ന്യൂഡൽഹി: ദേശീയ ടെലിവിഷൻ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ചാനലാണ് പ്രണോയ് റോയിയും ഭാര്യ രാധികാ റോയിയും ചേർന്ന് ആരംഭിച്ച ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ് എന്ന എൻഡി ടിവി. ഇന്ത്യൻ മാധ്യമ രംഗത്തെ അതികായന്മാരായി ഇപ്പോൾ വിലസുന്ന രാജ്ദീപ് സർദേശായിയും അർണോബ് ഗോസ്വാമിയും അടക്കമുള്ളവർ മുഖം കാണിച്ചു തുടങ്ങിയത് ഈ ടെലിവിഷൻ വാർത്താ ചാനലിലൂടെ ആയിരുന്നു. ബർക്കാ ദത്ത് അടക്കമുള്ളവർ ഒരു കാലത്താ ടെലിവിഷൻ ജേണലിസത്തിലെ ഐക്കണുകളായി നിന്നതും ഈ ചാനൽ വഴിയായിരുന്നു.

1998ൽ സ്ഥാപിതമായ ഈ വാർത്താ ചാനൽ മാറി വന്ന കേന്ദ്ര ഗവൺമെന്റുകൾക്കിടയിൽ സ്വതന്ത്ര മാധ്യമം എന്ന നിലയിലായിരുന്നു നില കൊണ്ടത്. ദേശീയ തലത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗോഡി മീഡിയയുടെ വക്താക്കളായി അർണാബ് ഗോസ്വാമിയും ടൈംസ് നൗവും ഇന്ത്യാ ടുഡേയുമെല്ലാം നിലകൊണ്ടപ്പോഴും സർക്കാറിന്റെ വിമർശകരായും നിലകൊണ്ട ചാനലായിരുന്നു എൻഡി ടിവി. എന്നാൽ, ചാനലിന്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷണ ഏജൻസികളെ എൻഡി ടിവിയിലേക്ക് ക്ഷണിച്ചു വരുത്തുന്നതായി മാറി.

ഇതോടയാണ് എൻഡി ടി വിയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. എന്നിട്ടും, ദേശീയ തലത്തിൽ തട്ടുകേടില്ലാത് നിലകൊള്ളുന്ന നിലപാടിലായിരുന്നു എൻ ഡി ടിവി മുന്നോട്ടു പോകുന്നത്. ഇതിനിടെയാണ് അദാനി എൻഡി ടിവിയുടെ 29 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.

നരേന്ദ്ര മോദി 2014ൽ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്ര സർക്കാർ പരസ്യ ദാതാക്കൾ വഴി എൻഡി ടിവിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2002 ഗുജറാത്ത് കലാപത്തേക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇതിന് കാരണമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. 2016ൽ എൻഡി ടിവിയുടെ ഹിന്ദി ന്യൂസ് ചാനൽ നിരോധിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചത് രൂക്ഷ പ്രതിഷേധങ്ങളേത്തുടർന്നാണെന്ന് വിലയിരുത്തലുണ്ട്.

പ്രണോയ് റോയിയുടേയും രാധികാ റോയിയുടേയും ഡൽഹിയിലെ വീട് 2017ൽ സിബിഐ റെയ്ഡ് ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ വിമർശനാത്മക നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുകയാണെന്ന് ആരോപണങ്ങളുയർന്നു. 2019ൽ എൻഡി ടിവിയുടെ മാനേജീരിയൽ-ബോർഡ് സ്ഥാനങ്ങളിൽ നിന്ന് രണ്ട് വർഷത്തേക്ക് പ്രണോയ്-രാധികാ റോയ്മാരെ സെബി മാറ്റി നിർത്തി. 2020 ഡിസംബറിൽ ഇരുവർക്കുമെതിരെ സെബി 27 കോടി പിഴ ചുമത്തി.

