തിരുവനന്തപുരം: സംസ്ഥാനത്ത് എക്‌സൈസ് പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവിൽ വൻ വർധന. രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി. 2021ൽ 3,922 കേസുകളാണു രജിസ്റ്റർ ചെയ്തതെങ്കിൽ, ഈ വർഷം ഡിസംബർ 26 വരെ 6,038 കേസ് രജിസ്റ്റർ ചെയ്തു. എൻഡിപിഎസ് കേസുകളിൽ കഴിഞ്ഞ വർഷം 3,916 പേരെയാണ് അറസ്റ്റു ചെയ്ത്. ഈ വർഷം ഡിസംബർ 26 വരെ അറസ്റ്റിലായത് 5,961 പേർ.

ഈ വർഷം പിടിച്ചെടുത്ത ബ്രൗൺ ഷുഗർ, എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപുകൾ എന്നിവയിൽ വലിയൊരളവും കണ്ടെടുത്തത് ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 2021ൽ പിടിച്ചത് 5,632 കിലോ കഞ്ചാവാണ്. ഈ വർഷം ഡിസംബർ വരെ 3,597 കിലോ കഞ്ചാവ് പിടികൂടി.

നശിപ്പിച്ച കഞ്ചാവ് ചെടികളുടെ എണ്ണം കൂടി. കഴിഞ്ഞ വർഷം നശിപ്പിച്ചത് 760 കഞ്ചാവ് ചെടികളാണെങ്കിൽ, ഈ വർഷമത് 1,896 ചെടികളായി. പിടിച്ചെടുത്ത ഹഷീഷ് ഓയിലിന്റെ അളവ് കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം പിടികൂടിയത് 16,062 ഗ്രാം ഹഷീഷ് ഓയിൽ; ഈ വർഷം 37,449 ഗ്രാം. കഴിഞ്ഞ വർഷം 18 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തപ്പോൾ ഈ വർഷം 438 ഗ്രാം പിടികൂടി.

കഴിഞ്ഞ വർഷം 103 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ച സ്ഥാനത്ത് ഈ വർഷം പിടിച്ചത് 127 ഗ്രാമാണ്. കഴിഞ്ഞ വർഷം 6130 ഗ്രാം എംഡിഎംഎ പിടികൂടിയപ്പോൾ, ഈ വർഷം പിടികൂടിയത് 7570 ഗ്രാം. 3.6 ഗ്രാം എൽഎസ്ഡിയുടെ സ്ഥാനത്ത് ഈ വർഷം പിടികൂടിയത് 42 ഗ്രാം. കഴിഞ്ഞ വർഷം പിടികൂടിയത് 172 ഗ്രാം ചരസ്. ഈ വർഷം പിടികൂടിയത് 255 ഗ്രാം.

ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മൂന്നു മാസത്തെ കണക്കെടുത്താലും വലിയ വർധനയാണുള്ളത്. ഈ കാലയളവിൽ പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ അളവ് ഇങ്ങനെ: ബ്രൗൺ ഷുഗർ - 80.66 ഗ്രാം, എംഡിഎംഎ - 2493 ഗ്രാം, എൽഎസ്ഡി സ്റ്റാംപ് 19.36 ഗ്രാം.

അതേസമയം പുതുവർഷ ആഘോഷങ്ങളിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശന മാർഗരേഖയുമായി പൊലീസ്. പാർട്ടിയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ മുൻകൂട്ടി നൽകണം. ആഘോഷങ്ങൾ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിർദ്ദേശം നൽകും.

ഡിജെ പാർട്ടികൾ നടത്തുന്നവർ മുൻകൂട്ടി പൊലീസിനെ അറിയിക്കണം. പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങൾ കൈമാറണം. ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നവരെ കൂടാതെ പുറമേ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ പ്രത്യേകം അറിയിക്കണം. പാർട്ടി ഹാളിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടങ്ങളിൽ ക്യാമറ സ്ഥാപിക്കണം, ദൃശ്യങ്ങൾ ആവശ്യമെങ്കിൽ പൊലീസിനു കൈമാറുകയും ചെയ്യണം. ആഘോഷങ്ങൾ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്നുമാണ് പ്രധാന നിർദ്ദേശങ്ങൾ.

ഇക്കാര്യങ്ങൾ കാണിച്ച് ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമെല്ലാം നോട്ടിസ് നൽകും. നിയമലംഘനമുണ്ടായാൽ സംഘാടകർക്കെതിരെ കേസെടുക്കും. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തും. പാർട്ടികളിൽ സ്ഥിരമായി ലഹരിയെത്തിക്കുന്നവരുടെ പട്ടിക തയാറാക്കി നിരീക്ഷിക്കാനും ഡിജിപി അനിൽകാന്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.