- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുദിവസം കണ്ടില്ലെങ്കിൽ എവിടെ പോയെന്ന് പതിവുകാരോട് സ്നേഹാന്വേഷണം; ജീവനക്കാർ അവധി എടുത്താൽ അന്വേഷിക്കുന്ന യാത്രക്കാർ; 50 വർഷത്തെ യാത്ര മതിയാക്കി 'സ്വപ്‌ന' ബസ് ഓർമയായി; റൂട്ടും പേരും മാറാതെ അരനൂറ്റാണ്ട് ഓടിയ ബസ് നിർത്തിയ സങ്കടത്തിൽ മലപ്പുറംകാർ
കോട്ടയ്ക്കൽ: പാലാക്കാരെ സ്‌നേഹം കൊണ്ട് അമ്പരപ്പിച്ച സ്വകാര്യ ബസുകളായിരുന്നു പാപ്പൻ, ചാച്ചി ബസുകൾ. പൊതുഗതാഗതം എന്തെന്ന് നാട്ടുകാരെ പഠിപ്പിച്ച പാലാക്കാരനായ കളപ്പുരയ്ക്കൽ കെ.ടി.മാത്യു എന്ന കെ എം എസ് കൊച്ചേട്ടന്റെ ബസുകൾ. കൊച്ചേട്ടൻ കഴിഞ്ഞ വർഷം ജൂലൈയിൽ ഓർമയായപ്പോൾ നാട്ടുകാർ പറഞ്ഞ കാര്യമിതാണ്, നാടിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്ത് ബസ് ഇറക്കിയോടിച്ച് സേവനം ചെയ്തു. സമാനമായ ഒരു സ്വകാര്യ ബസിന്റെ കഥ കോട്ടയ്ക്കലുകാർക്കും പറയാനുണ്ട്.
50 വർഷത്തിലേറെയായി, റൂട്ടും പേരും മാറാതെ സർവീസ് നടത്തുന്ന ഒരു ബസ്. സ്വപ്‌ന ബസ് ഇനി സ്വപ്‌നം പോലെ. ഈ മാസം ഒന്നു മുതൽ നിലമ്പൂർ - കോട്ടയ്ക്കൽ - തൃശൂർ റൂട്ടിലെ യാത്രക്കാരുടെ ഇഷ്ടബസ് ഓടാതായി. 140 കിലോമീറ്റർ ദൂരപരിധി വിഷയത്തിൽ, കെഎസ്ആർടിസി ഹൈക്കോടതിയിൽ കേസിന് പോയതോടെയാണ് ബസിന് ഓട്ടം നിർത്തേണ്ടി വന്നത്.
ബസ് ജീവനക്കാർ മാത്രമല്ല, പതിവ് യാത്രക്കാരും സങ്കടത്തിലാണ്. ഒരുദിവസം ബസിൽ കയറിയില്ലെങ്കിൽ, അന്വേഷിക്കുന്ന ജീവനക്കാർ. അഞ്ചുജീവനക്കാരിൽ ആരെങ്കിലും അവധിയെടുത്താൽ, എവിടെ പോയി എന്നുചോദിക്കുന്ന പതിവുകാർ. കെഎസ്ആർടിസിയെ പഴിക്കാനാവില്ല. നിയമം നിയമമാണല്ലോ. ഒന്നരവർഷം മുമ്പാണ് കോടതിയിൽ കേസെത്തിയത്.
നിലമ്പൂർ തേൾപ്പാറയിൽ നിന്ന് പുലർച്ചെ 5.30 നാണ് പുറപ്പെടുക. 10 മണിക്ക് തൃശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെത്തും. ഉച്ചതിരിഞ്ഞ് 2.30 ന് മടക്കയാത്ര. വൈകിട്ട് ഏഴരയോടെ തേൾപ്പാറയിലെത്തും. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ബസിലെ പതിവുകാരായിരുന്നു. കുന്ദംകുളം, കോട്ടയ്ക്കൽ, മലപ്പുറം, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ചുമട്ടുതൊഴിലാളികൾ ബസിലെത്തുന്ന സാധനങ്ങൾ ഏററ്റുവാങ്ങാൻ കാത്തുനിന്നിരുന്നു. ഹൈക്കോതി ഉത്തരവിന് എതിരെ സമർപ്പിച്ച അപ്പീലിലാണ് ഗോപിനാഥ് മുതുകാടിന്റെ ബന്ധുക്കളായ പുതിയ ബസ് ഉടമകളുടെ പ്രതീക്ഷ. എന്തായാലും ബസിന്റെ പേര് ഇനി സ്വപ്‌ന എന്നായിരിക്കില്ല.
