തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യാത്രക്കിറങ്ങുമ്പോൾ റോഡുകളിൽ വാഹന ഗതാഗതം സ്തംഭിക്കുന്നത് പതിവാണ്. കുറച്ചു ദിവസങ്ങളായി ഇതാണ് സംഭവിക്കുന്നതും. ഇതോടെ വാർത്തകളിലും വിഷയം നിറഞ്ഞു. മുഖ്യമന്ത്രിയുടെ അതിസുരക്ഷാ യാത്രയെ പരിഹസിച്ചു കൊണ്ടും ആളുകൾ രംഗത്തുവരാറുണ്ട്.

അഡ്വ. എ ജയശങ്കറും മുഖ്യമന്ത്രിയുടെ അതിസുരക്ഷയിലെ ചീറിപ്പായലിനെ പരിഹസിച്ചു കൊണ്ട് രംഗത്തുവന്നു. മുഖ്യമന്ത്രയുള്ള ജില്ലയിൽ അവധി പ്രഖ്യാപിക്കണമെന്ന മലയാള മനോരമ പത്രത്തിലെ കത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് അഡ്വ ജയശങ്കർ പഹിഹാസവുമായി രംഗത്തുവന്നത്. ഈ നിർദ്ദേശം പരിഗണിക്കാവുന്നതാണെന്നും അഖില കേരള ചക്രവർത്തി എഴുന്നള്ളുന്ന വീഥികൾ മുൻകൂർ പരസ്യപ്പെടുത്തിയാൽ പാവം പ്രജകൾക്കു പുറത്തിറങ്ങാതെ കഴിച്ചു കൂട്ടാം. കർഫ്യൂ പ്രഖ്യാപിച്ചാലും മുഷിയില്ലെന്നം അഡ്വ. ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

തികച്ചും പരിഗണനാർഹമായ ഒരു നിർദ്ദേശം.

അഖില കേരള ചക്രവർത്തി എഴുന്നള്ളുന്ന വീഥികൾ മുൻകൂർ പരസ്യപ്പെടുത്തിയാൽ പാവം പ്രജകൾക്കു പുറത്തിറങ്ങാതെ കഴിച്ചു കൂട്ടാം. കർഫ്യൂ പ്രഖ്യാപിച്ചാലും മുഷിയില്ല.

അതേസമയം മനോരമ പ്രസിദ്ധീകരിച്ച കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്:

മുഖ്യമന്ത്രിയുള്ള ജില്ലയിൽ അവധി പ്രഖ്യാപിക്കണം

വിദ്യാർത്ഥികൾ ഉൾപ്പെടെ പൊതുജനം പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തു നിൽക്കുന്ന ഗതികേട് ഒഴിവാക്കാൻ മുഖ്യമന്ത്രി എത്തുന്ന ജില്ലയിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്നതല്ലേ നല്ലത്. ജനാധിപത്യ ഭരണത്തിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികൾ ഭരണാധികാരികളെടുക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്..

സജി വിൻസന്റ്
ചേർത്തല

അതേസമയം കോട്ടയത്ത് മുഖ്യമന്ത്രി എത്തിയ വേളയിൽ വാഹനവ്യൂഹം കടന്നു പോകുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വാഹനം കുടുങ്ങിയ സംഭവത്തിൽ കുറവിലങ്ങാട് എസ്‌ഐയെ വിളിച്ചു വരുത്തി പാലാ മജിസ്‌ട്രേറ്റ് വിശദീകരണം തേടിയിരുന്നു. സംഭവം ഏറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതോടെ കോടതി ആവശ്യപ്പെട്ടതു പ്രകാരം വിശദീകരണം നൽകാൻ ഒരുങ്ങുകയാണ് പൊലീസ്. മജിസ്ട്രേറ്റിന്റെ വാഹനം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

കുറവിലങ്ങാടിനുസമീപം കോഴായിൽ ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം പാലാ മജിസ്ട്രേറ്റിന്റെ വാഹനത്തിനുനേരേ അപകടകരമായ രീതിയിൽ എത്തിയെന്നായിരുന്നു പരാതി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുമുന്നേ കടന്നുപോയ ഒരു ബസിനെ ഒഴിവാക്കുന്നതിന് പൊലീസ് ജീപ്പ് ശ്രമിച്ചിരുന്നതായും, അപ്പോഴാകും പാലാ മജിസ്ട്രേറ്റ് ജി.പത്മകുമാറിന്റെ കാറിനുമുന്നിൽ വന്നുപെട്ടതെന്നും പൊലീസ്. ഇക്കാര്യം കോടതിമുമ്പാകെ അറിയിക്കുമെന്ന് എസ്‌പി. കെ.കാർത്തിക് അറിയിച്ചു.

മജിസ്ട്രേറ്റിന്റെയോ മറ്റാരുടെയെങ്കിലുമോ വാഹനം എതിരേ വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അപകടകരമായ രീതിയിൽ ജീപ്പ് പോയിരുന്നില്ലെന്നും പൊലീസ് വിശദീകരിക്കും. മുഖ്യമന്ത്രിക്ക് സുരക്ഷാഭീഷണിയുള്ളതായും പ്രത്യേക കരുതൽ വേണമെന്നും നിർദേശമുണ്ടായിരുന്നു. സുരക്ഷ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്സംഘം. സംഭവത്തിൽ പൊലീസ് വെള്ളിയാഴ്ചയ്ക്കകം കോടതിക്ക് വിശദീകരണം നൽകും. കുറവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ ബോസ് അവധിയിലായിരുന്നതിനാൽ സ്റ്റേഷന്റെ ചുമതലയുള്ള എസ്ഐ. വി.വിദ്യയെ വിളിച്ചുവരുത്തിയാണ് പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിശദീകരണം തേടിയത്.

വാഹനവ്യൂഹം കടന്നുപോകുമ്പോൾ സാധാരണ യാത്രക്കാർക്ക് പോകുന്നതിന് പൊലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് കോടതി വിശദാംശങ്ങൾ ആരാഞ്ഞു. ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ വാഹനം കുറവിലങ്ങാട്, കോഴാ, പാലാ വഴി പോകുകയായിരുന്നു. ഈസമയം എതിർദിശയിൽ പോകുകയായിരുന്ന പാലാ മജിസ്ട്രേറ്റിന്റെ വാഹനത്തിനുനേരേയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ പൈലറ്റുവാഹനം വശംമാറിയെത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം പോകുന്ന റോഡിന്റെ വശത്തുകൂടി പോകുന്നതിനുപകരം, മറുഭാഗത്തുകൂടിയാണ് പൈലറ്റ് വാഹനം കടന്നുവന്നത്.