- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാമറയ്ക്ക് 9.9 ലക്ഷം രൂപയാണു വിലയിട്ടിരിക്കുന്നതെങ്കിലും ഇതിന്റെ യഥാർഥ വില നാലര ലക്ഷം; കരാറിൽ പൊളിച്ചെഴുത്തിന് ഗതാഗത വകുപ്പിൽ നീക്കം; പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇനിയും നൽകിയില്ല; നിർമ്മിത ബുദ്ധി ക്യാമറയിൽ കുരുക്കഴിക്കാൻ സർക്കാരിൽ ആലോചന സജീവം
തിരുവനന്തപുരം: നിർമ്മിത ബുദ്ധി ക്യാമറയിൽ അന്വേഷണ റിപ്പോർട്ട് വൈകുന്നു. കെൽട്രോൺ വഴി കരാർ നൽകിയ ക്യാമറ ഇടപാടിൽ രണ്ടാഴ്ച പിന്നിട്ടിട്ടും റിപ്പോർട്ട് ആയില്ല. വ്യവസായ വകുപ്പിന്റെ ചുമതലയിൽനിന്നു എ.പി.എം. മുഹമ്മദ് ഹനീഷിനെ നീക്കിയിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഹനീഷിനായിരുന്നു അന്വേഷണ ചുമതല. ആരോഗ്യവകുപ്പിൽ ചുമതലയേറ്റെടുക്കുന്നതിനു മുൻപു റിപ്പോർട്ട് നൽകുമെന്നായിരുന്നു അറിയിച്ചതെങ്കിലും അതുണ്ടായില്ല. ഇനിയും റിപ്പോർട്ട് വൈകുമെന്നാണ് സൂചന.
റോഡ് ക്യാമറ ഇടപാടിലും ക്യാമറകളുടെ വിലയിലും ശേഷിയിലും ആരോപണമുയർന്ന സാഹചര്യത്തിൽ മോട്ടർ വാഹനവകുപ്പും കെൽട്രോണുമായുള്ള അന്തിമ കരാറിനു മുൻപ് ഇതേ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള മറ്റു നഗരങ്ങളിലെ പ്രവർത്തനത്തിന്റെ താരതമ്യപഠനം നടത്തുമെന്നാണ് സൂചന. ഗതാഗത കമ്മിഷണറാണ് ഇതു പരിശോധിക്കുന്നത്. ലക്‌നൗ, ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിൽ സ്മാർട്‌സിറ്റി പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ വിലയും അവയുടെ ശേഷിയും പ്രവർത്തന രീതിയുമാണു പഠിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണ റിപ്പോർട്ടും വൈകുന്നത്.
അന്വേഷണത്തിനു സമയപരിധി വച്ചിരുന്നില്ലെങ്കിലും 'എത്രയും വേഗം' റിപ്പോർട്ട് നൽകുമെന്നാണു വ്യവസായ വകുപ്പ് തുടക്കം മുതൽ പറഞ്ഞിരുന്നത്. വകുപ്പ് മാറിയെങ്കിലും പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ മുഹമ്മദ് ഹനീഷാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് നൽകാത്തതിനു വ്യക്തമായ കാരണം വ്യവസായ വകുപ്പ് പറയുന്നില്ല. ആരോപണം ഉയർന്നതിനെത്തുടർന്നു കഴിഞ്ഞ 26നു വാർത്താ സമ്മേളനം വിളിച്ചാണു മന്ത്രി പി.രാജീവ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ ഒപ്പമിരുത്തി ക്യാമറ കരാറിൽ കെൽട്രോണിനെ മന്ത്രി അടിമുടി ന്യായീകരിച്ചിരുന്നു. ഉദ്യോഗസ്ഥന് എങ്ങനെ അതിനു വിരുദ്ധമായി റിപ്പോർട്ട് നൽകാനാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതും റിപ്പോർട്ട് വൈകാൻ കാരണമായി എന്നാണ് വിലയിരുത്തൽ.
ക്യാമറയുമായി ബന്ധപ്പെട്ട് പദ്ധതി നടത്തിപ്പുകാരിൽ നിന്നു സർക്കാർ ഔദ്യോഗികമായി തന്നെ ഇക്കാര്യങ്ങളിൽ റിപ്പോർട്ട് തേടും. കെൽട്രോണിനു പണം നൽകുന്നതിനു മുൻപു കരാറിലെ ന്യൂനത മാറ്റി പുതുക്കിയ കരാർ തയാറാക്കാൻ ഗതാഗത കമ്മിഷണറോടാണു ഗതാഗതവകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്. 24നു മുൻപു കരാറിന്റെ കരട് കമ്മിഷണർ കൈമാറും. ഇതു വ്യവസായ, ധന വകുപ്പുകൾക്കു കൂടി കൈമാറി അഭിപ്രായമറിഞ്ഞ ശേഷമാകും വ്യവസ്ഥകൾ അന്തിമമാക്കുക. ഇതിലൂടെ ഖജനാവ് നഷ്ടം കുറയ്ക്കാനാണ് നീക്കം. ഭാവിയിൽ വിജിലൻസ് അന്വേഷണം വന്നാലും മാറ്റം വരുത്തിയാൽ പ്രശ്‌നമാകില്ല.
ക്യാമറയ്ക്ക് 9.9 ലക്ഷം രൂപയാണു വിലയിട്ടിരിക്കുന്നതെങ്കിലും ഇതിന്റെ യഥാർഥ വില നാലര ലക്ഷമാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണു കെൽട്രോൺ വിശദീകരിക്കുന്നത്. സർക്കാർ പണം മുടക്കില്ലെന്നു പറഞ്ഞതോടെയാണു ബിഒഒടി പദ്ധതിയെപ്പറ്റി ആലോചിച്ചത്. സർക്കാർ ആദ്യം തന്നെ പണം മുടക്കുകയാണെങ്കിൽ 90 കോടി മാത്രമേ പദ്ധതിക്കു ചെലവാകുകയുള്ളുവെന്നു കെൽട്രോൺ വിശദീകരിച്ചതായി സൂചനകളുണ്ട്.
ക്യാമറ സ്ഥാപിക്കുന്നതിനു 2 വർഷം വേണ്ടിവരും. പിന്നീട് 5 വർഷം കൊണ്ടു തവണകളായി സർക്കാർ പണം തിരികെ നൽകുന്നതാണു പദ്ധതിയിലെ വ്യവസ്ഥ. ഏഴുവർഷത്തെ പലിശയും കെൽട്രോണിന്റെ നിശ്ചിത ലാഭവും ജിഎസ്ടി ഉൾപ്പെടെ നികുതികളും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ കണക്കു കൂട്ടിയാണു ക്യാമറയുടെ വില 9.9 ലക്ഷം വിലയായി നിശ്ചയിച്ചതെന്നാണു കെൽട്രോൺ വാദം.
മറുനാടന് മലയാളി ബ്യൂറോ