- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ മുടക്കി റോഡിലായ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന ഗതാഗത സെക്രട്ടറിയുടെ കുറിപ്പിൽ വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകിയ മന്ത്രിസഭ; നിർമ്മിത ബുദ്ധി ക്യാമറയ്ക്ക് പിന്നിൽ ഭരണ കക്ഷിയിലെ ഉന്നതന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; മുഖ്യമന്ത്രിക്ക് ഇനിയും കരിങ്കൊടി കാണേണ്ടി വരും; ആ ക്യാമറ കൊണ്ടു പോയത് ഖജനാവിലെ കോടികൾ
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങിയാൽ പ്രതിഷേധം. കെൽട്രോൺ അഴിമതി ആരോപണമുയർത്തിയാണ് പുതിയ പ്രതിഷേധം. എഐ ക്യാമറ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു നേരെ പത്തനംതിട്ടയിൽ രണ്ടിടത്ത് കരിങ്കൊടി കാട്ടി. അതിനിടെ ക്യാമറ ഇടപാടലിൽ വൻ അഴിമതി നടന്നുവെന്നാണ് സൂചനകൾ. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കെൽട്രോണിനെ മുന്നിൽ നിറുത്തി സ്വകാര്യ കമ്പനികൾ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നിൽ ഭരണകക്ഷിയിലെ ഉന്നതനായ നേതാവെന്ന് സൂചനയാണ് പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
കോന്നി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഇന്നലെ 11ന് കോന്നി ചൈനാമുക്കിലാണ് ആദ്യം കരിങ്കൊടി കാട്ടിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ജിതിൻ ജി.നൈനാൻ, അനൂപ് വേങ്ങവിളയിൽ, ഷിജു അറപ്പുരയിൽ, നിതിൻ അരുവാപ്പുലം എന്നിവരെ പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ വച്ചു. പത്തനംതിട്ടയിൽ അതിദാരിദ്യ നിർമ്മാജന പദ്ധതി പ്രഖ്യാപനം, അവകാശം അതിവേഗം പദ്ധതി എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനത്തിനു ശേഷം മടങ്ങവെ വൈകിട്ട് 5ന് കോളജ് ജംക്ഷനിൽ വച്ച് കെഎസ്‌യു പ്രവർത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി വീശി. വരും ദിനങ്ങളിലും പ്രതിഷേധം തുടരും.
കെൽട്രോൺ ഉപകരാർ കൊടുത്തതിലും അവർ മറുകരാർ നൽകിയതിലും രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ ഉണ്ടായിരുന്നുവെന്നാണറിയുന്നത്.ശോഭ റെണൈസൻസ് ഇൻഫർമേഷൻ ടെക്നോളജി (സ്രിറ്റ് ) പദ്ധതിയുമായി കെൽട്രോണിനെ സമീപിച്ചതിനു പിന്നാലെ, 2019ൽ കെൽട്രോണാണ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്. ഉപകരാർ ലഭിച്ച സ്രിറ്റ് മറുകരാർ കൊടുത്തതാകട്ടെ 2020ൽ രജിസ്റ്റർ ചെയ്ത കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിക്കാണ്.അഞ്ചു വർഷത്തെ ബിൽഡ് ഓൺ ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ പദ്ധതിയുടെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി ആയിട്ടാണ് കെൽട്രോൺ പദ്ധതിയുടെ ഭാഗമാവുന്നത്. തുടർ നടപടികളെല്ലാം സുതാര്യമാകണമെന്ന് സർക്കാർ ഉത്തരവിൽ നിർദേശിച്ചിരുന്നെങ്കിലും ഉപകരാർ ഉൾപ്പെടെ കെൽട്രോൺ മറച്ചുവച്ചു.
തുകയിൽ പൊരുത്തക്കേട് കണ്ടെത്തിയെങ്കിലും 'ഗതാഗത കമ്മിഷണർ നൽകിയ വർക്ക് ഓർഡർ റദ്ദ് ചെയ്യാൻ സാധിക്കാത്തതിനാൽ സമഗ്ര ഭരണാനുമതി നൽകുന്നു' എന്ന് രേഖപ്പെടുത്തി ഗതാഗത സെക്രട്ടറി അന്തിമ ഉത്തരവ് ഇറക്കുകയായിരുന്നു. ദേശീയ തലത്തിൽ വിളിച്ച ടെൻഡറിൽ പങ്കെടുത്താണ് എ.ഐ കാമറ സ്ഥാപിക്കുന്നതിനുള്ള കരാർ നേടിയതെന്ന് 'സ്രിറ്റ്' എം.ഡി മധുനമ്പ്യാർ അറിയിച്ചു.നിർമ്മിത ബുദ്ധിയിൽ 16 സംസ്ഥാനത്തും പ്രൊഡക്ടുകൾ നൽകിയിട്ടുമുണ്ട്. ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഏറെക്കാലമായി പ്രവർത്തിക്കുന്നു.
