കഠ്മണ്ഡു: കാഠ്ണ്ഡുവിലെ ത്രിഭുവൻ അന്തർ ദേശീയ വിമാനത്താവളത്തിനരികെ എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ കൂട്ടിയിടിയിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് മൂന്ന് എയർ ട്രാഫിക് കൺട്രോളർമാരെ (എടിസി) നേപ്പാൾ സസ്‌പെൻഡ് ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവർ ജോലിയിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം.

വിമാനങ്ങൾ കൂട്ടിയിടിക്കാൻ സാധ്യതയുള്ള തരത്തിൽ വ്യോമഗതാഗതം നിയന്ത്രിച്ചതിനാണ് നടപടി. എയർ ഇന്ത്യയുടേയും നേപ്പാൾ എയർ ലൈൻസിന്റേയും വിമാനങ്ങൾ കൂട്ടിയിടിക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. എയർ ട്രാഫിക് കൺട്രോളർമാർക്ക് എതിരായ നടപടിയെപ്പറ്റി നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി (സിഎഎഎൻ) പ്രസ്താവന ഇറക്കിയപ്പോഴാണു സംഭവത്തെപ്പറ്റി കൂടുതൽപേർ അറിഞ്ഞത്. 'അശ്രദ്ധയോടെ' ജോലി ചെയ്തതിനാണ് മൂന്ന് എയർ ട്രാഫിക് കൺട്രോളർമാരെ സസ്‌പെൻഡ് ചെയ്തതെന്നു സിഎഎഎൻ വക്താവ് ജഗന്നാഥ് നിരൗള അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വാലലംപുരിൽനിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന നേപ്പാൾ എയർലൈൻസിന്റെ എയർബസ് എ320 ആണ് ന്യൂഡൽഹിയിൽനിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന എയർ ഇന്ത്യയുടെ വിമാനവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയത്. ഒരേ ലൊക്കേഷനിൽ എയർ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തിലും നേപ്പാൾ എയർലൈനിന്റെ വിമാനം 15,000 അടി ഉയരത്തിലുമാണു സഞ്ചരിച്ചിരുന്നത്. ഇരുവിമാനങ്ങളും അടുത്തടുത്താണെന്ന് കണ്ടെത്തിയതിനേത്തുടർന്ന് നേപ്പാൾ എയർലൈൻസ് വിമാനം 7,000 അടി ഉയരത്തിലേക്ക് തിരിച്ചിറക്കിയാണ് കൂട്ടിയിടി ഒഴിവാക്കിയത്.

 

വിമാനങ്ങൾ അപകടകരമായി അടുത്തടുത്തു വരുന്നതു റഡാറിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേപ്പാൾ എയർലൈനിന്റെ വിമാനം അടിയന്തരമായി 7,000 അടിയിലേക്ക് താഴ്‌ത്തുകയായിരുന്നെന്നു സിഎഎഎൻ വക്താവ് ജഗന്നാഥ് നിരൗള വ്യക്തമാക്കി. ഈ സമയത്ത് കൺട്രോൾ റൂമിന്റെ ചുമതലയിലുണ്ടായിരുന്ന എയർ ട്രാഫിക് കൺട്രോളർമാർക്ക് എതിരെയാണു നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ അഥോറിറ്റി മൂന്നംഗ സമിതി രൂപീകരിച്ചു. വിഷയത്തിൽ എയർ ഇന്ത്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

വിമാനങ്ങൾക്ക് കൃത്യമായി നിർദ്ദേശം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് മൂന്ന് എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ജീവനക്കാരുടെ അശ്രദ്ധയാണ് വിമാനങ്ങൾ അടുത്തുവരാൻ കാരണമെന്നും വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപംനൽകിയെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു.