ബെംഗളൂരു: അബ്ദുൾ നാസർ മദനിയോട് ബംഗലുരു പൊലീസിന്റെ ക്രൂരത തുടരുന്നു. സുപ്രീംകോടതി കേരളത്തിൽ പോകാൻ മദനിക്ക് ജാമ്യ ഇളവ് നൽകിയെങ്കിലും കർണാടക പൊലീസ് നിലപാട് കടുപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലേക്ക് പോകുന്നതിനു സുരക്ഷ ഒരുക്കാൻ 60 ലക്ഷം രൂപ കെട്ടിവയ്ക്കാൻ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയോടു ബെംഗളൂരു പൊലീസ് നിർദേശിച്ചതോടെ യാത്ര അവതാളത്തിലായിരിക്കയാണ്.

20 അംഗ സുരക്ഷാ സംഘമാണു മഅദനിക്ക് ഒപ്പമുണ്ടാകുക. ഇവരുടെ താമസം, ഭക്ഷണം എന്നിവയുടെ ചെലവ് വഹിക്കണം. അതേസമയം, തുക ഭാരിച്ചതായതിനാൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ അഭിഭാഷകരുമായി ആലോചിക്കുകയാണെന്നു പിഡിപി ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. ബെംഗളൂരു സ്‌ഫോടന കേസിൽ ജാമ്യത്തിലുള്ള മഅദനിക്കു ചികിത്സയ്ക്ക് ഉൾപ്പെടെ ജൂലൈ 8 വരെ കേരളത്തിൽ തങ്ങാനാണ് സുപ്രീം കോടതി അനുവാദം നൽകിയത്. തുടർന്ന്, സുരക്ഷ ആവശ്യപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു. ബെംഗളൂരു പൊലീസ് സംഘം മഅദനി തങ്ങാനിടയുള്ള കരുനാഗപ്പള്ളി അൻവാർശേരിയിലും കൊച്ചി കലൂരിലെ വീട്ടിലും എത്തി സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയുമുണ്ടായി.

2017 ഓഗസ്റ്റിൽ മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅദനി കേരളത്തിലേക്കു പോയപ്പോൾ ജിഎസ്ടി ഉൾപ്പെടെ 14.80 ലക്ഷം രൂപ കെട്ടിവയ്ക്കാൻ പൊലീസ് നിർദേശിച്ചിരുന്നു. സുപ്രീം കോടതി ഇതു പിന്നീടു 1.18 ലക്ഷം ആയി കുറച്ചു.

കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മഅദനി കേരളത്തിലേക്കു പോകേണ്ടതെന്നു സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സുരക്ഷയ്ക്കുള്ള ചെലവു മഅദനി തന്നെ വഹിക്കണം. കർണാടകയിൽ തന്നെ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവു തേടിയുള്ള മഅദനിയുടെ ഹർജിയിൽ ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം.ത്രിവേദി എന്നിവരുടേതാണ് ഉത്തരവ്. സ്ഥിരം ഇളവിനുള്ള അപേക്ഷ ജൂലൈ 10നു പരിഗണിക്കും.

ഓർമക്കുറവും കാഴ്ചപ്രശ്‌നങ്ങളുമുണ്ടെന്നും കേരളത്തിൽ ചികിത്സ നടത്താൻ അനുവദിക്കണമെന്നുമാണ് മഅദനി ആവശ്യപ്പെട്ടത്. പിതാവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ചികിത്സാർഥം ജാമ്യം ലഭിച്ച 2014 മുതൽ ബെംഗളൂരുവിലെ ഫ്‌ളാറ്റിലാണു മഅദനി താമസിക്കുന്നത്.

വൃക്കരോഗ ചികിത്സയ്ക്കായി എറണാകുളത്തെ വീട്, പിതാവ് അബ്ദു സമദ് താമസിക്കുന്ന കരുനാഗപ്പള്ളി അൻവാർശേരിയിലെ തോട്ടുവാൽ മൻസിൽ എന്നിവിടങ്ങളിലാണു മഅദനി തങ്ങുക. സ്‌ഫോടനക്കേസിൽ 31-ാം പ്രതിയായ മഅദനിക്ക് കടുത്ത പ്രമേഹത്തെ തുടർന്ന് 2014 ജൂലൈ 14നാണു സുപ്രീം കോടതി സോപാധിക ജാമ്യം അനുവദിച്ചത്. 2010 ഓഗസ്റ്റ് 17ന് അൻവാർശേരിയിൽനിന്നാണ് അറസ്റ്റിലായത്.