കോട്ടയം: നമ്മുടെ ആരോഗ്യ രംഗം എപ്പോഴും ഒന്നാം നമ്പറാണെന്നാണ് മലയാളികൾ അവകാശപ്പെടാറ്. എന്നാൽ, പത്തനംതിട്ടയിൽ അഭിരാമി എന്ന 12 വയസുകാരി മരണപ്പെടുമ്പോൾ ഈ സംവിധാനങ്ങളെല്ലാം അമ്പേ പരാജയപ്പെടുകയാണ്. അഭിരാമിയുടെ ജീവൻ കവർന്നത് കേരളം കൊട്ടിദ്‌ഘോഷിക്കുന്ന ആരോഗ്യ രംഗത്തെ പാളിച്ചകൾ തന്നെയാണ്. വകുപ്പു മന്ത്രിയെന്ന നിലയിൽ ഈ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ വീണ ജോർജ്ജും സാധിക്കില്ല.

അഭിരാമിയുടെ നില ഗുരുതരമാക്കിയതു മുഖത്തേറ്റ കടിയാണ്. കൃത്യമായ സമയത്ത് കുത്തിവെപ്പ് നൽകാൻ സാധിക്കാതെ പോയതും പെൺകുട്ടിയുടെ ജീവനെടുത്തു. മുഖത്തെ മുറിവിൽനിന്നു വൈറസ് തലച്ചോറിലെത്താൻ വളരെ കുറച്ചു സമയം മതിയെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഞരമ്പുകളുടെ അറ്റങ്ങൾ (നെർവ് എൻഡിങ്) കൂടുതലുള്ള ഭാഗമാണ് മുഖം. ഇവിടെ കടിയേൽക്കുമ്പോൾ നായയുടെ ഉമിനീരിലുള്ള വൈറസ് വളരെ വേഗം ഞരമ്പിലേക്കു പ്രവേശിക്കും. മുഖത്തെ മുറിവിൽനിന്നു വൈറസ് തലച്ചോറിലെത്താൻ പരമാവധി 4 മണിക്കൂർ മതി.

5 മിനിറ്റിനകം കടിയേറ്റ ഭാഗത്തു സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി പരമാവധി വൈറസുകളെ ഇല്ലാതാക്കണമെന്നു വിദഗ്ദ്ധർ പറയുന്നു. മുഖത്തെ മുറിവിൽനിന്നു പേവിഷബാധ തലച്ചോറിലേക്കു വ്യാപിച്ചിട്ടുണ്ടാകാമെന്നു കോട്ടയത്തു കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരും അറിയിച്ചിരുന്നു. മുഖത്താണു കടിയേൽക്കുന്നതെങ്കിൽ വൈറസിനെ നേരിട്ടു നശിപ്പിക്കുന്ന ആന്റിബോഡി ഇമ്യൂണോഗ്ലോബുലിൻ വളരെ വേഗം കുത്തിവയ്ക്കണം. എന്നാൽ, കടിയേറ്റ് 4 മണിക്കൂറോളം വൈകി 10.55നാണു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കുട്ടിക്ക് ഇമ്യൂണോഗ്ലോബുലിൻ കുത്തിവച്ചത്. ആദ്യം എത്തിയ പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ അടക്കം ഡോക്ടർമാർ ഇല്ലാത്തതിനാൽ പെൺകുട്ടിക്ക് തിരിച്ചു പോകേണ്ടി വന്നിരുന്നു.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിലെ ഓക്‌സിജന്റെ അളവ് ഉയർത്താനുമുള്ള ചികിത്സകളാണു കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ നടത്തിയത്. രണ്ടാം തീയതി വൈകിട്ടാണ് കുഞ്ഞിനെ ഇവിടെ എത്തിച്ചത്. അസ്വാഭാവിക പെരുമാറ്റം എന്നതായിരുന്നു ആരോഗ്യപ്രശ്‌നം. മുഖത്തും ദേഹത്തും പട്ടി കടിച്ച പാടുകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ വിലയിരുത്തിയ ശേഷം അപ്പോൾ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചികിത്സ ആരംഭിക്കുകയും ചെയ്‌തെന്ന് സൂപ്രണ്ട് ഡോ.കെ.പി. ജയപ്രകാശ് പറഞ്ഞു.

