മുംബൈ: വീഴ്‌ച്ചയിൽ നിന്നും കരകയരായെ അദാനിഗ്രൂപ്പ്. ഓഹരികളിൽ ഇന്നും ഇടിവു തുടരുകയാണ്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം പകുതിയായി കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂല്യത്തിൽ 120 ബില്യൺ ഡോളറാണ് ഇടഞ്ഞത്. വിൽപന സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് അദാനി ഓഹരികളുടെ വില വലിയ രീതിയിൽ ഇടിഞ്ഞത്.

ഇന്നും അദാനി ഓഹരികളുടെ വിലയിടിഞ്ഞു. ഒരുഘട്ടത്തിൽ 30 ശതമാനത്തിനടുത്ത് ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് വില നേരിയ രീതിയിൽ ഉയർന്ന് നഷ്ടം 11 ശതമാനമാക്കി കുറച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അദാനി എന്റർപ്രൈസിന്റെ വില 60 ശതമാനമാണ് ഇടിഞ്ഞത്. അദാനി ഗ്രീൻ എനർജി 51 ശതമാനവും ടോട്ടൽ ഗ്യാസ് 58 ശതമാനവും ട്രാൻസ്മിഷൻ 50 ശതമാനവും ഇടിഞ്ഞു. അദാനി ഓഹരികളിൽ ഉൾപ്പടെ കൃത്രിമം കാണിച്ചാണ് പിടിച്ചുനിൽക്കുന്നതെന്ന ആരോപണമാണ് ഹിൻഡൻബർഗ് ഉയർത്തിയത്.

അതിനിടെ യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രിംകോടതിയെ സമീപിച്ചു. ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജിയാണ് നൽകിയിരിക്കുന്നത്. ആൻഡേഴ്സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അഭിഭാഷകൻ എം എൽ ശർമ ആവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അദാനി എന്റർപ്രൈസസ് കേസിൽ സുപ്രിം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആൻഡേഴ്സനെ 'ഷോർട്ട് സെല്ലർ' എന്നാണ് പരാമർശിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ 'നിരപരാധികളായ നിക്ഷേപകരെ കബളിപ്പിച്ചതിന്' അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. അതിിെ തുടർച്ചയായ തിരിച്ചടിക്ക് പിന്നാലെ ബ്ലൂംബർഗിന്റെ ഇന്ത്യൻ കോടീശ്വര സൂചികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. കഴിഞ്ഞ വർഷം ആഗോള സമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോൾ 16-ാം സ്ഥാനത്താണെന്ന് ഫോബ്സ് കണക്കുകൾ പറയുന്നു. 69 ബില്യൺ ഡോളറാണ് ഇപ്പോൾ ഗുജറാത്ത് വ്യവസായിയുടെ ആസ്തി.

അതിനിടെ, വായ്പകൾക്ക് ഈടായി അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് ആഗോള ബാങ്കുകൾ നിർത്തിയത് അദാനിക്ക് ആഘാതമായി. സൂറിച്ച് ആസ്ഥാനമായ ക്രഡി സ്വീസും ന്യൂയോർക്ക് ആസ്ഥാനമായ സിറ്റി ഗ്രൂപ്പുമാണ് അദാനിയുടെ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച് തങ്ങൾക്കു കീഴിലുള്ള സ്വകാര്യ ബാങ്കുകൾക്ക് ധനകാര്യ സ്ഥാപനങ്ങൾ നിർദ്ദേശം നൽകി.