കാഞ്ഞിരപ്പള്ളി: ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിലുള്ളവർ ആശങ്കപ്പെടേണ്ടെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ. ബഫർ സോൺ വിഷയത്തിൽ നടക്കുന്ന സമരത്തെ പിന്തുണക്കുന്നു തരത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് മന്ത്രി പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന സമരങ്ങൾ ബഫർ സോണുമായി ബന്ധപ്പെട്ട കേസിൽ കേരള സർക്കാരിന്റെ വാദം ശരിയാണെന്ന് കേന്ദ്രസർക്കാരിനെ ധരിപ്പിക്കുന്ന തരത്തിലാണെന്നാണ് താൻ മനസ്സിലാക്കുന്നത്.

ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിലേത് വ്യത്യസ്തമായ കാര്യമാണ്. അത് ബഫർ സോണുമായി ബന്ധപ്പെട്ടുതള്ളതല്ല. ഇപ്പോൾ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജനവാസ മേഖല വനഭൂമിയായത് തിരുത്തും. അത് പരിഹരിക്കുന്നതിനു നാഷണൽ വൈൽഡ് ലൈഫ് ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏയ്ഞ്ചൽവാലിയിൽ സമരം നടത്തിയവർക്കെതിരെ കേസെടുത്തിരിക്കുന്നതു പിൻവലിക്കുമോയെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സമരം നടത്തുന്നവർക്കെതിരെ കേസെടുക്കുന്നത് സ്വഭാവികമാണെന്ന് മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ മുതലെടുക്കാൻ ആരെയും അനുവദിക്കില്ലായെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നാളെ ഏയ്ഞ്ചൽവാലി മേഖലയിൽ സന്ദർശനം നടത്താനിരിക്കെയാണ് മന്ത്രിയുടെ ബിഷപ്പുമായുള്ള കൂടിക്കാഴ്‌ച്ച. കഴിഞ്ഞ ദിവസം ഇൻഫാമിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് നടന്ന പ്രതിഷേധ സമരത്തിൽ സർക്കാരിനെ കാഞ്ഞിരപ്പള്ളി ബിഷപ്പ് രൂക്ഷമായി വിമർശിച്ചിരുന്നു. ബിഷപ്പ് ഹൗസിലെത്തിയ മന്ത്രി ഒരു മണിക്കൂർ നേരം സംസാരിച്ചു.

ഇൻഫാമിന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് നേരെയല്ലായെന്നും സർക്കാരിന്റെ വാക്കുകൾ വിശ്വസിക്കുന്നതായും അക്രമസ ക്തമാക്കാതെ സമാധാനപരമായി ഇൻഫാമിന്റെ സമരം തുടരുമെന്നും ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. കർഷകരുടെ ആശങ്കകൾ മന്ത്രിയെ മനസിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇൻഫം കാർഷിക ജില്ല ഡയറക്ടർ ഫാദർ തോമസ് മാത്യു മാറ്റമുണ്ട, പ്രസിഡന്റ് എബ്രഹാം മാത്യു, നെൽവിൻ ജോയ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.