25 കോടി വരെയുള്ള പ്രൊജക്ടിൽ നേരിട്ടാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. അതിന് മുകളിൽ പോയാൽ മറ്റ് നിക്ഷേപകരുണ്ടാവും. എന്നാൽ ഈ പറയുന്നത് പോലെ അത്ര സുതാര്യമായിരുന്നില്ല കാര്യങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പദ്ധതിയുടെ പ്രവർത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സർക്കാർ പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ കോടികൾ മുടക്കി റോഡിലായ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന് ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പരിഗണിച്ച മന്ത്രിസഭാ യോഗം വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകുകയായിരുന്നു.
ഗതാഗത നിയമ ലംഘനം പിടികൂടാൻ 2018 ൽ ബി ഒ ടി മാതൃകയിൽ കെൽട്രോൺ പദ്ധതി തയ്യാറാക്കിയതോടെയാണ് എഐ ക്യാമറകളെ കുറിച്ച് ചർച്ചകളാരംഭിക്കുന്നത്. 2019ലാണ് ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. സർക്കാരിന് മുതൽ മുടക്കില്ലാതെ ക്യാമറകൾ സ്ഥാപിച്ച ശേഷം പിഴത്തുകയിൽ നിന്നും അഞ്ചു വർഷം കൊണ്ട് ചെലവായ പണം തിരിച്ചു പിടിക്കുന്നതായിരുന്നു ആദ്യ മോഡൽ. കെൽട്രോണിന് നേരിട്ട് ടെണ്ടർ വിളിച്ച് സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാമായിരുന്നു. എന്നാൽ ധനവകുപ്പും, ധനവകുപ്പിന്റെ സാങ്കേതിക പരിശോധന വിഭാഗവും നടത്തിയ പരിശോധനക്ക് പിന്നാലെ 2020 ൽ കെൽട്രോണിനെ പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റാക്കി മാറ്റി. ഇതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
നേരിട്ട് പദ്ധതി നടപ്പാക്കാൻ കെൽട്രോണിനോട് ആവശ്യപ്പെട്ട സർക്കാർ തന്നെ, പൊതുമേഖലാ സ്ഥാപനത്തെ കൺസൾട്ടൻസിയാക്കി സ്വകാര്യ മേഖലയെ പണിയേൽപ്പിക്കാൻ ആവശ്യപ്പെട്ടു. ഒരേ ഉത്തരവിൽ കെൽട്രോണിന് രണ്ടു മോഡൽ കരാറിലേപ്പെടാൻ അനുമതി നൽകി. ഈ ആശയക്കുഴപ്പം നിലനിൽക്കേ, 2020 ൽ തന്നെ ഗതാഗത കമ്മീഷണറും കെൽട്രോണുമായി ധാരണ പത്രം ഒപ്പിട്ടു. ആദ്യ ഘട്ടത്തിൽ പണം മുടക്കുന്ന കെൽട്രോണിന് പദ്ധതി ആരംഭിക്കുന്ന അന്നു മുതൽ മൂന്നു മാസം കൂടുമ്പോൾ 11 കോടി തിരികെ നൽകുമെന്ന് ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗതാഗത കമ്മീഷണും കെൽട്രോൺ എംഡിയുമായി ധരണ പത്രവും 2020ൽ ഒപ്പിട്ടു.
ഇതിന് പിന്നാലെയാണ് കെൽട്രോൺ ഉപകരാർ സ്വകാര്യ കമ്പനിക്ക് നൽകുന്നതും ക്യാമറകൾ സ്ഥാപിക്കുന്നതും. ക്യാമറകൾ സ്ഥാപിച്ച് പിഴ ചുമത്താനുള്ള സർക്കാർ അനുമതിക്ക് വേണ്ടി മോട്ടോർ വാഹന വകുപ്പ് ഫയലുമായി ചെന്നപ്പോഴാണ് ചീഫ് സെക്രട്ടി ക്യാമറ കരാറിന് പിന്നിലെ നിയമ ലംഘനങ്ങളുടെ ചുരുളഴിക്കുന്നത്. കരാർ ഏത് മാതൃകയിൽ, തിരിച്ചടവ് രീതിയെങ്ങനെ, പിഴപ്പണത്തിൽ നിന്നാണ് തിരിച്ചടവെങ്കിൽ പിഴ കുറഞ്ഞാൽ പണമെവിടെ നിന്ന് തുടങ്ങിയ ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരമില്ലായിരുന്നു. തെറ്റുകൾ തിരുത്തി പദ്ധതിക്ക് അനുമതി നൽകണമെന്ന് മോട്ടർ വാഹന വകുപ്പ് ആവശ്യം മന്ത്രിസഭയ്ക്ക് മുന്നിൽ എത്തിച്ചതോടെയാണ് കോടികൾ മുടക്കി ക്യാമറ സ്ഥാപിച്ചത്. ഇനി പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാകില്ല. പൊതുമേഖലാ സ്ഥാപനം നടപ്പാക്കിയ പദ്ധതിയുടെ തെറ്റുകൾ പരിഹരിച്ച് അനുമതി നൽകണമെന്ന തുടങ്ങിയ കാരണങ്ങൾ നിരത്തി ഗതാഗത സെക്രട്ടറി എഴുതിയ കുറിപ്പ് പരിഗണിച്ചാണ് ക്യാമറക്ക് അനുമതി.
മറുനാടന് മലയാളി ബ്യൂറോ