തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ ലോകായുക്ത കേസിലെ വിധിയെ തുടർന്നു ലോകായുക്തക്കെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. സർക്കാറിന് വഴങ്ങിക്കൊണ്ടുള്ള വിധിയാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഇതിനിടെ ഇന്നലെയും ഈ കേസിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹർജിയാണ് ലോകായുക്ത തള്ളിയത്. റിവ്യൂ ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കുകയുണ്ടായി.

പരാതിക്കാരനായ ആർ.എസ്. ശശികുമാർ സമർപ്പിച്ച ഹർജി, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ് എന്നിവരുടെ ബഞ്ചാണ് പരിഗണിച്ചത്. ശശികുമാറിന് വേണ്ടി അഡ്വ. ജോർജ്ജ പൂന്തോട്ടമാണ് ഹാജരായത്. ഇന്നലെ തന്റെ വാദങ്ങളിൽ നിറഞ്ഞ അദ്ദേഹം പ്രകോപിതനായി ലോകായുക്ത ജഡ്ജിമാരുമായി ശരിക്കും തർക്കിക്കകയും ചെയ്തു. കേസിൽ വാദം പൂർത്തിയായ ശേഷം വിധി പറയാൻ മാറ്റിവെച്ച കാര്യം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അഡ്വ. ജോർജ്ജ് പൂന്തോട്ടത്തിന്റെ വിമർശനം.

'സെക്ഷൻ 71 മനസ്സിലാകാതെ മറ്റു കോടതികളിൽ വിധികളുണ്ട് എന്ന് ഹർജിക്കാരൻ പറഞ്ഞിട്ട് കാര്യമില്ല. ഒരു വർഷം മുമ്പ് രണ്ട് ജഡ്ജിമാരും കേസ് ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നു. ഒരു വർഷം മനപ്പൂർവ്വം കേസ് വെച്ചുകൊണ്ടിരുന്നതല്ല, വിശദമായി പഠിച്ചതാണ്', എന്ന് ലോകായുക്ത റിവ്യൂ ഹർജി തള്ളിക്കൊണ്ട് വ്യക്തമാക്കി. സുപ്രീം കോടതിയിലും ഒരുപാട് വിധികൾ ഒരു വർഷത്തിന് ശേഷം ഉണ്ടായിട്ടുണ്ട്. ഇതുവരെ ഒരു ഉത്തരവ് ആരും വെല്ലുവിളിച്ചിട്ടില്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

ലോകായുക്തയും ഉപലോകായുക്തയും തമ്മിലുള്ള ഭിന്നാഭിപ്രായം ചോദ്യംചെയ്താണ് ഫുൾബെഞ്ചിന് വിട്ട ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്. ശശികുമാർ പുനഃപരിശോധനാ ഹർജി നൽകിയത്. ഇക്കാര്യങ്ങൾ ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായിരുന്ന ഫുൾബെഞ്ച് നേരത്തേ പരിഗണിച്ച് വിധി പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിവ്യൂ ഹർജി.

രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കേസിൽ ഉണ്ടായത്. വാദം കഴിഞ്ഞാലുടൻ 'ദാ പിടിച്ചോ' എന്നു പറഞ്ഞു വിധിയെഴുതാൻ കഴിയില്ലെന്നും അതിന്റെ ബുദ്ധിമുട്ടെന്തെന്ന് അറിയണമെങ്കിൽ ജഡ്ജിയായി ഇരിക്കണമെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഹർജി പരിഗണിക്കവേ പറഞ്ഞു. ഈ വാദം അംഗീകരിക്കാൻ പരാതിക്കാരന്റെ അഭിഭാഷകനും തയ്യാറായില്ല. വാദം തീർന്നെന്നും ഉത്തരവിനായി മാറ്റിയെന്നും പറഞ്ഞ് ഒരു വർഷത്തിനുശേഷം ഹർജി ഫുൾബെഞ്ച് പരിശോധിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു പരാതിക്കാരനു വേണ്ടി ഹാജരായ അഡ്വ.ജോർജ് പൂന്തോട്ടം ചോദിച്ചു.

