കൊച്ചി: റോഡ് ക്യാമറ പദ്ധതിയിൽ 100 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു കൺസോർഷ്യം യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നാൽ തെളിവു നൽകാമെന്നും സതീശൻ പറഞ്ഞു. ആകെ 50 കോടിയിൽ താഴെ മാത്രം ചെലവു വരുന്ന പദ്ധതിയാണ് ഭീമൻ ചെലവിൽ നടപ്പാക്കിയതെന്നും കൊച്ചിയിൽ സതീശൻ ആരോപിച്ചു. പ്രകാശ് ബാബു സൂം മീറ്റിംഗിലാണ് പങ്കെടുത്തത്. ഇത് ക്ലൗഡ് സർവ്വറിൽ രേഖപ്പെടുത്തും. ഈ രേഖകൾ അഴിമതിക്ക് തെളിവായി മാറുമെന്നാണ് പ്രതിപക്ഷം പറയുന്നത്.

റോഡ് ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങൾ വ്യവസായ മന്ത്രി പി.രാജീവ് കഴിഞ്ഞദിവസം തള്ളിയിരുന്നു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഉപകരാറിൽ ഉൾപ്പെട്ട ഒരു കമ്പനിയുടെ ഏതോ ഒരാൾ ഗെസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് പണം നൽകാനുണ്ടെന്ന് കാണിച്ചത് മാത്രമാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന് പദ്ധതിയുമായുള്ള ബന്ധം. ഗെസ്റ്റ് ഹൗസ് ഉപയോഗിച്ചതിനു പണം കൊടുക്കരുതെന്ന് കരാറിലുണ്ടോയെന്നും, ഇതിന് ടെൻഡർ വ്യവസ്ഥയുമായി ബന്ധമുണ്ടോയെന്നും മന്ത്രി ചോദിച്ചു. ഇതിന് പിന്നാലെയാണ് കൺസോർഷ്യം യോഗത്തിൽ പ്രകാശ് ബാബു പങ്കെടുത്തുവെന്ന് സതീശൻ ആരോപിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അഴിമതി ആരോപണം എത്തുകയാണ്. ഗുരുതരമായ ആരോപണമാണ് സതീശൻ ഉയർത്തുന്നത്. ആരോപണങ്ങളിൽ തൽകാലം സിപിഎം പ്രതികരിക്കില്ല.

''കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണു വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മിഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചിരുന്നു. 45 കോടിയുടെ സാധനങ്ങൾക്ക് 157 കോടിയുടെ പ്രപ്പോസൽ നൽകി. ക്യാമറ പദ്ധതിയിൽ വിചിത്രമായ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിനെപ്പറ്റി അൽഹിന്ദ് കമ്പനി വളരെ നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. 2021 ഒക്ടോബർ 23നാണ് വ്യവസായ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്. പി.രാജീവ് വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ് അൽഹിന്ദ് റിപ്പോർട്ട് നൽകിയത്. പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്നും അൽഹിന്ദ് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു കൺസോർഷ്യം യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. യോഗത്തിൽ കൂടുതൽ സമയം സംസാരിച്ചത് പ്രകാശ് ബാബുവാണ്. ഇത് സ്വപ്ന പദ്ധതിയാണെന്നു പറഞ്ഞു. എസ്ആർഐടിയും കെൽട്രോണും തമ്മിലുണ്ടാക്കിയ കരാറിൽ ഈ കൺസോർഷ്യവുമുണ്ട്. എന്നാൽ ഗുരുതരമായ ആരോപണം ഉന്നയിച്ച് കൺസോർഷ്യത്തിലെ ഒരു കമ്പനി പിന്മാറി. പണം മുടക്കിയ കമ്പനികൾ പ്രകാശ് ബാബുവിനോടു പണം തിരിച്ചു ചോദിച്ചോ? പദ്ധതി വൻ തട്ടിപ്പാണെന്ന് മന്ത്രി രാജീവിനും വ്യവസായ സെക്രട്ടറിക്കും അറിയാമായിരുന്നു. മന്ത്രി രാജീവ് ഇക്കാര്യത്തിൽ മറുപടി പറയണം.'' സതീശൻ പറഞ്ഞു.

കെ ഫോണിൽ 1531 കോടി രൂപയുടെ കരാർ എസ് ആർ ഐ ടി, റയിൽടെൽ,എൽ എസ് കേബിൾ അടങ്ങുന്ന ഭേൽ കൺസോർഷ്യം നേടിയെടുത്തിന് ശേഷം എം എസ് പി കരാർ കാർട്ടലിലൂടെ എസ് ആർ ഐ ടി നേടിയെടുത്തിരുന്നു. ഈ പദ്ധതിയിലെ എല്ലാ കരാറുകളും വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാനാണു എസ് ആർ ഐ ടി ശ്രമിക്കുന്നത് . സർക്കാർ പദ്ധതിയെ ഒരു എസ് ആർ ഐ ടി പദ്ധതിയാക്കി മാറ്റിയിരിക്കുകയാണ് . എസ് ആർ ഐ ടി ക്ക് കരാർ ലഭിച്ചാൽ അത് പോകുന്നത് പ്രസാഡിയോക്കാണ്.

