- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ; ലേക്ഷോർ ആശുപത്രിയിൽ വെന്റിലേറ്ററിൽ; പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ ചികിൽസ തുടരുന്നു; കോവിഡിൽ രോഗ പ്രതിരോധം കുറഞ്ഞതും വെല്ലുവിളി; ഇന്നസെന്റിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ
കൊച്ചി: നടനും മുൻ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ വെന്റിലേറ്റിലാണിപ്പോൾ. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യനില വീണ്ടും ഗുരുതരമായെന്നാണ് റിപ്പോർട്ടുകൾ.
ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗുരുതരാവസ്ഥയിലായെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. മരുന്നുകളോട് നടൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിൽസ നടക്കുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജിലേയും തിരുവനന്തപുരം ആർ എസ് സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്. ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അദ്യം അതീവ വഷളായിരുന്നു. മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. എന്നാൽ ശ്വാസകോശത്തിനുള്ള പ്രശ്നങ്ങൾ ഇന്നസെന്റിന് പിന്നേയും പ്രശ്നമായി മാറി. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്നമായി.
ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് മുൻ ലോക്സഭാ അംഗം കൂടിയായ ഇന്നസെന്റിനെ വലയ്ക്കുന്നത്. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. മൂന്ന് തവണ നടന് കോവിഡ് ബാധിച്ചിരുന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാൻ കാരണമെന്നാണ് വിലയിരുത്തൽ.
അർബുദത്തോട് പോരാടി ജീവിത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്. കാൻസർ വന്നപ്പോൾ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താൻ ചെയ്തതെന്ന് ഇന്നെസന്റ് പറഞ്ഞിട്ടുണ്ട്. തന്റെ കാൻസർ അനുഭവങ്ങൾ പറയുന്ന 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്.
ഇന്നസെന്റിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കടുവയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്നതാണ് ഇന്നസെന്റിന്റേതായി ഒടുവിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
മറുനാടന്‍ മലയാളി ബ്യൂറോ