാണ് ദുരന്തമായത്. നട്ടെല്ലിനു ശസ്ത്രക്രിയ ചെയ്തത് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു. എന്നാൽ, ശിവദാസന്റെ അരയ്ക്ക് താഴേക്ക് തളർന്നു. ഇതുകൊണ്ടൊന്നും തോറ്റുകൊടുക്കാൻ ശിവദാസൻ തയ്യാറായായിരുന്നില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് കല്യാണം മുടങ്ങി പോയെങ്കിലും, സബിതയും പങ്കാളിയും അത് കൂസലാക്കിയതേയില്ല.

അച്ഛനും അമ്മയും ജ്യേഷ്ഠന്റെ മക്കളും ഉള്ള കുടുംബത്തിന്റെ ആകെ അത്താണിയായിരുന്ന ശിവദാസന് ദുരന്തം സംഭവിക്കുമ്പോൾ 26 വയസായിരുന്നു. വിവാഹം നിശ്ചയിച്ചിരിക്കെ സംഭവിച്ച ദുരന്തം ശിവദാസനെ വല്ലാതെ നിരാശപ്പെടുത്തിയെങ്കിലും, അങ്ങനെ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല ഈ ചെറുപ്പക്കാരൻ. നട്ടെല്ലിന് ഓപ്പറേഷൻ കഴിഞ്ഞെങ്കിലും, എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ ശിവദാസന് കഴിഞ്ഞില്ല. തനിക്ക് തുണയാകാൻ സബിത വരുമ്പോഴും ആദ്യം ശിവദാസന് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് സംശയമായിരുന്നു. അതുകൊണ്ട് ഒരുനാൾ, ശിവദാസൻ സബിതയോട് പറഞ്ഞു: ''എന്റെ ജീവിതം ഇനി ഇങ്ങനെയായിരിക്കും. നിനക്ക് വേണമെങ്കിൽ തിരിച്ചു പോകാം. അതാണു നല്ലത്.' ''ഇല്ല, ഞാൻ ഒരിടത്തേക്കും പോകുന്നില്ല' എന്ന ഉറപ്പുള്ള മറുപടി മതിയായിരുന്നു ശിവദാസന് ഒരുജീവിതം താണ്ടാൻ.

ആർക്കും പിരിക്കാനാവില്ല ഈ പ്രണയികളെ

ആർക്കും പിരിക്കാനാവാത്ത ദമ്പതികളുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ വീട്ടുകാർക്കും മനസ് വന്നില്ല. പരസ്പരം ഒന്നും പ്രതീക്ഷിക്കാതെ, നേട്ടങ്ങൾക്കായി ദാഹിക്കാതെ, ഉള്ളതിനോട് പൊരുത്തപ്പെട്ട് മനസ്സമാധാനത്തോടെ മുന്നേറുന്ന പ്രണയം 8 വർഷം പിന്നിട്ടിരിക്കുന്നു.
സഹായവുമായെത്തിയ തരിയോട് സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തകരാണ് ഇരുവരുടെയും ജീവിതകഥയറിഞ്ഞ് വിവാഹത്തിന് മുൻകൈയെടുത്തത്. ''നിങ്ങളുടെ വിവാഹം നടത്തിയാലോ?' എന്ന ചോദ്യത്തിന് ഇനി വിവാഹമൊന്നും വേണ്ട എന്നായിരുന്നു ഇരുവരുടെയും നിലപാട്. എന്നാൽ ഒടുവിൽ നിർബന്ധത്തിന് വഴങ്ങിയതോടെ, ഞായറാഴ്ച വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയത്തിൽ ലളിതമായ ചടങ്ങിൽ ശിവദാസനും സബിതയും വിവാഹിതരായി.

വീൽചെയറിലിരുന്നാണ് ശിവദാസൻ സബിതയുടെ കഴുത്തിൽ താലി ചാർത്തിയത്. വരനെ വീൽചെയറിലിരുത്തി വധു വിവാഹ മണ്ഡപത്തിന് വലം വെച്ചു.

കൂലിപ്പണിക്കാരനായ അച്ഛന്റെയും മൂത്ത ചേട്ടന്റെ മകന്റെയും വരുമാനത്തിലാണ് ഇപ്പോൾ ജീവിതം കഴിക്കുന്നത്. ഒരുദിവസം താൻ സ്വന്തം പൂർണാരോഗ്യം കൈവരിക്കുമെന്നും പണി പൂർത്തിയാക്കിയ വീട്ടിൽ താമസിക്കാൻ കഴിയുമെന്നും ശിവദാസൻ സ്വപ്‌നം കാണുന്നു.

ആ സ്വപ്‌നത്തിൽ കൂട്ടായി, കരുത്തായി, സബിതയുടെ മുഴങ്ങുന്ന വാക്കുകൾ ഉണ്ട്: എനിക്ക് ഇഷ്ടമാണ് ശിവദാസനെ.