കാലം മാറി കഥ മാറി
കാലം മാറുന്നതോടെ പുതിയ ആളുകൾ കളത്തിലേക്ക് വരുന്നു. പഴയവർ കർട്ടന് പിന്നിലേക്ക് മാറുന്നു. പാപ്പൻ, ചാച്ചി ബസുകളെ പോലെ സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ബസ് നടത്തുന്ന കാലമൊക്കെ പോയി. കോവിഡും, ഇന്ധന വിലക്കയറ്റവും എല്ലാം ചേർന്ന് സ്വകാര്യ ബസ് വ്യവസായത്തിന്റെ നടുവൊടിച്ചിരിക്കുകയാണ്.
പാപ്പൻ, ചാച്ചി ബസുകളുടെ കഥ
ബസുകളിൽ കയറും മുമ്പ് എല്ലാവരും സീറ്റുണ്ടോ എന്നുനോക്കും. ആർക്കാണ് നിന്ന് യാത്ര ചെയ്യാൻ ഇഷ്ടം. ഈ സീറ്റെല്ലാം സ്‌കൂൾ -കോളേജ് കുട്ടികൾ കൈയടക്കിയാലോ. അതുകൊണ്ട് സ്വകാര്യ ബസുകാർ പൊതുവെ ഓട്ടം നഷ്ടത്തിലാക്കുന്ന ഈ പരിപാടിക്ക് കൂട്ടുനിൽക്കാറില്ല. ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം കുട്ടികളെ കയറ്റുക, കുട്ടികളെ കണ്ടാൽ നിർത്താതെ പോവുക, കുട്ടികൾ നിൽക്കുന്ന സ്റ്റോപ്പിൽ നിർത്താതെ മാറ്റി നിർത്തുക, അങ്ങനെ എന്തെല്ലാം അഭ്യാസങ്ങൾ കാണിച്ചാലാണ് ഫുൾ ടിക്കറ്റുകാരെ കിട്ടുക. എന്നാൽ, പാലാക്കാരനായ കളപ്പുരയ്ക്കൽ കെ.ടി.മാത്യു എന്ന കെ എം എസ് കൊച്ചേട്ടൻ അവിടെയാണ് വ്യത്യസ്തനായത്.
സ്‌കൂൾ -കോളേജ് കുട്ടികളെ കരുതലോടെ കണ്ട ഈ മനുഷ്യൻ കെഎംഎസ് സ്റ്റുഡന്റ്സ് ഒൺലി ബസുകൾ തുടങ്ങിയാണ് ആദ്യം നാട്ടുകാരെ അമ്പരിപ്പിച്ചത്. പൈക കളപ്പുരയ്ക്കൽ മോട്ടോർ സർവീസ് എന്ന ബസ് കമ്പനി തുടങ്ങിയത് വെറും മുതലാളി ആയിരുന്നില്ല. ഒന്നാന്തരം മനുഷ്യപ്പറ്റുള്ള ബിസിനസുകാരനായിരുന്നു. കെ എം എസ് കൊച്ചേട്ടൻ. പാലാ സെന്റ് തോമസ് കോളേജിലേക്കും, അൽഫോൻസാ കോളേജിലേക്കും പോകേണ്ട കുട്ടികൾക്കായി ആയിരുന്നു കൊച്ചേട്ടന്റെ സ്റ്റുഡന്റ്സ് ഒൺലി ബസുകൾ. ഫുൾ ടിക്കറ്റുകാർക്ക് അവയിൽ പ്രവേശനമില്ല. ഡീസൽ അടിക്കാൻ പോലും കാശ് കിട്ടില്ലെങ്കിലും സ്വന്തം കീശയിൽ നിന്ന് കാശെടുത്തു പതിറ്റാണ്ടുകളോളം കെ ടി മാത്യു ആ സേവനം തുടർന്നു. ഒരുപക്ഷേ കെഎസ്ആർടിസി പോലും ചെയ്യാത്ത കാര്യം.
പാലാ-പൊൻകുന്നം റൂട്ടിൽ, രാവിലെ ആറ് മുതൽ രാത്രി 8.50 വരെ ചെയിൻ സർവീസ് ആയിട്ടായിരുന്നു കെ എം എസ് സർവീസ്. പാലാ-പൊൻകുന്നം റൂട്ട് കൊച്ചേട്ടൻ കെഎംഎസ് വൽകരിച്ചു എന്നുപറയാം. ആർ ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്ത് പാലാ-പൊൻകുന്നം റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയെങ്കിലും കെ എം എസ് തന്നെയായിരുന്നു നാട്ടുകാർക്ക് പ്രിയം.
കാലം മാറിയതോടെ, കെഎസ്ആർടിസിയുടെ അതി പ്രസരവും സൂപ്പർ ക്ലാസ്സ് പെർമിറ്റുകൾ നഷ്ടം ആയതും മൂലം കെഎംഎസ് എന്ന പ്രസ്ഥാനത്തിനും മങ്ങലേറ്റു. നാടിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്ത് ബസ് ഇറക്കി ഓടിച്ച് സേവനം ചെയ്തു എന്നതാണ് കൊച്ചേട്ടന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
മറുനാടന് മലയാളി ബ്യൂറോ