തിരുവനന്തപുരം: എഐ ക്യാമറയിൽ ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദ്ദേശം നടപ്പായില്ല. റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങും. ഒരു മാസമാണു മുന്നറിയിപ്പിനു നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും.

ആദ്യമാസം ചെല്ലാൻ എത്താത്തിന് കാരണം കെട്രോണിന്റെ പിടിവാശിയാണ്. കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്. ഇതോടെ മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി. പുറത്തു വന്ന വിവരങ്ങളിൽ ഉപകരാറുകളിലൂടെ കെൽട്രോൺ ഈ പദ്ധതിയിൽ ഒരു പണിയും എടുക്കാതെ ലാഭമുണ്ടാക്കുകയായിരുന്നു. എന്നിട്ടും മന്ത്രി പറയുന്നത് പോലും പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ പ്രവർത്തിച്ചില്ല.

ധനവകുപ്പിന്റെ എതിർപ്പ് പൂർണമായും അവഗണിച്ചായിരുന്നു എഐ ക്യാമറ പദ്ധതിക്കുള്ള മന്ത്രിസഭാനുമതിയെന്നും വ്യക്തമാകുകയാണ്. നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്നു വ്യക്തമാക്കുന്നതാണ് ധനവകുപ്പിന്റെ മുന്നറിയിപ്പുകളോടുള്ള ഈ അവഗണന. ഫയൽ അനുമതിക്കായി ആദ്യം വന്നപ്പോൾത്തന്നെ പദ്ധതിയുടെ സാമ്പത്തികമാതൃകയിൽ ധനവകുപ്പ് അവ്യക്തത ചൂണ്ടിക്കാണിച്ചിരുന്നു. കരാറുകാരെ സുതാര്യമായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഇതൊന്നും നടന്നില്ല. അങ്ങനെ അടിമുടി ദുരൂഹമാണ് ഈ പദ്ധതി. അതിലാണ് മന്ത്രിയുടെ പ്രഖ്യാപനം കെൽട്രോൺ തള്ളിയതും. അതിനിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിന് വേണ്ടിയാണ് അഴിമതിയെന്ന വാദവും ചർച്ചകളിലുണ്ട്.

നിർമ്മിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജാഗ്രതയും സുതാര്യതയും പാലിക്കാൻ ധനവകുപ്പ് ഓർമിപ്പിച്ചത് രണ്ടുതവണ. ആദ്യം പദ്ധതിക്ക് അനുമതി തേടിയപ്പോഴും മന്ത്രിസഭാനുമതി നൽകുന്നതിനുമുമ്പുമായി രണ്ടുവട്ടം ഫയലുകൾ ധനവകുപ്പിലെത്തി. രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു. പിന്നീട്, മന്ത്രിസഭ പരിഗണിച്ച ഫയലാവട്ടെ, അംഗീകാരത്തിനായി ധനവകുപ്പിൽ വന്നില്ല. അതിനാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കണ്ടിട്ടില്ല.

വാഹനയാത്രികരുടെ സുരക്ഷയ്ക്ക് ഇത്തരമൊരു പദ്ധതി അത്യാവശ്യമായതിനാൽ, പദ്ധതിയുടെ സാമ്പത്തികമാതൃകയിലും സുതാര്യതയിലുമൊക്കെ വീണ്ടും എതിർപ്പുകൾ ഉന്നയിച്ചും തിരുത്തൽ ശുപാർശചെയ്തും ഉദ്യോഗസ്ഥതലത്തിൽത്തന്നെ ഫയലുകൾ തിരിച്ചയക്കുകയായിരുന്നു. പദ്ധതിനിർവഹണത്തിനുമുമ്പ് കൈക്കൊള്ളേണ്ട നടപടികളും ശുപാർശ ചെയ്തു. എന്നാൽ, ഫയൽ പിന്നെ ധനവകുപ്പിൽ തിരിച്ചെത്തിയില്ല.

ധനവകുപ്പ് ശുപാർശ ചെയ്തതിൽനിന്ന് ഭിന്നമായ സാമ്പത്തിക മാതൃകയായതിനാൽ നടപടിക്രമങ്ങളും വില സംബന്ധിച്ച ധാരണയുമൊക്കെ വ്യക്തമാക്കി പദ്ധതിനിർവഹണത്തിനായി മന്ത്രിസഭയുടെ അനുമതി തേടാം. ക്യാമറാസംവിധാനം സ്വകാര്യപങ്കാളി കൈകാര്യംചെയ്യുന്നതിനാൽ കെൽട്രോണിനായി നിർദ്ദേശിക്കപ്പെട്ട കൺസൾട്ടൻസി നിരക്കിൽ പുനഃപരിശോധന വേണം-ഇതായിരുന്നു ധനവകുപ്പിന്റെ കുറിപ്പ്. ഒന്നാം പിണറായി സർക്കാരിന്റെകാലത്ത് എ.ഐ. ക്യാമറാപദ്ധതിയുടെ പ്രാരംഭഘട്ടത്തിലുള്ള ഫയൽ 2020 മേയിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനു മുന്നിലെത്തിയിരുന്നു. ഫയൽ കണ്ടു എന്നു രേഖപ്പെടുത്തി അദ്ദേഹം ഫയൽ മടക്കി.

ഐഎ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുമായി ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ രംഗത്തു വന്നിരുന്നു. എഐ ക്യാമറ കരാറിൽ ഉൾപ്പെട്ട പ്രസാഡിയോ ടെക്നോളജീസിന്റെ ഡയറക്റ്റർ രാംജിത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ കിരണിന്റെ ഭാര്യ ദീപയുടെ പിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി ആണെന്നും ശോഭ പറഞ്ഞു. രാംജിത്തിനെ മുന്നിൽ നിർത്തി സർക്കാരിന്റെ പലകരാറുകളും സ്വന്തമാക്കുന്നത് പ്രകാശ് ബാബു ആണെന്നും ശോഭ.

കേരളത്തിന്റെ പ്രതിപക്ഷ നേതാക്കൾ ഇദ്ദേഹം പേര് പറയാതിരിക്കുന്നത് സർക്കാരിനെ സഹായിക്കാനാണെന്നും ശോഭ. തീവെട്ടിക്കൊള്ളയാണ് എഐ ഇടപാടിലൂടെ നടന്നതെന്നും അതിനാൽ കേന്ദ്ര ഏജൻസികൾ വിഷയം അന്വേഷിക്കണമെന്നും ശോഭ.