കെ ഫോൺ ഐ എസ് പി ( Internet Service Provider) ഹാർഡ്വേയർ സോഫ്ട്വെയർ ലഭ്യമാക്കാൻ 2023 ജനുവരിയിൽ കെ ഫോൺ ടെണ്ടർ ക്ഷണിച്ചു. എസ് ആർ ഐ ടി എം എസ് പി കരാറിൽ പങ്കെടുക്കുന്നതുകൊണ്ട് തന്നെ അവർക്ക് പകരമായി കൺസോർഷ്യത്തിലെ മറ്റൊരു പാർട്ണറായ റയിൽടെൽ ആണ് ഇതിൽ പങ്കെടുത്തു. ഐ എസ് പി ടെൻഡർ കഴിഞ്ഞാണ് എം എസ് പി ടെൻഡർ വിളിച്ചത്.. എന്നാൽ ഐ എസ് പി ടെൻഡർ നൽകുന്നതിന് മുൻപ് തന്നെ എസ് ആർ ഐ ടി ക്ക് എം എസ് പി ടെൻഡർ നൽകി. റയിൽറ്റലിനു കരാർ ലഭിച്ചാലും റയിൽടെൽ സ്ഥാപനമായ റയിൽ വെയറിന്റെ കേരളത്തിലെ എം എസ് പി യായ എസ് ആർ ഐ ടിക്ക് തന്നെയാണ് ഈ കരാർ പ്രവർത്തികൾ സ്വാഭാവികമായും ലഭിക്കുക . എ ഐ ക്യാമറയിൽ കാർട്ടൽ ഉണ്ടാക്കാൻ സഹായിച്ച അക്ഷര കമ്പനിയും ഈ കരാറിലും പങ്കെടുത്തു. പക്ഷെ, സാങ്കേതിക മികവിന്റെ അടിസ്ഥാനത്തിൽ കരാറിൽ L1 ആയി തെരെഞ്ഞെടുത്തത് തിരുവനന്തപുരത്തെ സിറ്റ്‌സ എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ്.

ടെൻഡർ വ്യവസ്ഥയിൽ സ്റ്റാർട്ട് അപ്പ് കമ്പനിക്ക് ഇളവുകൾ നൽകാമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകൾ നിലനിൽക്കുന്നുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ' prior turnover, prior experience' വ്യവസ്ഥകളിൽ ഇളവുകൾ അനുവദിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ടെക്നിക്കൽ ഇവാലുവേഷനിൽ പങ്കെടുത്തുകൊണ്ട് ടെൻഡറിൽ L1 ആയ കമ്പനിയെ കെ ഫോൺ കരാർ നടത്തിപ്പിനായി തെരെഞ്ഞെടുത്തു . എന്നാൽ, ഇതിനു ശേഷം ഈ ടെൻഡറിൽ പങ്കെടുത്ത മറ്റു കമ്പനികളായ റെയിൽറ്റെലും, അക്ഷരയും ഈ ടെൻഡർ ക്യാൻസൽ ചെയ്യണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടു കൊണ്ട് കെ ഫോണിന് കത്തു നൽകി . സ്റ്റാർട്ടപ്പ് കമ്പനിക്ക് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നൽകിയ ഇളവ് ഈ കരാറിൽ അനുവദിക്കാൻ പാടില്ല എന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്.

ടെൻഡർ പൂർത്തിയായ ശേഷം ടെൻഡർ ലഭിച്ച കമ്പനിയെ ചോദ്യം ചെയ്തുകൊണ്ട് അക്ഷരയും, റെയിൽറ്റെലും കെ ഫോണിന് നൽകിയ കത്തുകൾക്ക് ഈ കരാറിൽ കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥകൾ ബാധകമാണ് എന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നാണ് മറുപടി നൽകിയത് . പക്ഷെ കെ ഫോണിന്റെ ഈ നിലപാടിനെ മറികടന്നുകൊണ്ടാണ് ഐടി സെക്രട്ടറി ഇടപെട്ട് ഈ കരാർ റദ്ധാക്കിയത് . കെ ഫോൺ പദ്ധതിയുടെ ഒരു കരാറും എസ് ആർ ഐ ടി, റയിൽടെൽ ഒഴികെ മറ്റാർക്കും ലഭിക്കാൻ പാടില്ല എന്ന ദുരൂഹ ലക്ഷ്യമാണ് ടെൻഡർ പൂർത്തിയായ ശേഷവും ടെൻഡർ ക്യാൻസൽ ചെയ്തതിന്റെ പിന്നിൽ എന്ന് വേണം അനുമാനിക്കാൻ .

ഒരു പദ്ധതിയുടെ എല്ലാ കരാറുകളും പ്രധാന കരാർ ലഭിച്ച ഒരേ കൺസോർഷ്യത്തിലെ അംഗങ്ങൾ വീതിച്ചെടുക്കുന്നതു പദ്ധതിയെ മൊത്തം വിഴുങ്ങാൻ വേണ്ടിയാണ് എന്ന് വ്യക്തമാണ്. ഡാറ്റ അടക്കം ലഭ്യമാക്കാൻ സാധിക്കുന്ന ഈ ഐ എസ് പി കരാറിൽ ഇന്റർനെറ്റ് സേവനദാതാവായ റയിൽടെൽ ഭാഗമാകുന്നത് യഥാർത്ഥത്തിൽ Conflict of Interest ആണ് . സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും എന്ന് പറയുന്ന സർക്കാർ പക്ഷെ ഈ കരാറിൽ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ഇളവുകൾ നൽകിയ ശേഷമാണു ടെൻഡർ ക്യാൻസൽ ചെയ്തത്. കരാർ നൽകിയ ശേഷം ഒരു സ്റ്റേറ്റ്പിനു കരാർ നിഷേധിക്കാൻ സർക്കാർ കാട്ടിയ ശുഷ്‌ക്കാന്തി എന്തുകൊണ്ട് എല്ലാ വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് എ ഐ ക്യാമറ കരാർ നേടിയെടുത്ത എസ് ആർ ഐ ടി എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്-സതീശൻ പറയുന്നു.