കോട്ടയം: ഐസ്‌ക്രീം ഫാക്‌റിയിൽ നിന്നും പുറംതള്ളുന്ന മാലിന്യം എത്തുന്നത് സമീപത്തുള്ള കിണറുകളിൽ. കുടിക്കുന്നതിനോ കുളിക്കുന്നതോണോ വെള്ളം ഉപയോഗിക്കാൻ ആവില്ല. കോട്ടയം കുറിച്ചി പഞ്ചായത്തിൽ എണ്ണക്കച്ചിറയിലെ നിവാസികളാണ് ദുരിതം അനുഭവിക്കുന്നത്.

കിണറുകൾ മലിനമാക്കുന്നു എന്ന് ആരോപിച്ച് കോട്ടയത്ത് ഐസ്‌ക്രീം ഫാക്ടറിക്ക് മുൻപിൽ നാട്ടുകാരുടെ രാപ്പകൽ സമരം രണ്ടാം ദിവസം പിന്നിട്ടു. മന്ദിരം - കോളനി റോഡിൽ പ്രവർത്തിക്കുന്ന ഐസ്‌ക്രീം പ്ലാന്റിന് മുന്നിലാണ് സ്ത്രീകൾ അടക്കമുള്ളവർ സമരം നടത്തുന്നത്. ഫാക്ടറിക്ക് സമീപമുള്ള പതിനഞ്ചോളം കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പഞ്ചായത്ത് സെക്രട്ടറി മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയത് എന്ന് നാട്ടുകാർ പറയുന്നു.

കിണറുകളിൽ അസ്സഹനീയമായ ദുർഗന്ധമാണ്. ഇവിടെ പ്രവർത്തിക്കുന്ന അംഗൻവാടിയിലെ കിണറും മലിനമാക്കപ്പെട്ടു. വെള്ളത്തിന് ഇരുണ്ട നിറമാണ്. ജനകീയ സമിതി തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചതിൽ നിന്നു കിണറുകളിലെ വെള്ളത്തിൽ അമോണിയം, കോളിഫോം ബാക്റ്റീരിയ എന്നിവ അപകടകരമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

മലിനീകരണ നിയന്ത്രണ ബോർഡിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, മലിനജലം പ്ലാന്റിന് പുറത്തെ പറമ്പിലേക്ക് ഒഴുക്കിവിടുന്നതായും ഇതു മൂലമാണ് കിണറുകൾ മലിനമാകുന്നതെന്നും കണ്ടെത്തിയിരുന്നു. എന്നിട്ടും പ്ലാന്റിനെതിരെ നടപടി എടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.

നിലവിൽ ഐസ് പ്ലാന്റ് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. പ്ലാന്റ് ഇവിടെ നിന്നും മാറ്റാൻ ഉടമകൾ സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് വിശദീകരണം.