- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.എഫ്.ഐ ജപ്തിയിലെ കോടതിവിധിയിൽ ഒരു തെറ്റും ചൂണ്ടിക്കാണിക്കാൻ കഴിയാത്ത ചില വർഗ്ഗീയ വാദികൾ ഇരവാദം മുഴക്കി രംഗത്തു വന്നിട്ടുണ്ട്; ഇസ്ലാമോഫോബിയ എന്നൊക്കെയാണ് ഇരവാദം; പൊതുമുതൽ നശിപ്പിക്കാൻ മതപുസ്തകം പറയുന്നുണ്ടോ? ഇത് സമുദായത്തോട് ചെയ്യുന്ന ദ്രോഹം; പിഎഫ്ഐ ജപ്തിയെ വിമർശിക്കുന്നവർക്കെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: നിയമം ലംഘിച്ചു ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ടിന്റെ നടപടിയെ കേരള സമൂഹം എങ്ങനെ കാണണം? ഇവർക്കെതിരെ ജപ്തി നടപടികൾ അടക്കം തുടങ്ങിയതോടെ ഇത് ഇസ്ലാമോഫോബിയ ആണെന്ന വാദം നിരത്തുകയാണ് ചില ഇസ്ലാമിക സംഘടനാ നേതാക്കൾ. തീവ്രവാദ നിലപാടിനോട് സന്ധി ചെയ്യാത്ത എസ്കെഎസ്എസ്എഫ് നേതാവു പോലും ഇക്കാര്യത്തിൽ തെറ്റദ്ധരിപ്പിക്കുന്ന പോസ്റ്റുകളുമായി രംഗത്തുവന്നു.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവിട്ട നടപടിക്കെതിരായാണ് സൈബറിടങ്ങളിൽ വിമർശനം ഉയർന്നത്. ഈ വിമർശനങ്ങളെ വസ്തുതകൾ നിരത്തി തള്ളിക്കളയുകയാണ് ഹൈക്കോടതി വക്കീലായ അഡ്വ. ഹരീഷ് വാസുദേവൻ. മിന്നൽ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി ഉണ്ടായ ശേഷം രണ്ട് ഹർത്താലുകളാണ് കേരളത്തിൽ ഉണ്ടായതെന്നും ഇതിൽ കർശന നടപടികൾ സ്വീകരിച്ചുവെന്നുമാണ് ഹരീഷ് ചൂണ്ടിക്കാട്ടുന്നത്.
പോപ്പുലർ ഫ്രണ്ട് കേസിൽ ഇസ്ലാമോഫോബിയ എന്ന ഇരവാദം ഉന്നയിക്കുന്നത് മുസ്ലിം സമുദായത്തോടു ചെയ്യുന്ന ദ്രോഹമാണെന്നും അഡ്വ. ഹരീഷ് ചൂണ്ടിക്കാട്ടി.
ഈ രാജ്യത്തെ നിയമം ലംഘിച്ച് ഹർത്താൽ നടത്തി, ജനങ്ങളുടെ മൗലികാവകാശം ലംഘിച്ച് അക്രമം അഴിച്ചുവിട്ടു പൊതുമുതൽ നശിപ്പിച്ചതിന് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാതെ പിന്നെന്ത് വേണമെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ നിയമം ലംഘിച്ചാൽ ഇമ്യുണിറ്റി കിട്ടുമെന്ന് പറയുന്നുണ്ടോ? 'ഇസ്ലാമോഫോബിയ' എന്ന വാക്ക് ഇവരുടെ തോന്നിയവാസത്തിനു വേണ്ടി ദുരുപയോഗം ചെയ്യുക വഴി ഇത്തരക്കാർ ആ സമുദായത്തോട് ചെയ്യുന്ന ദ്രോഹം ചെറുതല്ലെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മിന്നൽ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി ഉണ്ടായ ശേഷം അത്തരം എത്ര ഹർത്താൽ ഉണ്ടായി? എന്റെയറിവിൽ 2 എണ്ണം മാത്രമാണ് ഉണ്ടായത്. ഒന്ന് യൂത്ത് കോൺഗ്രസിന് വേണ്ടി ഡീൻ കുര്യാക്കോസ് ആഹ്വാനം ചെയ്തത്. അതിനു ഡീനിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു, ഡീൻ നേരിട്ടെത്തി മാപ്പ് പറഞ്ഞു, പൊതുമുതൽ നഷ്ടമുണ്ടായ തുക കെട്ടിവെച്ച ശേഷം ഡീനിന് ജാമ്യം ലഭിച്ചു. PDPP ആക്ട് പ്രകാരം അങ്ങനെയേ കിട്ടാവൂ. ജാമ്യത്തിന്റെ കാര്യത്തിൽ കുറച്ചു വർഷമായി PDPP നിയമം (Prevention of Damage to Public Property, Act) കർശനമായി നടപ്പാക്കുന്നുണ്ട്. ലക്ഷങ്ങൾ കെട്ടിവെച്ചിട്ടാണ് പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ വരെ ജാമ്യം നേടുന്നത്.
