- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേഡലിന്റെ 'ആസ്ട്രൽ പ്രൊജക്ഷൻ' കണ്ടെത്തി; ആൽത്തറയിൽ ആദ്യ വനിതാ ഗുണ്ടയെ വിലങ്ങണിയിച്ചു; ഇന്ദുവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതുകൊലയെന്നും തെളിയിച്ചു; ആറ്റുകാൽ അമ്മയ്ക്ക് ഭക്തിഗാനമൊരുക്കിയും ശ്രദ്ധേയൻ; ജിൻസണും ശോഭ ജോണിനും പിന്നാലെ കോവളത്തെ ക്രൂരന്മാരും; എസിപി ദിനിൽ സേനയുടെ അഭിമാനമുയർത്തുമ്പോൾ
തിരുവനന്തപുരം: വെറുമൊരു കാണാതൽ കേസായി മാറുമായിരുന്നു ലാത്വിയൻ യുവതിയുടെ കൊലപാതകം. പോത്തൻകോട്ടെ ആശ്രമത്തിൽ നിന്നും ഇറങ്ങിയ വിദേശ വനിത കോവളത്ത് എത്തിയതിന് മാത്രമായിരുന്നു തെളിവ്. തുമ്പൊന്നുമില്ലാത്ത കേസിൽ സിസിടിവി സഹായത്തോടെ പൊലീസ് നടന്നു നീങ്ങി. അങ്ങനെ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു. ആരും എത്താത്ത തുരുത്തിൽ നിന്നും മൃതദേഹം കണ്ടെത്തി. പിന്നീട് കൊലയാളിയേയും. ദൃക്‌സാക്ഷിയില്ലാത്ത കേസിൽ തുമ്പുണ്ടാക്കിയത് അന്വേഷകനായ ജെകെ ദിനിലാണ്. കേരളാ പൊലീസിലെ ഡിവൈഎസ്‌പി. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ ദിനിൽ നടത്തിയ അന്വേഷണമാണ് കേസിൽ പ്രതികൾക്ക് ജീവപര്യന്തം നൽകുന്നത്.
തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയായ ജെ. കെ. ദിനിൽ 2003ൽ സബ് ഇൻസ്പെക്ടർ ആയാണ് സർവീസ്സിൽ പ്രവേശിക്കുന്നത്. മികച്ച ട്രാക്ക് റിക്കോർഡ് ഉള്ള ഉദ്യോഗസ്ഥനാണ് ദിനിൽ. ഫോർട്ട് അസിറ്റന്റ് കമ്മീഷണറായി ജോലി നോക്കവേ ആറ്റുകാൽ ക്ഷേത്രത്തിന്റെ ചുമതല ദിനിലിനായിരുന്നു. ഫോർട്ട് സ്‌റ്റേഷനിലെ ചുമതല ഒഴിയും മുമ്പ് ആറ്റുകാൽ അമ്മയ്ക്ക് അർച്ചനയായി ഭക്തിഗാനവും രചിച്ചു. സുജാതയാണ് ഈ ഗാനം ആലപിച്ചത്. അതിന് ശേഷം തിരുവനന്തപുരം കമ്മീഷണർക്ക് കീഴിലായി ഉത്തരവാദിത്തം. ഇതിനിടെ എകെജി സെന്റർ ആക്രമണ കേസ് അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തേയും നയിച്ചു. നിലവിൽ ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണറാണ് ജെ. ദിനിൽ.
തിരുവനന്തപുരം നന്തൻകോട് ഒരു കുടുംബത്തിലെ നാലുപേരെ കൊലപെടുത്തിയ കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥൻ അന്ന് മ്യൂസിയം സി. ഐ. ആയിരുന്ന ദിനിലായിരുന്നു. ഈ കേസിലെ പ്രതി കേഡൽ ജിൻസൺ രാജ ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ആസ്ട്രൽ പ്രൊജക്ഷൻ കണ്ടെത്തിയത് ദിനിലായിരുന്നു. കോളിളക്കം സൃഷ്ടിച്ച ആൽത്തറ വിനീഷ് കൊല കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതും മ്യൂസിയം സി. ഐ. ആയിരിക്കെ ഇദ്ദേഹമാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ട ശോഭാ ജോൺ പ്രതി ആയ കേസ് ആയിരുന്നു ഇത്. ആദ്യ വനിതാ ഗുണ്ടയ്ക്ക് കൈയാമം വച്ചതും ദിനിലാണ്.
കോഴിക്കോട് എൻ. ഐ. ടി. വിദ്യാർത്ഥിനി ആയിരുന്ന ഇന്ദുവിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ സംഘത്തിൽ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ആയിരിക്കെ ദിനിൽ ഉണ്ടായിരുന്നു. 2016 ലെ പേട്ട വിഷ്ണു കൊലകേസ് പുനർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. നേമം കാരക്കമണ്ഡപത്തുള്ള റെഫീഖിനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി നിർദ്ദേശം അനുസരിച്ചു പുനര്‌ന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും ഇദ്ദേഹം തന്നെ. തുടർന്ന് നേമം കാരക്കമണ്ഡപം കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞു.
സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരിക്കെ ് മാധ്യമ പ്രവർത്തകയുടെ ഫോട്ടോ വ്യാജമായി ഉണ്ടാക്കി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ലൈംഗിക അധിക്ഷേപം ഉണ്ടാക്കിയ കേസിന്റെ അന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്. അടുത്തിടെ മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചു. ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയിരിക്കെ ആണ് 2018 ൽ ലാത്വിയൻ യുവതിയുടെ കൊലപാതക കേസ് അന്വേഷിച്ചത്. ആദ്യം വുമൺ മിസ്സിങ് ആയി അന്വേഷിച്ച കേസ് പിന്നീട് ബലാത്സംഗ കൊലപാതക കേസ് ആയി മാറുകയായിരുന്നു.
ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെയും, സാഹചര്യതെളിവുകളുടെയും പിൻബലത്തിലാണ് പ്രതികളിലേക്കെത്തിയത്. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസ് തെളിയിക്കുക ഏറെ ദുഷ്‌കരമായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന് സത് സേവനരേഖ ലഭിച്ചിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന് ഡി.ജി.പി അനുമോദന പത്രവും നൽകും.
അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.പ്രകാശ് , ഡി.സി.പി ബി.അജിത് ,എ.സി.പി ജെ.കെ. ദിനിൽ എന്നിവരുൾപ്പെടെ 42 പൊലീസ് ഉദ്യോഗസ്ഥർക്കും ഫോറൻസിക് ലാബിലെ എട്ട് സയന്റിഫിക് ഓഫീസർമാർക്കുമാണ് അനുമോദനം നൽകുക.
മറുനാടന്‍ മലയാളി ബ്യൂറോ