- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐ. ക്യാമറ അഴിമതി ആവിയാക്കാൻ ''നിർമ്മിതബുദ്ധി'' സജീവം; വിജിലൻസിന്റെയും വ്യവസായവകുപ്പിന്റെയും അന്വേഷണങ്ങളിൽ കെൽട്രോൺ മാത്രമാകും പ്രതി.ന്നെ് സൂചന; കമ്പനി പണം നൽകാനുള്ളവരുടെ പട്ടിക പ്രതിപക്ഷത്തിനടക്കം ലഭിച്ചതിനു പിന്നിൽ സിപിഎമ്മിലെ ഭിന്നത; പ്രസാഡിയോയ്ക്കുണ്ടായത് വൻ വളർച്ച
കോഴിക്കോട്: അഞ്ചു വർഷം മുൻപ് 9.36 ലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച പ്രസാഡിയോ കമ്പനിയുടെ വളർച്ചയും ഇടപാടുകളും അമ്പരപ്പിക്കുന്നത്. ഒ.ബി.രാംജിത്ത്, സുരേന്ദ്രൻ നെല്ലിക്കോമത്ത്, സുരേന്ദ്രന്റെ മകൻ ജിതിൻ നെല്ലിക്കോമത്ത്, കിഴുപ്പിട വളപ്പിൽ അനീഷ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാർ. പ്രധാന പങ്കാളിത്തം ഒ.ബി.രാംജിത്തിനും സുരേന്ദ്രൻ നെല്ലിക്കോമത്തിനുമാണ്. ഒ.ബി.രാംജിത്താണ് കമ്പനിക്കുവേണ്ടി ഇടപാടുകൾ നടത്തുന്നത്. ഈ കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
അതിനിടെ റോഡ് ക്യാമറ പദ്ധതി സംബന്ധിച്ച് വ്യവസായ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഫലപ്രാപ്തിയിൽ സംശയമുയരുന്നു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് അന്വേഷിക്കുന്നത്. കെൽട്രോണിന്റെ ഭാഗത്തെ വീഴ്ചകളാണ് പരിശോധിക്കുന്നതെന്നാണ് മുഹമ്മദ് ഹനീഷ് വ്യക്തമാക്കിയത്. എന്നാൽ ആദ്യം മുതൽ കെൽട്രോണിനും പ്രസാഡിയോ കമ്പനിക്കും അനുകൂലമായി നീക്കം നടത്തിയതിനു പിന്നിൽ ഗതാഗത വകുപ്പിലെയും സർക്കാരിലെയും ഉന്നതർക്കു പങ്കുണ്ടെന്നാണ് ആരോപണം. ഇതിനിടെയാണ് കമ്പനിയുടെ വളർച്ച ചർച്ചയാകുന്നത്. വിജിലൻസ് അന്വേഷണം കാര്യക്ഷ്മമായാൽ എ്ല്ലാ സത്യവും പുറത്തു വരും.
എന്നാൽ എ.ഐ. ക്യാമറ അഴിമതി ആവിയാക്കാൻ ''നിർമ്മിതബുദ്ധി'' പ്രവർത്തിച്ചുതുടങ്ങിയെന്നും സൂചനയുണ്ട്. ആരോപണമുന മുഖ്യമന്ത്രിയിലേക്ക് ഉൾപ്പെടെ നീണ്ടതോടെ എല്ലാം കെൽട്രോണിന്റെ നോട്ടപ്പിശകാക്കി മാറ്റി വിവാദം അവസാനിപ്പിക്കാൻ നീക്കം. വിജിലൻസിന്റെയും വ്യവസായവകുപ്പിന്റെയും അന്വേഷണങ്ങളിൽ കെൽട്രോൺ മാത്രമാകും പ്രതിസ്ഥാനത്തെന്നാണു സൂചന. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ്ബാബുവും പ്രസാഡിയോയും തമ്മിലുള്ള ഇടപാടുകളുടെ വിവരങ്ങളാണു കമ്പനി രജിസ്ട്രാർക്കു സമർപ്പിക്കപ്പെട്ട ഫിനാൻഷ്യൽ റിപ്പോർട്ടിലുള്ളത്. പ്രകാശ്ബാബു ഉൾപ്പെടെ കമ്പനി പണം നൽകാനുള്ളവരുടെ പട്ടിക പ്രതിപക്ഷത്തിനടക്കം ലഭിച്ചതിനു പിന്നിൽ സിപിഎമ്മിൽത്തന്നെ ചിലർക്കു പങ്കുള്ളതായി നേതൃത്വം സംശയിക്കുന്നു.
ആദ്യ വർഷം ഒന്നര ലക്ഷം രൂപ മാത്രം വരുമാനമുണ്ടായിരുന്ന കമ്പനി നടത്തിയത് വിദേശ വ്യാപാരം അടക്കമുള്ള ഇടപാടുകൾ. കമ്പനിയുടെ വരുമാനവും ആകെ ചെലവുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 2020, 2021 വർഷത്തെ ഇടപാടുകാരുടെ പട്ടികയിലാണു മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബു അയ്യത്താന്റെ പേരു പരാമർശിക്കുന്നത്. തൊട്ടടുത്ത വർഷങ്ങളിൽ വൻവളർച്ച നേടിയ കമ്പനി 2019.ൽ 7.24 കോടി രൂപ വരുമാനമുണ്ടാക്കി. മൂന്നാമത്തെ വർഷം 9.82 കോടി രൂപയായി വരുമാനം ഉയർന്നു. അതേസമയം, സ്പ്രിൻക്ലറിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്ന് തന്നോട് ശിവശങ്കർ പറഞ്ഞതായി സ്വപ്ന പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ ഒന്നും തെളിഞ്ഞില്ല. എഐ ക്യാമറ അഴിമതിയും അങ്ങനെയാകുമെന്നാണ് വിലയിരുത്തൽ.
