- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായയുടെ കടിയേറ്റ അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റു തന്നെ; വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ജീവൻ നഷ്ടമായി; ചികിത്സ പിഴവ് ആരോപിച്ച് കുടുംബം; അഭിരാമി മരിച്ച അതേ ദിവസംതന്നെ ബന്ധുവും മരിച്ചു
കോട്ടയം: തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച പന്ത്രണ്ട് വയസ്സുകാരി അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം. പുനെയിലെ വൈറോളജി ലാബിൽ നടത്തിയ സ്രവ സാംപിൾ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പന്ത്രണ്ടു വയസ്സുകാരിയായ അഭിരാമി മരണത്തിനു കീഴടങ്ങിയത്.
പേ വിഷബാധയ്‌ക്കെതിരെ മൂന്നു ഡോസ് വാക്‌സീൻ എടുത്തിട്ടും അഭിരാമി അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഓഗസ്റ്റ് 13-ന് പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാൽ വാങ്ങാൻ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേർന്നഭാഗത്തും കടിച്ചു.
ശരീരത്തിന്റെ വിവിധ ഭാഗത്തു കടിയേറ്റിരുന്നു. ഇതിൽ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അഭിരാമിയുടെ ശരീരത്തിൽ ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണിൽ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. കടിയേറ്റ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ആശുപത്രിയിലും എത്തിച്ചു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്സിനും ഹീമോഗ്ലോബിനും നൽകി. രണ്ടുദിവസത്തെ കിടത്തിച്ചികിൽസയ്ക്കുശേഷം 15-ന് വിട്ടിലേയ്ക്ക് അയച്ചു.
തുടർന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് പ്രതിരോധ കുത്തിവെയ്‌പെടുത്തു. ചികിത്സയും കുത്തിവെയ്പുകളും നടക്കുന്നതിനിടെയാണ് ശാരീരികപ്രശ്നങ്ങൾ ഉണ്ടായത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നടത്തി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിലെ ഹരീഷ് രജനി ദമ്പതികളുടെ മകളാണ് അഭിരാമി.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി. പെരിനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
സമീപത്തെ രണ്ടു വളർത്തുനായ്ക്കളേയും നാല് പശുക്കളേയും അടക്കം ഈ നായ കടിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള കാര്യങ്ങൾ പങ്കുവെച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഗൗരവമായ ഇടപെടലോ മതിയായ ചികിത്സയോ കുഞ്ഞിന് ലഭിച്ചില്ലെന്നാണ് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്.
കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് പോസ്റ്റുമോർട്ടം ഒഴിവാക്കി.പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതേതുടർന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് പോസ്റ്റുമോർട്ടം ഒഴിവാക്കി.
തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. വേണ്ടത്ര ചികിത്സ നൽകാത്തതാണ് അഭിരാമിയുടെ മരണത്തിനു കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
അതിനിടെ അമിരാമിയുടെ കുടുംബത്തിൽ വീണ്ടും ദുരന്തമുണ്ടായി. അഭിരാമിയുടെ അച്ഛന്റെ അമ്മാവൻ സോമൻ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അഭിരാമി ചികിത്സയിലായിരിക്കുമ്പോൾ കുടുംബത്തിന്റെ ആശങ്കകൾ മാധ്യമങ്ങൾക്ക് മുന്നിലെത്തി പങ്കുവെച്ച ആളാണ് കുഴഞ്ഞുവീണു മരിച്ച സോമൻ.
അഭിരാമിയുടെ അച്ഛൻ ഹരീഷിന്റെ അമ്മയുടെ സഹോദരനാണ്. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ധനകാര്യ സ്ഥാപനത്തിലെത്തി മടങ്ങുമ്പോൾ സോമൻ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകീട്ട് അഞ്ചു മണിയോടെ മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