തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലായിടത്തും സ്ഥാപിച്ച 726 എഐ ക്യാമറകളിലൂടെ ഗതാഗത നിയമലംഘനത്തിന് നാളെ മുതൽ പിഴ ചുമത്തി തുടങ്ങും. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാകും നോട്ടിസ് അയയ്ക്കുക. ഗതാഗത നിയമലംഘനങ്ങൾക്ക് ഒരുദിവസം 30,000 പിഴ നോട്ടീസുകൾ അയക്കാൻ സാധിക്കും. എന്നാൽ, മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ ക്യാമറയിൽ കുടുങ്ങിയാലും പിഴ അടക്കേണ്ടിവരില്ല. നിലവിൽ പ്രമുഖരെ ഒഴിവാക്കാനാണ് തീരുമാനം. പലപ്പോഴും വേഗ നിയന്ത്രണം കാറ്റിൽ പറത്തി നിരത്തുകളിലൂടെ പായുന്നത് മന്ത്രിമാരുൾപ്പെടെയുള്ളവരാണ്. നിയമം കർക്കശമാക്കിയാൽ ഏറ്റവും കൂടുതൽ പിഴ ഒടുക്കേണ്ടിവരുന്നതും ഇവരായിരിക്കും. ഈ സാഹചര്യത്തിലാണ് പ്രമുഖർക്ക് 'ഇളവ്' അനുവദിക്കുന്നത്.

726 എഐ ക്യാമറകളിൽ 625 എണ്ണം ഹെൽമറ്റ്, സീറ്റ്‌ബെൽറ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളിൽ മൂന്നുപേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്താൻ മാത്രമുള്ളതാണ്. രാത്രിയാത്രയിൽ പോലും കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്രയെങ്കിൽ കണ്ടുപിടിക്കാൻ ക്യാമറകൾക്കു ശേഷിയുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വ്യക്തമാകുന്നതടക്കം ഒരേസമയം ഒന്നിലധികം ഫോട്ടോകളാണ് എടുക്കുക. ഓപ്പറേറ്റർ തലത്തിലും ഇൻസ്‌പെക്ടർ തലത്തിലും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണു ശിക്ഷാനടപടികളിലേക്കു കടക്കുക. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റം തുടർ യാത്രയിൽ അടുത്ത ക്യാമറയിലും പതിഞ്ഞാൽ വീണ്ടും പിഴയൊടുക്കേണ്ടി വരുമെന്നും ആർടിഒ പറഞ്ഞു. ഒന്നിലധികം കുറ്റങ്ങൾ ചെയ്താൽ അത്രയും തവണ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ചുള്ള വിശദീകരണം.

ദേശീയ പാതയിൽ സ്പീഡ് ക്യാമറകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതിൽ കൂടുതൽ വേഗമെടുത്താൽ പിഴ ചുമത്തും. അതേസമയം റോഡിന്റെ മധ്യഭാഗത്തുള്ള വെള്ള, മഞ്ഞ വരകൾ തുടർച്ചയായി മുറിച്ചുകടക്കാൻ പാടുള്ളതല്ല. ഇരട്ട മഞ്ഞവരകളെ ഡിവൈഡറുകളായി പരിഗണിക്കണം. ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവർടേക്ക് ചെയ്യാം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാർക്കിങ് പാടുള്ളതല്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്‌കൂൾ മേഖലകളിൽ 30 കിലോമീറ്ററാണ് അനുവദനീയമായ വേഗത. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾ 50 കിലോമീറ്ററും സംസ്ഥാന പാതയിൽ കാറുകൾക്ക് 80 കിലോമീറ്ററും ദേശീയപാതയിൽ 85 കിലോമീറ്ററുമാണ്. നാലുവരി പാതയിൽ 70 കിലോമീറ്ററും ബസ്, ലോറി എന്നീ വാഹനങ്ങൾക്ക് 60 കിലോമീറ്ററുമാണ് വേഗ പരിധി.

കണ്ടെത്തുന്ന നിയമ ലംഘനങ്ങളും പിഴയും ഇങ്ങനെ:

നിരത്തിലോടുന്ന വാഹനങ്ങളുടെ ലൈറ്റുകൾ പ്രവർത്തിക്കാതിരിക്കുക, നോ പാർക്കിങ് ഏരിയയിൽ വാനം നിർത്തിയിടുക, റിയർവ്യൂ മിറർ ഇളക്കിമാറ്റുക ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 250 രൂപയാണ് പിഴ ഈടാക്കുക.

സീറ്റ് ബെൽറ്റ്, ഹെൽമറ്റ് ഉപയോഗിക്കാതിരുന്നാൽ 500 രൂപയാണ് പിഴ.