ഇതോടെ പ്രതിസന്ധിയിലായ ചാനലിലേക്കാണ് ഇപ്പോൾ അദാനിയുടെ ബിഗ് എൻട്രി ഉണ്ടായിരിക്കുന്നത്. ഓഹരി ഏറ്റെടുക്കാനായി തുറന്ന ഓഫർ അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചതായാണ് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ്, എഎംജി മീഡിയ നെറ്റ് വർക്സ് ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികൾ ചേർന്ന 'പാക്സ്' എന്ന ഗ്രൂപ്പാണ് ദേശീയ മാധ്യമത്തിന്റെ സിംഹഭാഗം കരസ്ഥമാക്കാൻ രംഗത്തുള്ളത്. നാല് രൂപ മുഖവിലയുള്ള 1.67 കോടി (1,67,62,530) ഇക്വിറ്റി ഓഹരികൾ വരെ വാങ്ങാൻ തയ്യാറെന്ന് ഇടപാടിന്റെ ചുമതലയുള്ള ജെ എം ഫിനാൻഷ്യൽ കമ്പനി വ്യക്തമാക്കി.

ഓപ്പൺ ഓഫർ പ്രകാരം ഒരു ഇക്വിറ്റി ഷെയറിന് 294 രൂപയാണ് മുഖവിലയായി കണക്ക് കൂട്ടുന്നതെന്നും ആകെ 492.8 കോടി രൂപ വരെ പണമായി നൽകി ഏറ്റെടുക്കാനാണ് നീക്കമെന്നും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിക്കപ്പെട്ട രേഖയിലുള്ളതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എൻഡിവി ടിവിയിൽ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരിയാണ് അദാനിയുടെ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വാങ്ങുന്നത്.

സെബി ചട്ടങ്ങൾ പ്രകാരം 26 ശതമാനം വാങ്ങാനുള്ള ഓപ്പൺ ഓഫറും അദാനി മുന്നോട്ടുവെച്ചു കഴിഞ്ഞു.  ഇന്ത്യൻ പൗരന്മാരേയും ഉപഭോക്താക്കളേയും വിവരങ്ങളും അറിവും പങ്കുവെച്ച് ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അദാനി മീഡിയ നെറ്റ് വർക്ക് ലിമിറ്റഡ് സിഇഒ സഞ്ജയ് പുഗലായി പ്രതികരിച്ചു.

എന്നാൽ നേരിട്ട് അദാനിക്ക് ഓഹരി വിൽക്കുകയോ അതിനുള്ള ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും പ്രധാന ഓഹരി ഉടമകളായ രാധിയോ പ്രണോയ് റോയിയോ ഇത്തരത്തിൽ ഉടമസ്ഥാവകാശ വിൽക്കാനുള്ള ചർച്ചകൾ നടത്തിയിട്ടില്ലെന്നുമാണ് എൻഡിടിവി അറിയിച്ചിരിക്കുന്നത്.

അതേസമയം തങ്ങളുടെ അറിവോടെ ഇല്ല ഇത്തരമൊരു ഇടപാടു നടന്നിരിക്കുന്നതെന്നാണ് എൻഡി ടിവി ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്. എൻഡി ടിവിയുടെ മാധ്യമ പ്രവർത്തന ശൈലിയെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വേണ്ടി അഭിമാന പുരസരം നിലകൊള്ളുമെന്നും എൻഡി ടിവി വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ അദാനിക്കുള്ള ഷെയർവിൽപ്പന വിവാദങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത.

അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിലെ കടമെടുപ്പ് നിയന്ത്രണമില്ലാതെ പോകുന്നത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് എൻഡിടിവി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻഡി ടിവിയിലെ ഷെയർ അദാനി ഏറ്റെടുക്കുന്നു എന്ന വാർത്തയും പുറത്തുവന്നത്. ക്രെഡിറ്റ് സൈറ്റ് എന്ന ഏജൻസിയാണ് ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരനായുള്ള അദാനിയുടെ മുന്നോട്ടു പോക്കിൽ ആശങ്ക രേഖപ്പെടുത്തിയത്. വൻ നിക്ഷേപം വരുന്ന ബിസിനസുകൾ ചെയ്യുന്നത് പോലും കടമെടുത്താണ് അദാനി മുന്നോട്ടു പോകുന്നതെന്നുമാണ് ക്രെഡിറ്റ്‌സൈറ്റ് റിപ്പോർട്ടു ചെയ്യുന്നത്.