- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച സംഭവത്തിൽ നടപടി; എയർ ഇന്ത്യയ്ക്ക് മുപ്പത് ലക്ഷം രൂപ പിഴ ചുമത്തി; വിമാനം നിയന്ത്രിച്ച പൈലറ്റിന്റെ ലൈസൻസ് റദ്ദാക്കി ഡിജിസിഎ; യാത്രക്കാരിയുടെ പരാതിയിൽ നടപടിയെടുക്കാൻ വൈകിയത് ചട്ടലംഘനമെന്ന് അധികൃതർ
ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടെ ശരീരത്തിൽ മദ്യലഹരിയിൽ സഹയാത്രികൻ മൂത്രമൊഴിച്ച കേസിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യാത്രക്കാരിയുടെ പരാതിയിൽ നടപടിയെടുക്കാൻ വൈകിയതിനാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. വിമാന സർവീസുകളുടെ ഡയറക്ടർ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കി.
സംഭവത്തിൽ എയർ ഇന്ത്യയോടു വിശദീകരണം തേടിയ ശേഷമാണ് ചട്ടലംഘനത്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയർ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. നവംബർ 26ന് നടന്ന സംഭവത്തിൽ ജനുവരി 4നാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ഉൾപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയത്. നിയമപ്രകാരമുള്ള കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. എയർ ഇന്ത്യയുടെ ഡയറക്ടർ ഇൻ ഫ്ളൈറ്റിന് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി.
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാലു മാസം യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെത്തുടർന്നു ജോലി നഷ്ടപ്പെട്ടിരുന്നു.
നവംബർ 26 നാണ് ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ 72-കാരിയായ സ്ത്രീയുടെ മേൽ മദ്യലഹരിയിൽ ശങ്കർ മിശ്ര എന്ന യാത്രക്കാരൻ മൂത്രമൊഴിച്ചെന്നാണ് പരാതി. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തിൽ കുതിർന്നതായി യാത്രക്കാരി നൽകിയ പരാതിയിൽ പറയുന്നു.
വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിമാനം ഡൽഹിയിലെത്തിയപ്പോൾ കൂസലില്ലാതെ ഇയാൾ ഇറങ്ങിപ്പോകുകയും ചെയ്തതായും യാത്രക്കാരി പറഞ്ഞു. ഇതേത്തുടർന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകിയത്.
പരാതി വിവാദമായതോടെ ഒളിവിൽ പോയ മിശ്രയെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാൾ. കേസിൽ ശങ്കർ മിശ്ര നൽകിയ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
പരാതിയിൽ നടപടികൾ സ്വീകരിക്കാതെയിരുന്ന എയർ ഇന്ത്യയുടെ നിലപാട് വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യ ശങ്കർ മിശ്രയ്ക്ക് നാലു മാസത്തെ യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