കൊച്ചി: രാഷ്ട്രീയം തലയ്ക്കു പിടിച്ച നാളുകളിൽ അതു മനസ്സിലാക്കി കൂടെ നിന്നു എന്നതാണ് ഗീതുവിന്റെ പ്രത്യേകത. പിണക്കങ്ങളും, പരിഭവങ്ങളും , പരാതികളും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം വകഞ്ഞു മാറ്റി വിവാഹം വരെ എത്തിക്കാൻ ഞങ്ങളുടെ സൗഹൃദത്തിന് സാധിച്ചു എന്നത് ദൈവനിയോഗമാണ്-പ്രണയസാഫല്യത്തെ കുറിച്ച് പറയുന്നത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ടാണ്. ലോ കോളേജ് വരാന്തയിൽ കണ്ടുമുട്ടിയ സൗഹൃദം വിവാഹത്തിൽ എത്തി. രണ്ടാം ഘട്ട ജീവിതത്തിലേക്ക് കടക്കുമ്പോൾ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് അബിൻ വർക്കി ഇട്ട പോസ്റ്റ് വൈറലാകുകയാണ്.

രാമമംഗലം ഊരമന കോടിയാട്ട് കെ.വി. വർക്കിയുടെയും അല്ലിയുടെയും മകനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ അബിൻ വർക്കി കോടിയാട്ട്. ഏറ്റുമാനൂർ പണ്ടാരക്കളത്തിൽ തോമസ് പി. ജോസഫിന്റെയും സിൽവിയുടെയും മകളാണ് ഗീതു. കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈബി ഈഡൻ എംപി. എന്നിവരടക്കമുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. വിവാഹ സത്കാരത്തിന് ശശി തരൂർ എംപിയും എത്തി. അങ്ങനെ ആശംസയുമായി എത്തവർക്കും അല്ലാത്തവർക്കും നന്ദി പറയുകയാണ് അബിൻ വർക്കി.

അബിൻ വർക്കിയുടെ പോസ്റ്റ് ചുവടെ

അങ്ങനെ ഞങ്ങൾ വിവാഹിതരായി..

ഒരു പ്രണയസാഫല്യം തന്നെയായിരുന്നു ഈ വിവാഹം. വീട്ടുകാരെ ഇഷ്ടം അറിയിച്ചപ്പോൾ അവർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ലോ കോളജ് വരാന്തയിൽ കണ്ടുമുട്ടി പിന്നീട് ജീവിതത്തിന്റെ ഭാഗമായി തീർന്നവളാണ് ഗീതു. ഒരു പ്രണയത്തിന് വേണ്ട യാതൊരു വിധ സൗന്ദര്യവും ഇല്ലാതിരുന്ന ഒരു പ്രണയബന്ധമായിരുന്നു ഞങ്ങളുടേത്. രാഷ്ട്രീയം തലയ്ക്കു പിടിച്ച നാളുകളിൽ അതു മനസ്സിലാക്കി കൂടെ നിന്നു എന്നതാണ് ഗീതുവിന്റെ പ്രത്യേകത. പിണക്കങ്ങളും, പരിഭവങ്ങളും , പരാതികളും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം വകഞ്ഞു മാറ്റി വിവാഹം വരെ എത്തിക്കാൻ ഞങ്ങളുടെ സൗഹൃദത്തിന് സാധിച്ചു എന്നത് ദൈവനിയോഗമാണ്.

ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കൂടെ നിന്ന എല്ലാവർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു. ക്ഷണിക്കാൻ ഒട്ടേറെ പേരെ വിട്ടുപോയിട്ടുണ്ട് എന്ന പൂർണ ബോധ്യം എനിക്കുണ്ട്. പക്ഷേ അതൊന്നും മനപ്പൂർവ്വം ആയിരുന്നില്ല എന്ന് ഹൃദയത്തിൽ തൊട്ട് പറയുവാൻ ആഗ്രഹിക്കുകയാണ്. വിട്ടുപോയവരുണ്ട് , വിളിച്ചിട്ട് കിട്ടാതിരുന്നവരുണ്ട് , വിളിക്കണം എന്നോർത്തിട്ടും മറന്നുപോയവരുണ്ട് അവരെല്ലാവരോടുമുള്ള മനസ്സിന്റെ അടിത്തട്ടിൽ നിന്നുള്ള ക്ഷമ ചോദിക്കുന്നു.

വിവാഹത്തിന് എത്തിയവരും, എത്താൻ സാധിക്കില്ല എന്ന് അറിയിച്ചവരും , എത്താമായിരുന്നിട്ടും എത്താതിരുന്നവരും അങ്ങനെ മനസ്സു കൊണ്ടും, സാന്നിധ്യം കൊണ്ടും , അസാന്നിധ്യം കൊണ്ടും , പ്രാർത്ഥന കൊണ്ടും ഞങ്ങളെ അനുഗ്രഹിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

അബിൻ
ഗീതു