സ്പ്രിൻക്ലർ ഇടപാട് സംബന്ധിച്ച അന്വേഷണത്തിനും മുൻപ് സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. 5 മാസത്തിനു ശേഷം ഈ സമിതി നൽകിയ റിപ്പോർട്ടിൽ കോവിഡ് വിവര വിശകലനത്തിന് സ്പ്രിൻക്ലർ കമ്പനിക്ക് കരാർ നൽകിയതിൽ വീഴ്ച കണ്ടെത്തി. വിദേശ കമ്പനിയുമായി കരാർ ഒപ്പിടുമ്പോൾ പാലിക്കേണ്ട നടപടി പാലിച്ചില്ലെന്നുൾപ്പെടെ റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന സമിതി അധ്യക്ഷന്റെ നിർദ്ദേശവും നടപ്പായില്ല. റിപ്പോർട്ട് തിരിച്ചടിക്കുമെന്നു മനസ്സിലാക്കിയ സർക്കാർ, റിപ്പോർട്ട് പഠിക്കാൻ പുതിയ മൂന്നംഗ സമിതിയെ നിയോഗിച്ചത്. കരാർ മുഖ്യമന്ത്രിയെ പോലും അറിയിച്ചായിരുന്നില്ലെന്നും കരാർ സംസ്ഥാന താൽപര്യത്തിനു വിരുദ്ധമല്ലെന്നുമായിരുന്നു ഈ സമിതിയുടെ കണ്ടെത്തൽ.
എ ഐ ക്യാമറ വിവാദത്തിലിരിക്കെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നിരിക്കുകയായാണ് . ക്യാമറ കരാർ കിട്ടുമെന്ന് പ്രസാഡിയോയും ട്രോയ്‌സും നേരത്തേ അറിഞ്ഞു. 2020ലാണ് കരാർ നൽകിയത്. എന്നാൽ ഇതിന് മുൻപ് തന്നെ ട്രയൽ നടത്തിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. എഐ ക്യാമറ പദ്ധതി വിവരങ്ങൾ എല്ലാം ഉപകരാറെടുത്ത പ്രസാഡിയോ മുൻകൂട്ടി അറിഞ്ഞിരുന്നു. കെൽട്രോൺ എസ്ആർഐടി യുമായി കരാർ ഒപ്പിടും മുൻപ് ഉപകരാർ എടുക്കാൻ പ്രസാഡിയോ സജ്ജമായിരുന്നു. 2020 സെപ്റ്റംബർ 12നാണ് പ്രസാഡിയോ ഉപകരാറിൽ ഒപ്പിടുന്നത്. കരാർ കിട്ടുന്നതിന് മുമ്പ് തന്നെ ട്രോയിസ് കമ്പനി ട്രയൽ തുടങ്ങി. 2018 മുതൽ തന്നെ ട്രോയ്‌സ് കമ്പനി ക്യാമറ സ്ഥാപിച്ചതിന് തെളിവുകൾ പുറത്തുവന്നു.
കെ-ഫോൺ ഉൾപ്പെടെ മറ്റ് വൻകിടപദ്ധതികളിലും പ്രസാഡിയോ ഉപകരാർ നേടിയതിന്റെ വിവരങ്ങൾ പുറത്തുവന്നതിൽ പാർട്ടി ബന്ധമുണ്ടെന്നാണു സൂചന. സർക്കാർ നടപ്പാക്കുന്ന മിക്ക വൻപദ്ധതികളിലും ടെൻഡർ ഘട്ടം മുതൽ ഉപകരാറുകളിൽവരെ ഒരേ കമ്പനികളുടെ സ്ഥിരംസാന്നിധ്യവും കെ.എസ്.ആർ.ടി.സി. വസ്തുവകകൾവരെ ഏറ്റെടുക്കാനുള്ള നീക്കവും വരുംദിവസങ്ങളിൽ വിവാദമായേക്കും. കാമറ ഇടപാടിൽ ബന്ധുവിന്റെ പങ്കിനെക്കുറിച്ച് പരസ്യമായി ആരോപണമുയർന്നിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായിട്ടില്ല. മന്ത്രിസഭാതീരുമാനങ്ങൾ വിവരിക്കാൻ മുഖ്യമന്ത്രി മാധ്യമങ്ങൾക്കു മുന്നിലെത്തുമെന്നും അപ്പോൾ കാമറ വിവാദത്തിൽ പ്രതികരിക്കുമെന്നും കരുതിയെങ്കിലും അതുണ്ടായില്ല.
കാസർഗോഡും കണ്ണൂരും വെഹിക്കിൾ ഡ്രൈവിങ് ടെസ്റ്റിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഊരാളുങ്കലിൽനിന്ന് ഉപകരാറെടുത്തതു പ്രസാഡിയോയാണ്. 4.16 കോടി രൂപയുടെ പദ്ധതിയിൽ ഉപകരണങ്ങളുടെ വിതരണവും അനുബന്ധജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018-ൽ സ്ഥാപനം തുടങ്ങിയതിനു തൊട്ടുപിന്നാലെയാണു വമ്പൻ കരാർ പ്രസാഡിയോയെ തേടിയെത്തിയത്. എ.ഐ. കാമറ പദ്ധതി കെൽട്രോൺ വഴിയാണു സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കിൽ, ടെസ്റ്റിങ് സ്റ്റേഷനുകളുടെ കാര്യത്തിൽ കിഡ്കോ മുഖേനയാണ് ഊരാളുങ്കലിലേക്കും പ്രസാഡിയോയിലേക്കും എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