മൂന്നാം തീയതി രാവിലെ രാവിലെ കുട്ടിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയാൻ തുടങ്ങി. ഒപ്പം രക്ത സമ്മർദവും ഹൃദയമിടിപ്പും വ്യത്യാസപ്പെട്ടു. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്കു മാറ്റി. ചികിത്സ തുടരവേ തലച്ചോറിന്റെ പ്രവർത്തനം കുറയുന്നതായും തലച്ചോറിൽ വൈറസ് ബാധിച്ചെന്നും കണ്ടെത്തി. ഏതു വൈറസ് ആണെന്ന് സ്ഥിരീകരിച്ചില്ലെങ്കിലും പരിശോധനാ ഫലം വരുന്നതു കാത്തുനിൽക്കാതെ ചികിത്സകൾ തുടർന്നു. ഇതിനിടെ സ്രവങ്ങൾ പുണെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

ആദ്യം ശിശുരോഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടർമാരാണ് പരിശോധിച്ചത്. തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം, സാംക്രമിക രോഗം, കമ്യൂണിറ്റി മെഡിസിൻ, ന്യൂറോ മെഡിസിൻ, അനസ്തീസിയ, മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘം പലതവണ കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി ചികിത്സ നൽകി. ഡോ.ജയപ്രകാശ് കൺവീനറും ഡോ.ജേക്കബ് ജോർജ്, ഡോ.സൈറോ ഫിലിപ്പ്, ഡോ.നെറ്റോ, ഡോ.ടി.ആർ രാധ എന്നിവർ അംഗങ്ങളുമായി അഞ്ചംഗ ബോർഡാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്.

ഇന്നലെ രാവിലെ കുട്ടിയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമായി. ഉച്ചയോടെ മരണത്തിനു കീഴടങ്ങി. ഇതിനു പിന്നാലെ തന്നെ പുണെ വൈറോളജി ലാബോറട്ടറിയിലേക്ക് അയച്ച കുട്ടിയുടെ സ്രവ സാംപിളിന്റെ പരിശോധനാ ഫലം എത്തി: പേ വിഷബാധ സ്ഥിരീകരിച്ചു. അതേസമയം അഭിരാമിയുടെ പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്ന കുടുംബാംഗങ്ങളുടെ അഭ്യർത്ഥന അംഗീകരിച്ചതായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.പി.ജയപ്രകാശ് പറഞ്ഞു.

അഭിരാമിയെ കടിച്ച തെരുവുനായ, അന്നുതന്നെ 2 പശുക്കിടാങ്ങളെയും കടിച്ചിരുന്നു. രണ്ടും പിന്നീടു ചത്തിരുന്നു.

വേഗത്തിൽ സഞ്ചരിക്കുന്ന വൈറസ്

അഭിരാമിക്ക് വിഷബാധ ഉണ്ടാകാൻ കാരണം ഈ സമയം വൈകൽ തന്നെയാണെന്നാണ് വിദഗ്ദ്ധർ രഹസ്യമായി സമ്മതിക്കുന്നത്. പത്തനംതിട്ടയിൽ പേപ്പട്ടിയുടെ കടിയേറ്റ കുട്ടിയെ, വാഹന സൗകര്യം കുറവുള്ള സ്ഥലം ആയതിനാൽ ബൈക്കിൽ ആറു കിലോമീറ്റർ ദൂരെയുള്ള ഫാമിലി ഹെൽത്ത് സെന്റിലാണ് ആണ് ആദ്യം എത്തിക്കുന്നത്. അപ്പോൾ അവിടെ ഡോക്ടർ ഇല്ല. ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉണ്ടാകണമെന്നാണ് ചട്ടം. പക്ഷേ രാവിലെ 7.30നും ഇവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ പൊലീസ് ഏർപ്പെടുത്തിയ ഓട്ടോ റിക്ഷയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ചാണ് വാക്സിൻ നൽകപ്പെട്ടത്. ഈ സമയദൈർഘ്യമാണ് സത്യത്തിൽ വിനയായത്. എന്നാൽ ഇത് ചർച്ചചെയ്യാതെ നമ്മുടെ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും വാക്സിന്റെ ഗുണനിലവാരം ആണ് ചർച്ചചെയ്യുന്നത്.

