തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനിയുടെ തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കുമ്പോൾ സമരം പൊളിക്കാൻ അതിശക്തമായ നീക്കങ്ങളും സജീവമാണ്. വിഴിഞ്ഞം സമരം നയിക്കുന്നത് ലാറ്റിൻ അതിരൂപതയാണെന് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണ്. അതേസമയം ഈസമരം പൊളിക്കാൻ വേണ്ടി കേരളത്തിലെ അറിയപ്പെടുന്നൊരു സംഘടനയെ കൂടി ഇതിലേക്ക് വലിച്ചിഴച്ചിരുന്നു. വിഴിഞ്ഞം സമരം അട്ടിമറിക്കൻ വേണ്ടി, സമരസമിതി നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടന 11 കോടി വിദേശ ഫണ്ട് വാങ്ങിയെന്ന ആരോപണവുമായി രംഗത്തുവന്നത് ന്യൂസ് 18 കേരളം ചാനലായിരുന്നു. ഇവർക്കെതിരെ ഏലിയാമ്മ വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു കഴിഞ്ഞു.

അതേസമയം വിഴിഞ്ഞം തുറമുഖം വരുമ്പോൾ കുടിയറക്കപ്പെടുന്നവരുടെ പുനരധിവാസം അടക്കമുള്ള ആവശ്യങ്ങൾ ശക്തമാകവേ അക്കാര്യം മറന്നു കണ്ടാണ് സഖിക്കെതിരെ വ്യാജ ആരോപണവും ഉയർത്തുന്നത്. കഴിഞ്ഞ 25 വർഷത്തിൽ അധികമായി സജീവമാിയ പ്രവർത്തിക്കുന്ന സ്ത്രീശാക്തീകരണ സംഘടനയാണ് സഖി എന്നത്. കേന്ദ്രസർക്കാറിന്റെ അംഗീകാരത്തോടെ ചാരിറ്റിക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. ഇവരുടെ എഫ്.സി.ആർ.എ അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ കണക്കു ചൂണ്ടിയായിരുന്നു വ്യാജവാർത്ത സൃഷ്ടിക്കപ്പെട്ടത്.

വനിതാ ശാക്തീകരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇവർ. ഫണ്ട് വിനിയോഗത്തിൽ അടക്കം കൃത്യമായ കണക്ക സൂക്ഷിക്കുന്നവരാണ് ഈ സംഘടന. തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം അടക്കം വന്ന കാലത്ത് സത്രീകൾക്ക് പരിശീലന പരിപാടികൾ അടക്കം നടത്തിയാണ് ഈ സംഘടന സമൂഹത്തിൽ ഇടംപിടിച്ചത്. അങ്ങനെയുള്ള സംഘടനക്കെതിരെയാണ് വിഴിഞ്ഞത്തിന്റെ പേരിൽ ഇല്ലാത്ത ആരോപണം എത്തിയിരിക്കുന്നത്. മോദി സർക്കാർ അധികാരത്തിലേറിയത് അടക്കം എഫ്.സി.ആർ.എ അക്കൗണ്ടിന്റെ കാര്യത്തിൽ അടക്കം കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതെല്ലാം കൃത്യമായി പാലിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.

സഖിയുടെ പ്രവർത്തനങ്ങൾക്കായി വർഷാവർഷം ഫണ്ട് ലഭിക്കുന്നുണ്ട്. അങ്ങനെ ലഭിച്ച ഫണ്ടുകളുടെ ആകെ തുകയാണ് 11 കോടി രൂപ. ഇതാണ് വിഴിഞ്ഞം അട്ടിമറിക്കാനെന്ന ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നത്. 1996-ൽ ത്രിവത്സര മാക് ആർതർ ഫൗണ്ടേഷൻ ഫെലോഷിപ്പ് ഉപയോഗിച്ച് ഏലിയാമ്മ വിജയൻ തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റാണ് സഖി. സ്ത്രീ ശാക്തീകരണത്തിനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടലുമാണ് സംഘടനയുടെ പ്രവർത്തനം. നിലവിൽ ഏലിയാമ്മ വിജയൻ അടക്കം അഞ്ച് അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്.

കേരളത്തിലെ ജനകീയാസൂത്രണം ആരംഭിച്ച അതേ സമയത്താണ് ഈ സംഘടനയ്ക്ക് തുടക്കമായതും. ജനകീയാസൂത്രണത്തിന്റെ ഉന്നതമാർഗ്ഗനിർദ്ദേശക സമിതിയിൽ ഏലിയാമ്മ വിജയനും അംഗമായിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനവും സന്നദ്ധസംഘടനകളും പരസ്പര ധാരണയോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമായിരുന്നു. ഏലിയാമ്മ വിജയൻ അവയിൽ സജീവപങ്കാളിയായിരുന്നു. സഖിയുടെ ആദ്യത്തെ മറ്റു ട്രസ്റ്റ് അംഗങ്ങളായ മേഴ്‌സി അലക്‌സാണ്ടറും വനിതാ മുഖർജിയും ജനകീയാസൂത്രണത്തിൽ സജീവമായി സഹകരിച്ചിരുന്നു.

