കൊച്ചി: പ്രശസ്ത നടൻ ബാലയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആണ് നടൻ ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ബാലയുടെ ആരോഗ്യനില ഗുരുതരമാണെന്ന വിധത്തിൽ വാർത്തകളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. തമിഴ്‌നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആർ ഒ അറിയിച്ചു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയാണ് കൊച്ചിയിൽ എത്തുക. കരൾരോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്ന ബാല അടുത്തിടെ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യൽ മീഡിയയിലും സജീവമാണ്. ബാലയുടെ ഭാര്യ എലിസബത്തുമായും ബാല സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

സാമൂഹ്യ സേവന രംഗത്തും ബാല എന്നും നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നടി മോളി കണ്ണമാലി ഉൾപ്പെടെ നിരവധിപ്പേർക്ക് രോഗചികിത്സയ്ക്കുൾപ്പെടെയുള്ള ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി ബാല നിലകൊണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

അടുത്തിടെ ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാർത്തകൾ വന്നെങ്കിലും അതെല്ലാം കാറ്റിൽപ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടർ ആണ്. അതിനും മുൻപേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു.

ഒരു സിനിമയുടെ ഭാഗമായി കണ്ണിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാല വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യയ്ക്ക് നേരെ ചിലർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ നടൻ പൊലീസിൽ പരാതി നൽകിയിരുന്നു.