- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തുനായയുടെ പേരിലുണ്ടായ തർക്കത്തിന്റെ പ്രതികാരം; ട്രോഫിക്കുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് ഷാർജയിൽ വച്ച് കുരുക്കി; നടി ക്രിസൻ പെരേരയുടെ ജയിൽ മോചനത്തിന് വഴിതുറന്നത് മുംബൈ പൊലീസിന്റെ ജാഗ്രത; മകളെ വീഡിയോ കോളിൽ കണ്ട് തുള്ളിച്ചാടി അമ്മ; കണ്ണുകൾ നിറഞ്ഞ് നടിയും
മുംബൈ: ട്രോഫിക്കുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചതിന് ഷാർജ വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ ജയിൽമോചിതയായ ബോളിവുഡ് നടി ക്രിസൻ പെരേര ഉടൻ ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് ബന്ധുക്കൾ. നാട്ടിലുള്ള കുടുംബവുമായി ക്രിസൻ പെരേര വിഡിയോ കോളിൽ സംസാരിച്ചു. ഇന്നലെയാണ് ക്രിസൻ ഷാർജ സെൻട്രൽ ജയിലിൽനിന്നു മോചിതയായത്. ഇരുപത്തേഴുകാരിയായ നടി ജയിൽമോചനത്തിനു പിന്നാലെ അമ്മയുമായി നടത്തിയ വിഡിയോ കോളിന്റെയും മകളെ കണ്ട് അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുന്നതിന്റെയും വിഡിയോ സഹോദരൻ കെവിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
''ക്രിസാൻ ജയിൽമോചിതയായി! 48 മണിക്കൂറിനുള്ളിൽ അവൾ ഇന്ത്യയിലെത്തും'' വിഡിയോയ്‌ക്കൊപ്പം കെവിൻ ഇങ്ങനെയെഴുതി. അമ്മയും മറ്റു കുടുംബാംഗങ്ങളുമായി വിഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ നടിയുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞുതുളുമ്പി. അതേ സമയം 48 മണിക്കൂറിനുള്ളിൽ ക്രിസനിനെ ഇന്ത്യയിൽ എത്തിക്കുമെന്ന് മുംബൈ ജോയിന്റ് കമ്മിഷണർ ഓഫ് പൊലീസ് (ക്രൈം) ലഖ്മി ഗൗതം ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി.
ലഹരിമരുന്നുകളുമായി പിടിയിലായ സംഭവം കേസിൽ നടിയെ കുടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് തെളിഞ്ഞതോടെയാണ് ഷാർജ പൊലീസ് വിട്ടയച്ചത്. ക്രിസൻ പെരേരയെ മയക്കുമരുന്നുമായി ഷാർജയിൽ കുടുക്കിയതിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേരെ നേരത്തെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൈയിലുണ്ടായിരുന്ന ട്രോഫിക്കുള്ളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടർന്നാണ് ഏപ്രിൽ ഒന്ന് മുതൽ ക്രിസൻ പെരേര ഷാർജയിൽ ജയിലിലായത്. മുംബൈയിലെ ബോറിവ്‌ലി പ്രദേശത്ത് താമസിക്കുന്ന ആന്റണി പോൾ ആണ് നടിയെ കുടുക്കിയതിന് പിന്നിലെ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ. ട്രോഫിയിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി നടിയെ ഷാർജയിലേക്ക് അയച്ചതിന് ഇയാളുടെ കൂട്ടാളിയായ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലക്കാരനായ രവി എന്ന രാജേഷ് ബഭോട്ടെയെയും ക്രൈംബ്രാഞ്ച് പിടികൂടിയിട്ടുണ്ട്.
മുംബൈയിലെ ബോറിവ്‌ലി, മലാഡ് എന്നീ പ്രദേശങ്ങളിൽ ആന്റണി പോൾ ബേക്കറി നടത്തിയിരുന്നു. ക്രിസിന്റെ അമ്മ പ്രമീള താമസിക്കുന്ന അതേ കെട്ടിടത്തിലാണ് പോളിന്റെ ഒരു സഹോദരിയും താമസിച്ചിരുന്നത്. 2020-ൽ കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആന്റണി പോൾ സഹോദരിയെ കാണാനായി അവരുടെ വീട്ടിലെത്തി.
ഈ സമയം പ്രമീളയുടെ വളർത്തുനായ ആന്റണി പോളിന് നേരെ കുരച്ചു ചാടി. സ്വയം രക്ഷയ്‌ക്കെന്നോണം ആന്റണി പോൾ കസേരയുടെത്ത് നായയെ അടിക്കാനൊരുങ്ങി. ഇത് കണ്ട പ്രമീള ക്ഷുഭിതയാകുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റു ആളുകൾക്ക് മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്തു. ഇതിനെ തുടർന്നുണ്ടായ പ്രതികാരമാണ് ക്രിസൻ പെരേരയെ ഷാർജയിൽ ജയിലിലാക്കിയതിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നായ്ക്കുട്ടിയെച്ചൊല്ലിയുള്ള വഴക്കിനെത്തുടർന്ന് പലവട്ടം ക്രിസാനിന്റെ കുടുംബവുമായി ആന്റണി വഴക്കുണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തര വെബ്‌സീരീസിന്റെ ഓഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നൽകുകയായിരുന്നു.
