തിരുവനന്തപുരം: വിവാദ എ ഐ ക്യാമറ വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്യാമറ കരാർ ലഭിക്കുമെന്ന് പ്രസാഡിയോയും ട്രോയ്സും നേരത്തേ അറിഞ്ഞിരുന്നു. 2020ലാണ് കരാർ നൽകിയത്. എന്നാൽ ഇതിന് മുൻപ് തന്നെ ട്രയൽ നടത്തിയിരുന്നതായി രേഖകളിൽ നിന്നും വ്യക്തമാണ്.

എഐ ക്യാമറ പദ്ധതി വിവരങ്ങളെല്ലാം ഉപകരാറെടുത്ത പ്രസാഡിയോ മുൻകൂട്ടി അറിഞ്ഞിരുന്നു. കെൽട്രോൺ എസ്ആർഐടിയുമായി കരാർ ഒപ്പിടും മുൻപ് ഉപകരാർ എടുക്കാൻ പ്രസാഡിയോ തയ്യാറായിരുന്നു. 2020 സെപ്റ്റംബർ 12നാണ് പ്രസാഡിയോ ഉപകരാറിൽ ഒപ്പിടുന്നത്. കരാർ കിട്ടുന്നതിന് മുമ്പ് തന്നെ ട്രോയിസ് കമ്പനി ട്രയൽ തുടങ്ങി. 2018 മുതൽ തന്നെ ട്രോയ്സ് കമ്പനി ക്യാമറ സ്ഥാപിച്ചതിന് തെളിവുകൾ പുറത്തുവന്നു.

പ്രസാഡിയോ മുൻപരിചയം ഇല്ലാത്ത കമ്പിനി. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിന് ബന്ധം ഉണ്ടെന്ന ആരോപണമുള്ള കമ്പനിയാണ് പ്രസാഡിയോ. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാക്കുന്നത്.

അതേസമയം കേട്ടുകേൾവിയില്ലാത്ത തുകയാണ് ക്യാമറകൾക്ക് നൽകിയതെന്നും ഇതിന്റെ നാലിലൊന്നു വിലയ്ക്ക് കൂടുതൽ മെച്ചപ്പെട്ട ക്യാമറ വിപണിയിൽ ലഭ്യമാണെന്നും പദ്ധതിയുടെ കരാറുകളും ഉപ കരാറുകളും അവയിൽ പങ്കെടുത്ത കമ്പനികളും എല്ലാം അടിമുടി ദുരൂഹമാണെന്നുമാണ് ദിനംപ്രതി പുറത്തുവരുന്ന വിവരങ്ങൾ. നിർമ്മിതബുദ്ധി കാമറക്കു പിന്നിൽ മനുഷ്യനിർമ്മിത അരുതായ്മകൾ നടന്നിട്ടുണ്ടെന്ന് ഓരോ ദിവസവും പുറത്തുവരുന്ന രേഖകളും തെളിവുകളും സാക്ഷ്യപ്പെടുത്തുന്നു.

ക്യാമറകൾ സ്ഥാപിച്ചതിൽ മാത്രമല്ല, നടത്തിപ്പിലും ചില പ്രശ്‌നങ്ങളുയരുന്നുണ്ട്. നിയമലംഘനങ്ങളുടെ പേരിൽ ജനങ്ങളിൽനിന്ന് ഈടാക്കുന്ന പിഴ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് നിയമപരമായി തെറ്റാണെന്നു നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു. കെൽട്രോണിനും ഉപ കരാർ നേടിയ കമ്പനിക്കും പിഴത്തുകയിൽനിന്ന് നിശ്ചിത ശതമാനം വീതംവെച്ച് നൽകുന്ന രീതിയിലാണ് ക്രമീകരണം എന്നാണ് പുറത്തുവരുന്ന വിവരം.

ട്രാഫിക് നിയമലംഘനം ഏതു മാർഗത്തിൽ കണ്ടെത്തിയാലും പിഴ ഈടാക്കി ഖജനാവിലേക്ക് ഒടുക്കാനുള്ള അധികാരം പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മാത്രമാണ് എന്നിരിക്കെയാണ് ഇത്തരം പുതിയ പരിഷ്‌കരണം. എ.ഐ കാമറ സ്ഥാപിച്ച ഏജൻസികൾതന്നെ മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമിൽ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്യുന്നതും പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. കോടതിയോടും ജനങ്ങളോടും ഇതിന് ഉത്തരം പറയാനുള്ള ബാധ്യത സർക്കാറിനാകും.

കാമറ സ്ഥാപിക്കാനായി കെൽട്രോണിന് നൽകിയ കരാർ, ഉപ കരാർ, കൺസൽട്ടൻസി തുടങ്ങിയവയൊന്നും സുതാര്യമല്ലെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. തുടക്കത്തിൽ ഗതാഗത മന്ത്രി ഞാനൊന്നുമറിഞ്ഞില്ല എന്നമട്ടിലും തുടർന്ന് വ്യവസായ മന്ത്രി കുറെ ന്യായീകരണങ്ങൾ നിരത്തിയും രംഗത്തുവന്നിരുന്നു. മുൻകൂർജാമ്യമെന്നോണം വ്യവസായ സെക്രട്ടറിയെക്കൊണ്ടുള്ള അന്വേഷണപ്രഖ്യാപനവും ഉണ്ടായി. പിന്നീട് ഭരണകേന്ദ്രങ്ങളിൽ മൗനമാണ്. ആരോപണങ്ങൾ മുഖ്യമന്ത്രിയെയും ബന്ധുക്കളെയും വരെ ഉന്നംവെച്ചിട്ടും മൗനംതുടരുകയാണ്.

എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതോടെ പദ്ധതി നടത്തിപ്പുകാരായ കെൽട്രോൺ വെട്ടിലായിരുന്നു.

പിഴ ചുമത്താതെ നോട്ടീസ് പ്രിന്റെടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്ന് കെൽട്രോൺ നിലപാട് സ്വീകരിച്ചു. എന്നാൽ കരാർ പ്രകാരം ഇതെല്ലാം കെൽട്രോൺ തന്നെ ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് നിലപാടെടുത്തു. ഇതോടെ തമ്മിൽ തർക്കമായി. ധാരണാ പത്രം ഒപ്പിടാനുമായില്ല.

726 എഐ ക്യാമറകളാണ് സംസ്ഥാനമാകെ സ്ഥാപിച്ചത്. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്ക് പിഴയിൽ നിന്നും ഇളവുണ്ട്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപയാണിത്. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നി നിയമലംഘനങ്ങളാണ് എഐ ക്യാമറകൾ പിടികൂടുക.