വാദം കേട്ടതുകൊണ്ടായില്ലെന്നും വിധിന്യായത്തിൽ തങ്ങൾ ഒപ്പിടുന്നതുവരെ വസ്തുതാന്വേഷണം അവസാനിക്കുന്നില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് മറുപടി നൽകി. തങ്ങളുടെ നിഗമനങ്ങൾ പരസ്പരം പങ്കുവച്ചപ്പോൾ ഏകാഭിപ്രായത്തിലെത്താനായില്ല. ഇക്കാരണത്താലാണു ഫുൾബെഞ്ചിനു വിട്ടത്. വസ്തുതാന്വേഷണമാണ് ഇപ്പോഴും നടക്കുന്നത്. ഈ നിലപാടിനെ ഖണ്ഡിക്കുന്ന ചില കോടതി വിധികൾ വായിക്കാൻ പൂന്തോട്ടം തുനിഞ്ഞെങ്കിലും, ആത്മഹത്യയെക്കുറിച്ചു പറയേണ്ടിടത്തു കൊലപാതകത്തെക്കുറിച്ചു പറഞ്ഞിട്ടെന്തു കാര്യമെന്നായിരുന്നു സിറിയക് ജോസഫിന്റെ ചോദ്യം.

വാദത്തിനിടെ ലോകായുക്തയും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും ഇടപെട്ടതു ജോർജ് പൂന്തോട്ടത്തെ പ്രകോപിപ്പിച്ചു. ഒരുപാടു ജഡ്ജിമാർക്കു മുൻപിൽ വാദിച്ചിട്ടുണ്ടെന്നു പൂന്തോട്ടം പറഞ്ഞു. അതിവിടെ പറയേണ്ടെന്നും ഒരുപാട് അഭിഭാഷകരുടെ വാദം കേട്ടിട്ടുണ്ടെന്നും ലോകായുക്ത തിരിച്ചടിച്ചു. അഭിഭാഷകനെന്ന നിലയ്ക്കു ഹാജരായ തന്നെ ഒന്നുകിൽ വാദിക്കാൻ അനുവദിക്കണം, അല്ലെങ്കിൽ ലോകായുക്ത വാദിക്കൂ എന്നായി പൂന്തോട്ടം. ഇതിനു മുൻപ് ഇങ്ങനെയാരും 'റഫറൻസ്' ഉത്തരവ് ചോദ്യം ചെയ്തിട്ടില്ലെന്നും ഇതു ചരിത്ര ഹർജിയാണെന്നും ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് പരിഹസിച്ചു. ഇതു ചരിത്ര സംഭവം തന്നെയെന്നു പരിഹാസ രൂപേണ പറഞ്ഞു കൊണ്ട് പൂന്തോട്ടം അതേ നാണയത്തിൽ തിരിച്ചടിച്ചു.

ഇവരോടു ക്ഷമിക്കേണമേ... ലോകായുക്തയായി ചുമതലയേറ്റപ്പോഴെടുത്ത പ്രതിജ്ഞയുടെ പ്രസക്ത ഭാഗം നടപടികളുടെ അവസാനഘട്ടത്തിൽ ജസ്റ്റിസ് സിറിയക് ജോസഫ് വായിച്ചു. ആരോടെങ്കിലും പ്രിയമോ ഭയമോ ഇല്ല. ആരെയെങ്കിലും പേടിച്ച് ഉത്തരവ് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്നവരല്ല. പരാതിക്കാരെയോ കക്ഷികളെയോ വിമർശിച്ച് വല്ലതും പറഞ്ഞുവെന്നു കരുതി അതു കേസിനെ ബാധിക്കുമെന്നു കരുതേണ്ട.

ജഡ്ജിമാർക്കു പുറത്തിറങ്ങി മൈക്കു വച്ചു പ്രസംഗിക്കാനാകില്ല. 'പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോടു ക്ഷമിക്കേണമേ' എന്ന് യേശുക്രിസ്തു പ്രാർത്ഥിച്ച ദുഃഖവെള്ളിയാഴ്ച കഴിഞ്ഞിട്ട് അധികദിവസമായിട്ടില്ലെന്നും സിറിയക് ജോസഫ് പറഞ്ഞു.

എന്നാൽ, പ്രതിജ്ഞയിൽ 'ഫിയർ ഓർ ഫേവർ' എന്നു പറയുന്നിടത്തു 'ഫിയർ ഓഫ് ഫേവർ' എന്നു വന്നാലുള്ള സ്ഥിതിയെക്കുറിച്ചു ജോർജ് പൂന്തോട്ടം തമാശരൂപേണ സൂചിപ്പിച്ചു. അതു പിന്നീടു പരിശോധിച്ചുകൊള്ളാമെന്നു മറുപടി നൽകി ലോകായുക്ത നടപടികൾ അവസാനിപ്പിച്ചു. ഫുൾബെഞ്ചിൽ വാദം നടക്കുമെന്നു പ്രതീക്ഷിച്ച് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.ഷാജി സർക്കാരിനു വേണ്ടി ഹാജരായിരുന്നു.