രണ്ടാമത്തേതാണ് പോപ്പുലർ ഫ്രെണ്ടിന്റേ മിന്നൽ ഹർത്താൽ. അവർ പൊതുമുതലിനു വ്യാപകമായ നാശനഷ്ടമുണ്ടാക്കി. നഷ്ടപരിഹാരം ഈടാക്കാൻ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാൻ ഹൈക്കോടതി പറഞ്ഞു. സാധാരണയായി ഇത്തരം വിധിവന്നാൽ നടപടി ക്രമങ്ങൾ മനഃപൂർവ്വം നീട്ടിക്കൊണ്ടുപോയി സ്റ്റേറ്റ് സംവിധാനം ഇത്തരക്കാരെ സഹായിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ്.മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിലപാട് കടുപ്പിച്ചതോടെ സ്റ്റേറ്റിന് പെട്ടെന്ന് ജപ്തി നടത്തേണ്ടിവന്നു. തെറ്റുകാർക്ക് delay tactics ലൂടെ രക്ഷപ്പെടാൻ പറ്റുന്ന സ്ഥിരം സാഹചര്യം മാറി. ചില വിദേശങ്ങളിലെ പോലെ നീതി പെട്ടെന്ന് നടപ്പായി.
ഈ രാജ്യത്തെ നിയമം ലംഘിച്ച് ഹർത്താൽ നടത്തി, ജനങ്ങളുടെ മൗലികാവകാശം ലംഘിച്ച് അക്രമം അഴിച്ചുവിട്ടു പൊതുമുതൽ നശിപ്പിച്ചതിന് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാതെ പിന്നെന്ത് വേണം? നൈതികമായോ നിയമപരമായോ കോടതിവിധിയിൽ ഒരു തെറ്റും ചൂണ്ടിക്കാണിക്കാൻ കഴിയാത്ത ചില വർഗ്ഗീയ വാദികൾ ഇരവാദം മുഴക്കി രംഗത്തുവന്നിട്ടുണ്ട്. ഇസ്ലാമോഫോബിയ എന്നൊക്കെയാണ് ഇരവാദം. ആ മണ്ടത്തരം വിശ്വസിക്കാൻ യുക്തിയും സാമാന്യബുദ്ധിയും പണയപ്പെടുത്തിയ കുറച്ചു അണികൾ കണ്ടേക്കും, അധികം പേരുണ്ടാവില്ല. പൊതുമുതൽ നശിപ്പിക്കാൻ മതപുസ്തകം പറയുന്നുണ്ടോ? രാജ്യത്തെ നിയമം ലംഘിച്ചാൽ ഇമ്യുണിറ്റി കിട്ടുമെന്ന് പറയുന്നുണ്ടോ? 'ഇസ്ലാമോഫോബിയ' എന്ന വാക്ക് ഇവരുടെ തോന്നിയവാസത്തിനു വേണ്ടി ദുരുപയോഗം ചെയ്യുക വഴി ഇത്തരക്കാർ ആ സമുദായത്തോട് ചെയ്യുന്ന ദ്രോഹം ചെറുതല്ല.
പൊതുമുതൽ നശിപ്പിക്കുന്നവർ ആരായാലും അവരുടെ സ്വത്ത് ഒട്ടുംവൈകാതെ ജപ്തി ചെയ്തു ചെലവ് ഈടാക്കാൻ സ്റ്റേറ്റിന് കഴിയണം. കാലതാമസം ഉണ്ടാകരുത്. ഇതൊരു നല്ല മാതൃകയായി തുടരണം. നാളെ KSRTC ബസ്സിന് എറിയാൻ കല്ല് കയ്യിലെടുക്കുന്ന ഏത് മതത്തിൽ പെട്ടവനും ഏത് പാർട്ടിയുടെ പ്രവർത്തകനും തോന്നണം, അടുത്തയാഴ്ച ഈ ചെലവിലേയ്ക്കായി സ്വന്തം വീട് ജപ്തി ചെയ്യപ്പെടുമെന്ന്. ഒരു അധികാരബന്ധവും തന്നെ സഹായിക്കില്ലെന്ന്. ഇന്നാട്ടിൽ നിയമവ്യവസ്ഥ നിലനിൽക്കുന്നുണ്ടെന്ന്. നമുക്കിതിനെ പിന്തുണയ്ക്കാം.
നേരത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ പുരോഗമിക്കുന്നതിനിടെ വിമർശനം ഉന്നയിച്ച് സുന്നി നേതാവ് സത്താർ പന്തല്ലൂർ രംഗത്തുവന്നിരുന്നു. പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് എന്നുള്ള ചോദ്യം ഉന്നയിച്ചാണ് അദ്ദേഹം നടപടികളെ വിമർശിച്ചത്. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണെന്നും സത്താർ ചോദിക്കുന്നു. വിഷയത്തിൽ കോടതിയുടെയും സർക്കാരിന്റെയും ജാഗ്രത ശുഭസൂചനയെന്നും സുന്നി നേതാവ് സത്താർ പന്തല്ലൂർ പറയുന്നു.
കോടതി നിർദേശപ്രകാരം പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ നേതാക്കൾക്കെതിരെ ദ്രുതഗതിയിൽ ജപ്തി നടപടികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ സത്താർ പന്തല്ലൂർ പ്രതികരിച്ചത്. പോപുലർ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്കാരമാണ്. എന്നുവെച്ച് പൊതുമുതൽ നശിപ്പിച്ച കുറ്റം അവരുടെ ഹർത്താൽ മുതൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ല. എന്നാൽ വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ല. അനീതിക്കിരയാവുന്നവർ അവർ ആരായാലും അവർക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയും. പോപുലർ ഫ്രണ്ട്, എൻഡിഎഫ് ആയിരുന്ന കാലം മുതൽ കൃത്യമായ അകലവും എതിർപ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ട്. ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ഹർത്താൽ ആക്രമണ കേസുകളിലുൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ സ്വത്തുക്കൾ അടക്കം സർക്കാർ കണ്ടുകെട്ടിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