പത്തനംതിട്ട: പേവിഷബാധയേറ്റ് റാന്നിയിൽ മരിച്ച 12 വയസ്സുകാരി അഭിരാമിയെ കടിച്ചത് വളർത്തുനായയെന്ന് അമ്മ രജനി. ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ കടിച്ചതെന്ന് അമ്മ രജനി പറഞ്ഞു. നായയുടെ കഴുത്തിൽ ബെൽറ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോൾ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അമ്മ രജനി പറഞ്ഞു.

അവിടെ വെച്ച് കുട്ടിയുടെ മുറിവ് കഴുകാൻ നഴ്സ് ആവശ്യപ്പെട്ടു. സോപ്പു വാങ്ങിക്കൊണ്ടുവന്ന് മുറിവ് കഴുകിയത് അച്ഛനാണ്. മുറിവിന്റെ ഗൗരവം ഡോക്ടർ തിരിച്ചറിഞ്ഞില്ലെന്നും അമ്മ കുറ്റപ്പെടുത്തി. നാലു മണിക്കൂറിനകം തങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ഡോക്ടർ പറയുന്നത്. കണ്ണിന് സമീപം ഇത്രയും വലിയ മുറിവുണ്ടായപ്പോൾ ഇൻഫെക്ഷനുണ്ടാകുമെന്ന് കണക്കുകൂട്ടി വേറെ ആശുപത്രിയിലേക്ക് വിടുകയെങ്കിലും ചെയ്യേണ്ടതല്ലേയെന്ന് രജനി ചോദിക്കുന്നു. ണുബാധയേൽക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിൽ അവർ എന്തുകൊണ്ട് റഫർ ചെയ്തില്ലയെന്നും അമ്മ രജനി ചോദിച്ചു.

ആരുടെയോ വീട്ടിൽ വളർത്തിയ നായ പേ വിഷബാധ സംശയിച്ച് ഇറക്കി വിട്ടതായിരിക്കാമെന്ന് രജനി പറഞ്ഞു. അല്ലാതെ ജെർമൻ ഷെപ്പേഡ് നായ തെരുവിൽ അലഞ്ഞുനടക്കാനിടയില്ലല്ലോയെന്നും രജനി ചോദിച്ചു. രണ്ടുദിവസമാണ് കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചത്. ആ സമയത്ത് കണ്ണിന്റെ ഭാഗത്തുള്ള പരിക്കിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിലേക്കോ, മറ്റേതെങ്കിലും വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിലേക്കോ മാറ്റിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തിൽ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പാൽ വാങ്ങാൻ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തിയ നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേർന്നഭാഗത്തും കടിക്കുകയായിരുന്നു. ശരീരത്തിൽ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.

കുട്ടിക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്നും ഏതാനും ദിവസത്തിനകം മുറിവ് ഉണങ്ങുമെന്നും  ഡോക്ടർമാർ പറഞ്ഞു. രണ്ടുദിവസത്തിനുശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് വിട്ടു. പിന്നീട് 18 ദിവസത്തിന് ശേഷം വെള്ളിയാഴ്ചയോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയും, അബോധാവസ്ഥയിലാകുകയും ചെയ്തു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതെന്നും ബന്ധുക്കൾ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പരിശോധിച്ച ഡോക്ടർമാർ വൈറസ് ബാധ തലച്ചോറിനെ ബാധിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും നില ഗുരുതരമാണെന്നും ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു.