തിരുവനന്തപുരം: വീണ്ടും എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് കോളടിക്കും. സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളുടെ കണക്കെടുപ്പുപ്രകാരം ആറായിരത്തിലേറെ പുതിയ അദ്ധ്യാപക തസ്തികകൾ വേണ്ടിവരുമെന്നു കണക്കുകൂട്ടൽ ഗുണം ചെയ്യുക മാനേജ്‌മെന്റുകൾക്കാണ്. അവർക്ക് വീണ്ടും കോഴ വാങ്ങി അദ്ധ്യാപക നിയമനം നടത്താനുള്ള അവസരമാകും ഇതുണ്ടാക്കുക. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി എസ് സിക്ക് വിടണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കുന്നില്ല. വോട്ട് ബാങ്കായി നിൽക്കുന്ന സാമുദായിക-മത സംഘടനകളാണ് ഇതിന്റെ നേട്ടം അനുഭവിക്കുന്നത്.

എയ്ഡഡ് സ്‌കൂളിൽ നടത്തിപ്പ് മാനേജ്‌മെന്റിനാണ്. എന്നാൽ ശമ്പളം നൽകുന്നത് സർക്കാരും. അതുകൊണ്ട് തന്നെ ആറായിരത്തിലേറെ പുതിയ തസ്തിക ഉണ്ടാകുമ്പോൾ അതിന്റെ കഷ്ടത സംസ്ഥാന സർക്കാരിനും ഖജനാവിനുമാണ്. എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് കോഴ വാങ്ങി അദ്ധ്യാപക നിയമനവും നടത്താം. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലായി 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നത് 38,32,395 കുട്ടികൾ.

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി 7,69,713 വിദ്യാർത്ഥികളും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 59,030 വിദ്യാർത്ഥികളുമുണ്ട്. ആകെ 46,61,138 വിദ്യാർത്ഥികൾ. 2 മുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ പുതുതായി ചേർന്നു. ഈ സാഹചര്യത്തിൽ അദ്ധ്യാപക നിയമനം അനിവാര്യതാണ്. സർക്കാർ സ്‌കൂളിന് അപ്പുറം എയഡഡ് മേഖലയിലാണ് കൂടുതൽ കുട്ടികൾ ചേർന്നതെന്നും സൂചനയുണ്ട്. അങ്ങനെ വന്നാൽ മൂവായിരത്തിൽ അധികം തസ്തികകൾ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് നിമയനം നടത്താനായി കിട്ടും.

അതേസമയം, അധികമായി വേണ്ടിവരുന്ന അദ്ധ്യാപക തസ്തികകളുടെ എണ്ണം സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇതു നിർണയിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നടപടികൾ പൂർത്തിയാക്കി മൂന്നാഴ്ചയ്ക്കകം അന്തിമ തീരുമാനമുണ്ടാകുമെന്നാണു സൂചന. ഇതിന് ശേഷം അതിവേഗ ഇടപെടലുകൾ ഉണ്ടാകും.

സർക്കാർ സ്‌കൂളുകളിൽ താൽകാലിക അടിസ്ഥാനത്തിൽ ഉടൻ അദ്ധ്യാപകരെ നിയമിക്കും. പി എസ് സി റാങ്ക് ലിസ്റ്റ് ഉണ്ടെങ്കിൽ അതിൽ നിന്നും നിയമനവും നടത്തും. എന്നാൽ എയ്ഡഡ് സ്‌കൂളുകൾക്ക് തസ്തിക സൃഷ്ടിച്ചാൽ ഉടൻ നിയമനത്തിലേക്ക് കടക്കാൻ കഴിയും.