തുടർച്ചയായി വെള്ളവര മുറിച്ചു കടക്കൽ 250 രൂപ.കാർ യാത്രികർ അമിത വേഗതയിൽ സഞ്ചരിച്ചാൽ 1500 രൂപ.

ഇരു ചക്ര വാഹനത്തിൽ രണ്ട് പേരിൽ കൂടുതൽ പേർ സഞ്ചരിച്ചാൽ 2,000 രൂപ.

ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾ ആദ്യ പിഴ 2,000 തുടർന്നാൽ 4,000 രൂപയുമാണ്.

അപകടകരമായ ഓവർടേക്കിങ് -ആദ്യപിഴ 2000, ആവർത്തിച്ചാൽ കോടതിയിലേക്ക്.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം 2000.

(ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയർപോഡ്, നിയമവിരുദ്ധം) മഞ്ഞവര മുറിച്ചുകടന്നാൽ (അപടകരമായ ഡ്രൈവിങ്) 2,000

ലെയ്ൻ ട്രാഫിക് ലംഘനം 2,000

അതേസമയം പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും കോടികൾ ഖജനാവിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിൽ ക്യാമറകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പിഴയീടാക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് ഇപ്പോൾ ഒരുദിവസം ഇവ കണ്ടെത്തുന്നത്. ഈ മാസം 20 മുതൽ പിഴയീടാക്കി തുടങ്ങുമ്പോൾ ഇതേ കണക്കാണെങ്കിൽ കോടികളാണ് ഖജനാവിലേക്ക് എത്തുക. ഒരു നിയമലംഘനത്തിന് കുറഞ്ഞത് 500 രൂപ മാത്രം കണക്കാക്കിയാൽ പോലും ഒരുദിവസം അഞ്ചുലക്ഷം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 25 കോടിയാണ് പിഴത്തുകയായി ഖജനാവിലേക്ക് എത്തുക. സർക്കാറിന്റെ ഈ പ്രതീക്ഷ തെറ്റുമോ എന്നതാണ് അറിയേണ്ടത്.

24 മണിക്കൂറും നിരീക്ഷിച്ച് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനാൽ രാത്രിയും പകലുമെന്നില്ലാതെ വലിയൊരു നീരീക്ഷണമാണ് ഉണ്ടാവുക. 232.25 കോടി ചെലവിട്ടാണ് ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാർ, സൗരോർജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കൽ മൂന്നരക്കോടിയും ക്യാമറകൾ സ്ഥാപിച്ച ചെലവിൽ എട്ടരക്കോടിയും കെൽട്രോണിന് നൽകണം. കാമറാദൃശ്യങ്ങൾ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത് കെൽട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവുമാണ്. കാമറയുടെ 800 മീറ്റർ പരിധിയിലെ ലംഘനങ്ങൾ വരെ പിടിക്കും.

അമിത വേഗം, സീറ്റ് ബെൽറ്റ്, ഹെൽമറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇൻഷുറൻസ്, മലീനീകരണ സർട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, അനധികൃത പാർക്കിങ് തുടങ്ങിയ കാര്യങ്ങൾക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയിൽ എത്തുന്നോ അവയിൽ നിന്നൊക്കെ പിഴ വരും. ഒരേ കാര്യത്തിന് നിരവധി ക്യാമറകളിൽ നിന്ന് പിഴവന്നാൽ അതിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇതിൽ മാറ്റം വരുത്തണോയെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. ക്യാമറകളിൽ പുറത്തുനിന്ന് ഇടപെട്ട് കൃത്രിമം വരുത്താനാകില്ലെന്നാണ് അവകാശവാദം. 726 ക്യാമറകളിലെയും ദൃശ്യങ്ങൾ അഞ്ചുവർഷം വരെ സൂക്ഷിച്ചുവെക്കാനുള്ള സംവിധാനം ഡാറ്റാ സെന്ററുകളിലുണ്ട്. എന്നാൽ നിലവിൽ ഇവ ഒരുവർഷം സൂക്ഷിച്ചുവയ്ക്കാനാണ് തീരുമാനം. പൊലീസോ അന്വേഷണ ഏജൻസികളോ ആവശ്യപ്പെട്ടാൽ ഇവ നൽകുകയും ചെയ്യും. തുടക്കത്തിൽ വലിയൊരു തുക മാസം പിഴയായി ലഭിക്കുമെങ്കിലും പിഴവരുന്നത് കണക്കിലെടുത്ത് ആളുകൾ നിയമം പാലിച്ചുതുടങ്ങുമ്പോൾ പിഴയീടാക്കുന്നതിൽ കുറവുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് കണക്കുകൂട്ടുന്നത്.