അറസ്റ്റിലായ ക്രിസാനിനെ മോചിപ്പിക്കണമെങ്കിൽ 80 ലക്ഷം രൂപ നൽകണമെന്നും ഇയാൾ പെരേര കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്റെ ചുരുളഴിച്ചതിനു പിന്നാലെ ബന്ധപ്പെട്ട രേഖകൾ മുംബൈ പൊലീസ് ഷാർജ പൊലീസിനു കൈമാറി. ഇതോടെയാണ് ക്രിസാനിന്റെ മോചനത്തിന് വഴിതുറന്നത്.
സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് 27-കാരിയായ ക്രിസൻ പെരേര. ഈ മാസം ആദ്യമാണ് താരത്തെ മയക്കുമരുന്നുമായി ഷാർജയിൽ പിടികൂടിയത്. തുടർന്ന് ക്രിസൻ പെരേരയുടെ കുടുംബം കള്ള കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് മുംബൈ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നടിയുടെ അമ്മ പ്രമീള പെരേരയോട് പ്രതികാരം ചെയ്യുന്നതിനായി ആന്റണി പോൾ നടത്തിയ ഗൂഢ പദ്ധതിയാണ് ക്രിസൻ പെരേരയെ കുടുക്കിയതിന് പിന്നിലെന്ന് കണ്ടെത്തി.
ഒരു അന്താരാഷ്ട്ര വെബ് സീരീസിനുവേണ്ടിയുള്ള ഓഡിഷനായി ക്രിസനെ യുഎഇയിലേക്ക് അയയ്ക്കാൻ പോൾ തന്റെ കൂട്ടാളി രവിക്കൊപ്പം പദ്ധതിയിട്ടു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരാൾക്ക് കൈമാറാനാണെന്ന് പറഞ്ഞ് ഒരു ട്രോഫിയും ഇവർ നൽകി.
ക്രിസൻ പെരേരയെ കുടുക്കിയതിന് സമാനമായി മറ്റു നാലുപേരെയും ആന്റണി പോൾ ഷാർജയിൽ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാൾ ഇപ്പോഴും ഷാർജയിൽ തടവിലാണ്. ക്രിസൻ പെരേരയുടെ കേസിൽ നയതന്ത്ര ചാനലുകൾ വഴി അന്വേഷണ റിപ്പോർട്ടുകൾ നൽകിയാണ് മുംബൈ പൊലീസ് മോചിപ്പിച്ചത്.
മാർച്ച് 23-നാണ് മകൾക്ക് മികച്ച റോൾ നൽകാമെന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം ക്രിസന്റെ അമ്മ പ്രമീളയക്ക് ലഭിക്കുന്നത്. രവി എന്ന് പരിചയപ്പെടുത്തിയ ആൾ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയിൽ നിന്നാണെന്നാണ് പ്രമീള സന്ദേശം ലഭിച്ച നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അറിയിച്ചത്. ഷാർജയിൽ നടക്കുന്ന ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഷാർജയിലേക്ക് പോകുന്നതിന് ഒരു ദിവസം മുമ്പായി രവി എന്നയാൾ ക്രിസൻ പെരേരയെ ഹോട്ടലിലെത്തി കണ്ടു, ഒരു ട്രോഫിയും ഏൽപ്പിച്ചു. ഷാർജ വിമാനത്താവളത്തിൽ ഒരാൾ വരുമെന്നും അയാളുടെ കൈവശം നൽകിയാൽ മതിയെന്നുമാണ് രവി അറിയിച്ചത്. ഹോട്ടൽ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും രവി അറിയിച്ചു.
ഏപ്രിൽ ഒന്നിന് ക്രിസൻ ഷാർജ വിമനത്താവളത്തിൽ എത്തിയപ്പോൾ ആരും എത്തിയില്ല. ഹോട്ടൽ റൂമോ മറ്റു വിവരങ്ങളോ അവർക്കറിയില്ലായിരുന്നു. തുടർന്ന് അവർ അച്ഛനെ വിളിച്ച് സംസാരിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായത്. ഇതിനിടെ രവി തനിക്ക് ഒരു ട്രോഫി നൽകിയിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ അത് പൊലീസിനെ ഏൽപ്പിക്കാൻ അച്ഛൻ നിർദേശിച്ചു.
നടി ട്രോഫിയുമായി പൊലീസിന്റെ അടുത്തെത്തി. തുടർന്ന് ഷാർജ പൊലീസ് നടത്തിയ പരിശോധനയിൽ ട്രോഫിക്കുള്ളിൽ നിന്ന് കഞ്ചാവും കറുപ്പും അടക്കമുള്ള ലഹരി വസ്തുക്കൾ കണ്ടെടുക്കുകയും ക്രിസൻ പെരേരയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