- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിൽ എഐ ക്യാമറയിലുള്ളത് 80 മുതൽ 90 കിമീ വരെയുള്ള വേഗ നിയന്ത്രണം; ഭാവിൽ അതെല്ലാം പുനക്രമീകരിക്കും; പണി നടക്കുന്ന റോഡ് ദേശീയ പാതയായാലും 60 കിമീയ്ക്ക് മുകളിൽ പോകാനാവാത്ത സാഹചര്യം വരും; പിഴ തുകയും റോഡ് വികസനത്തിന് ചെലവാക്കും; പിഴ അടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും; എഐ ക്യാമറയിൽ തെളിയുന്നത് എന്തെല്ലാം?
തിരുവനന്തപുരം: എഐ ക്യാമറകൾ വരുന്നതോടെ ഓരോ റോഡിലേയും വേഗ പരിധി വ്യക്തമാക്കുന്ന ബോർഡുകൾ റോഡുകൾക്കിരുവശവും സ്ഥാപിക്കും. ഇതിനുള്ള നിർദ്ദേശം വിവിധ ഏജൻസികൾക്ക് റോഡ് സേഫ്റ്റി കമ്മീഷണർ നൽകും. റോഡുകളിലെ വേഗ പരിധിയുമായുള്ള ആശയക്കുഴപ്പം തീർക്കാനാണ് ഇത്. നിലവിൽ 80-90നും കി മീ വേഗതയിലാണ് എഐ ക്യാമറയിൽ സെറ്റ് ചെയ്തതെന്ന് ഗതാഗത കമ്മീഷണർ ശ്രീജിത്ത് ഐപിഎസ് മറുനാടനെ അറിയിച്ചു.
കേന്ദ്ര സർക്കാർ റോഡുകൾക്ക് വേഗ നിയന്ത്രണം നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ പരമാവധി വേഗ നിയന്ത്രണം നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. എന്നാൽ ഒരോ സംസ്ഥാനങ്ങൾക്കും അവിടുത്ത സാഹചര്യം അനുസരിച്ച് പരമാവധി വേഗം നിശ്ചയിക്കാം. അത് കേന്ദ്രം നിശ്ചയിച്ചരിക്കുന്ന നിരക്കിൽ കൂടാൻ പാടില്ലെന്ന് മാത്രം. അതുകൊണ്ട് തന്നെ കേരളത്തിന്റെ വേഗ നിയന്ത്രണ പരിധിയാകും എഐ ക്യാമറകളിലുള്ളത്. ഇതിൽ നിലവിൽ 80മുതൽ 90വരെ വേഗതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ 80ന് മുകളിൽ വേഗത കൈവരിച്ചാൽ മാത്രമേ പിഴ വരൂ. എന്നാൽ വലിയ രീതിയിൽ മാറ്റങ്ങൾ ഭാവിയിൽ വരാനും സാധ്യത ഏറെയാണ്.
പല ദേശീയ പാതകളിലും പണി നടക്കുകയാണ്. ഇത്തരം പണികൾ നടക്കുന്നിടത്ത് വേഗ നിയന്ത്രണം പരമാവധി 60 കി മീ ആക്കാനാണ് ആലോചന. പണി നടക്കുന്ന റോഡുകളെ എല്ലാം പ്രത്യക കാറ്റഗറിയിൽ പെടുത്താനാകും ശ്രമിക്കുക. കേരളത്തിലെ ദേശീയ പാതകളിൽ ആകെ പണി നടക്കുകയാണ്. സംസ്ഥാന പാതകളും വികസനത്തിന്റെ പാതയിൽ. അങ്ങനെ വന്നാൽ ഈ റോഡുകളെല്ലാം പണി നടക്കുന്നവ എന്ന വിഭാഗത്തിലേക്ക് മാറ്റു. അതിന് ശേഷം ഈ ഭാഗത്ത് വയ്ക്കുന്ന ക്യാമറകളിൽ വേഗ നിയന്ത്രണ പരിധി അറുപതാക്കും. അങ്ങനെ വന്നാൽ കേരളത്തിൽ ഉടനീളം വേഗ നിയന്ത്രണത്തിൽ വാഹനം ഓടിക്കുന്നവർ വലയും.
നിലവിൽ ഏത് റോഡിൽ വേണമെങ്കിലും എൺപത് കിലോമീറ്റർ പരിധിയിൽ വണ്ടി ഓടിക്കാം എന്നതാണ് അവസ്ഥ. എഐ ക്യാമറകളിൽ കുടുങ്ങി പിഴ അടയ്ക്കാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ പോവുകയും ചെയ്യും. ദേശീയ- സംസ്ഥാന- ഗ്രാമീണ പാതകളിൽ ഉൾപ്പെടെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകൾ വഴി പിടികൂടുന്നത്.
സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ചുമന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നത്, അമിത വേഗം തുടങ്ങിയവ തെളിവ് സഹിതം പിടിവീഴും. അമിത വേഗത പിടികൂടാൻ നാല് ക്യാമറകൾ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റുവയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകൾ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.
പിഴ വിവരം അറിയാം
നോ പാർക്കിങ്- 250
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500
മൊബൈൽ ഉപയോഗിച്ചാൽ- 2000
റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും
അമിതവേഗം 1500
നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളിൽ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസിൽ രജിസ്്‌ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കിൽ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാൽ അത്രയധികം തവണ പിഴയടക്കേണ്ടി വരും. അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകൾ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകൾ കണ്ടെത്തും. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപയാണ് പിഴ. അമിതവേഗത്തിന് 1500 രൂപ, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്താൽ 2000 രൂപ, അനധികൃതപാർക്കിങിന് 250 രൂപ, പിൻസീറ്റിൽ ഹെൽമെറ്റ് ഇല്ലെങ്കിൽ 500 രൂപ, മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപയാണ് പിഴ.
സംസ്ഥാനത്ത് നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തിൽ പൊലിയുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതും മോട്ടോർ വാഹനവകുപ്പിന്റെ മറ്റൊരു ലക്ഷ്യമാണ്. പിഴ തുകയിലൂടെ കിട്ടുന്ന പണവും റോഡ് വികസനത്തിനും മറ്റു കാര്യങ്ങൾക്കും ചെലവാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