- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കാദമിക് മികവ് പുലർത്തുന്നവരെക്കാൾ ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് ലഭിക്കുന്നുണ്ടെന്ന പരാതി ഗൗരവത്തോടെ കണ്ടു; പ്ലസ് വൺ പ്രവേശനത്തിൽ കൂടുതൽ ഇൻഡക്‌സ് ലഭിക്കാൻ കാരണമാകുന്നുവെന്ന വിലയിരുത്തലും നിർണ്ണായകമായി; ഇനി ഗ്രേസ് മാർക്കിൽ എ പ്ലസില്ല; ശിവൻകുട്ടിയുടേത് നിർണ്ണായക ഇടപെടൽ
തിരുവനന്തപുരം: ഇനി എ പ്ലസ് കിട്ടണമെങ്കിൽ പഠിച്ചേ മതിയാകൂ. കേരളത്തിലെ സ്‌കൂൾ പഠന നിലവാരം ഉയർത്താൻ പുതിയ തീരുമാനം എടുക്കുകയാണ് സർക്കാർ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഈ തീരുമാനം ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഇനി ഗ്രേസ് മാർക്കിന്റെ സഹായത്തോടെ എപ്ലസ് ഗ്രേഡ് (90% മാർക്ക്) കിട്ടില്ല. പരീക്ഷയിൽ 90 ശതമാനമോ അതിലേറെയോ മാർക്ക് ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കില്ലെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
പരമാവധി ഗ്രേസ് മാർക്ക് 30 ആക്കി. കുറഞ്ഞതു 3 മാർക്ക്. സ്‌കൂൾ മേളകളിലെ വിജയമടക്കമുള്ള പാഠ്യേതര മികവിനും വിവിധ സേവനങ്ങൾക്കുമുള്ള ഗ്രേസ് മാർക്ക് 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പുനഃസ്ഥാപിക്കുന്നത്. സ്‌കൂളുകൾ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് ഇതു മുടങ്ങിപ്പോയിരുന്നു. ഗ്രേസ് മാർക്കും പൊതുവിൽ സ്വാഗതം ചെയ്യപ്പെട്ടതാണ്. ഇതോടെ സ്‌കൂളിൽ കുട്ടികൾക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടി വരും.
അക്കാദമിക് മികവിന് പുറമേ, കലാ- കായിക രംഗത്ത് ശോഭിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്കുകൾ നൽകുന്നത്. എസ്എസ്എൽസി, പ്ലസ് ടു മേഖലയിൽ അക്കാദമിക് മികവ് പുലർത്തുന്നവരെക്കാൾ ഉയർന്ന മാർക്ക്, ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെന്നും, ഇത് പ്ലസ് വൺ പ്രവേശനത്തിൽ കൂടുതൽ ഇൻഡക്‌സ് ലഭിക്കാൻ കാരണമാകുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നതോടെയാണ് ഗ്രേസ് മാർക്കിന് പരിധി നിശ്ചയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
സ്‌കൂൾ കലോത്സവം, ശാസ്ത്രമേള, ഐടി മേള, സി.വി രാമൻ ഉപന്യാസ മത്സരം, ടാലന്റ് സെർച്ച് പരീക്ഷ, സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം തുടങ്ങിയവയിൽ സംസ്ഥാനതല മത്സരങ്ങളിൽ ലഭിക്കുന്നവർക്ക് 20 മാർക്കാണ് ലഭിക്കുക. ബി ഗ്രേഡ്കാർക്ക് 15 മാർക്കും, സി ഗ്രേഡ്കാർക്ക് 10 മാർക്കും ലഭിക്കും. അന്തർദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 30 മാർക്കും, ദേശീയ തലത്തിൽ മെഡൽ നേടുന്നവർക്ക് 25 മാർക്കും, സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന കായികതാരങ്ങൾക്ക് 20 മാർക്കും ലഭിക്കുന്നതാണ്. രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും നേടുന്നവർക്ക് യഥാക്രമം 17 മാർക്ക്, 14 മാർക്ക് എന്നിങ്ങനെയാണ് ലഭിക്കുക.
ജൂനിയർ റെഡ് ക്രോസിന് 10 മാർക്കും, രാജ്യപുരസ്‌കാർ നേടുന്നവർക്ക് 20 മാർക്കും, രാഷ്ട്രപതിയുടെ അവാർഡ് നേടുന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന് 18 മാർക്കും, സ്റ്റുഡൻസ് പൊലീസ് കേഡറ്റിന് 20 മാർക്കും, എൻസിസി കോർപ്പൽ റാങ്കിന് മുകളിലുള്ളവർ, എൻസിസി സൈനിക ക്യാമ്പിൽ പങ്കെടുത്തവർ, എൻസിസി റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്തവർ എന്നിവർക്ക് 25 മാർക്കും ലഭിക്കുന്നതാണ്. എൻഎസ്എസ് ദേശീയ ക്യാമ്പിൽ പങ്കെടുത്തവർക്ക് 25 മാർക്കും, എൻഎസ്എസ് വളണ്ടിയേഴ്‌സിന് 20 മാർക്കും ലഭിക്കും. മറ്റ് ഗ്രേസ് മാർക്ക് ഇനങ്ങളുടെ പട്ടികയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
എസ്എസ്എൽസി പരീക്ഷാഫലം മെയ് 20നും പ്ലസ്ടു ഫലം 25ന് അകവും പ്രസിദ്ധീകരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കുന്നതു സംബന്ധിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണനയിലാണെന്നും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