കുട്ടിക്ക് മുഖത്താണ് കടിയേറ്റത്. പുരികത്തും, കണ്ണിന് താഴെയുമൊക്കെയുള്ള കടി വളരെ അപകടകരം ആണ്. മുഖം, തല, കൈ, കാൽവെള്ള, ജനനേന്ദ്രിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കടിയേറ്റാൽ വളരെ വളരെ അപകടം ആണ്. കൈവെള്ളയിൽ ആണ് കടിയെങ്കിൽ വൈറസ് തലച്ചോറിൽ എത്താൻ ഒരു ദിവസവും, കാൽ വെള്ളയിൽ ആണെങ്കിൽ 2-3 ദിവസവും എടുക്കും. നേർവ് എൻഡിങ് ധാരാളം ഉള്ള സ്ഥലങ്ങൾ ആണ് ഇവിടങ്ങൾ ഒക്കെ. മുഖത്താണ് കടിയെങ്കിൽ വൈറസ് തലച്ചോറിൽ എത്താൻ വെറും നാലു മണിക്കൂർ മതി. ഈ നാലു മണിക്കൂറിനും മുമ്പ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകണം. ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന വൈറസ് ആണ് റാബീസ് വൈറസ്. 20എംഎം മുതൽ 400എംഎം വരെയാണ് ഒരു ദിവസം സഞ്ചരിക്കുക. നേർവിലൂടെയാണ് സഞ്ചാരം. പക്ഷേ നാലുമണിക്കൂറിന് ശേഷമാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയതെങ്കിൽ അതിന് ഫലം ഉണ്ടാവില്ല.

പത്തനംതിട്ടയിൽ ഈ രീതിയിൽ കാലതാമസം ഉണ്ടായി എന്നാണ് സംശയം. കൊട്ടിഘോഷിക്കുന്ന കേരളാ മോഡൽ ആരോഗ്യ സംവിധാനത്തിന് ഒരു പാട് ലൂപ്പ് ഹോളുകൾ ഉണ്ടെന്ന് വ്യക്തം. ആർക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാൽ അയാളെ ആംബുലൻസിൽ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി, മിനിട്ടുകൾക്കുള്ളിൽ കുത്തിവെപ്പ് എടുപ്പിക്കയാണ് പോം വഴി. പക്ഷേ പലപ്പോഴും റാബീസ് വാക്സിൻ എടുക്കാൻ പോകുന്നവർക്ക് ആശുപത്രിയിൽ കാത്തുനിൽക്കേണ്ട അവസ്ഥ പോലും ഉണ്ടാവുന്നുണ്ട്.

അതുപോലെ തന്നെ തെരുവ് നായകളുടെ പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. തെരുവ് നായകളെ വന്ധ്യംകരിച്ചില്ല. നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തിയില്ല. തെരുവ് നായകൾക്ക് പേ വിഷബാധക്കെതിരെ പ്രതിരോധ വാക്സിൻ നൽകിയില്ല. നായകൾക്ക് വാക്സിൻ നൽകുന്നില്ലെങ്കിൽ, എല്ലാ മനുഷ്യർക്കും നാലു ഡോസ് വാക്സിൻ നൽകി, പേ വിഷപ്രതിരോധം ഉറപ്പു വരുത്തണം. അതും ചെയ്തില്ല. പലയിടത്തും വാക്സിൻ ഇല്ല.

വാക്സിൻ ഉണ്ടായിട്ടും കൊടുക്കാതിരുന്ന സംഭവം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്. റാബിസ് വാക്സിൻ എടുക്കാൻ വരുന്നവരെ മണിക്കൂറുകൾ കാത്തിരുത്തുന്ന ആശാസ്ത്രീയ നടപടികൾക്ക് അറുതി വരുത്തണം. ഉടനടി വാക്സിൻ നൽകണം. കാലതാമസം ഗുരുതരമായ പ്രശ്നം ആണ്. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ശൈലജ ടീച്ചർ ആരോഗ്യ വകുപ്പ് കൈകര്യം ചെത്ത കാലത്തുനിന്ന് ആരോഗ്യവകുപ്പ് വല്ലാതെ പിറകോട്ട് പോയിട്ടുണ്ട്. നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജിനെ ഫോണിൽ വിളിച്ചാലൊന്നും കിട്ടാറില്ലെന്ന് ആക്ഷേപം ഉണ്ട്.