ആസൂത്രണ, നിർവഹണ പ്രവർത്തനങ്ങളിൽ സ്ത്രീപക്ഷ സമീപനം കൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു സഖിയുടെ പ്രവർത്തനം. 2002 മുതൽ സഖി നടത്തിയ പ്രവർത്തോനോന്മുഖ ഗവേഷണ പരിപാടികൾ എല്ലാം ഈ ലക്ഷ്യത്തോടുകൂടി ഉള്ളതായിരുന്നു. ഗ്രാമസഭകളിലെ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച ഗവേഷണം ആയിരുന്നു ഇതിൽ ആദ്യം നടത്തിയത്. പിന്നീട് വനിതാ ജനപ്രതിനിധികൾക്കുള്ള പരിശീലനം, അവരുടെ നെറ്റുവർക്കിങ് തുടങ്ങിയവയിൽ ശ്രദ്ധ നൽകി. സ്ത്രീ പദവി പഠനതിനുള്ള രീതിശാസ്ത്രം വികസിപ്പിക്കുകയും കിലയും പഞ്ചായത്തുകളും ആയി ചേർന്നു പദവിപഠനം നടത്തുകയും ചെയ്തു. ജൻഡർ ഉൾച്ചേർത്തു ആസൂത്രണം നടത്തുന്നതിന് ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്താൻ പഞ്ചായത്തുകളെ സഹായിച്ചു. വനിതാഘടക പദ്ധതികൾ പ്രായോഗിക ആവശ്യങ്ങൾ മാത്രം നിർവേറ്റുന്നതിലും ഉപരി സ്ത്രീകളുടെ പദവിയിൽ വ്യത്യാസം വരുത്താൻ ഉതകുന്നതാക്കി തീർക്കാനുള്ള പരിശ്രമങ്ങൾ നടത്തി.

2004-ൽ കേരള സർക്കാരിന്റെ സഹായത്തോടെ ലിംഗപദവി ആസൂത്രണം, ബഡ്ജറ്റിങ്, ഓഡിറ്റിങ് എന്നീ കാര്യങ്ങൾ ഉൾകൊള്ളിച്ചുള്ള പരിശീലന സഹായി, കൈപുസ്തകം തുടങ്ങിയവ രൂപപെടുത്തുകയും 140 ഓളം ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ജാഗ്രത സമിതി, ജൻഡർ റിസോഴ്‌സ് സെന്റർ തുടങ്ങിയവയുടെ പ്രവർത്തനം സജീവമാക്കാനുള്ള പിന്തുണ പഞ്ചായത്തുകൾക്ക് നൽകി. 2008-ലെ പ്രളയത്തിനുശേഷം ബിൽ ഗേറ്റ്‌സ് - മിലൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ പാർപ്പിട ഉപജീവന സഹായ പ്രവർത്തനങ്ങൾക്കുള്ള ഏജൻസിയായി തെരഞ്ഞെടുത്തത് സഖിയെയാണ്. കണക്കുകളിലെ സുതാര്യതയും പ്രവർത്തന മികവും അടക്കം പരിഗണിച്ചു കൊണ്ടായിരുന്നു ഈതീരുമാനം. അങ്ങനെയുള്ള സംഘടനക്കെതിരായാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു രംഗത്തുവന്നിരിക്കുന്നത്.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവുമായി തന്റെ അക്കൗണ്ടിൽ എത്തിയ ഫണ്ടിന് ബന്ധമില്ലെന്ന് ചാനൽ വാർത്ത നിഷേധിച്ചു കൊണ്ട് ഏലിയാമ്മ വിജയൻ വ്യക്തമാക്കിയിരുന്നു. സഖിയുടെ വാർഷിക റിപ്പോർട്ട് സൈറ്റിൽ പബ്ലിഷ് ചെയ്യാറുണ്ട്. വരവ്, ചെലവ് സംബന്ധിച്ച കാര്യങ്ങൾ അതിൽ വിശദമാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഫണ്ടുകൾ ഒന്നും സ്വീകരിച്ചിരുന്നില്ലെന്നും എന്തെങ്കിലും അഴിമതി നടത്തിയിരുന്നുവെങ്കിൽ കേന്ദ്ര ഏജൻസികൾ സ്ഥാപനത്തിന്റെ എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കുകയും ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നും ചാനലിന് അയച്ച വക്കീൽ നോട്ടീസിൽ ഇവർ പറയുന്നു. അതേസമയം തന്റെയും കുടുംബത്തിന്റെയും പേരും വിവരവും നൽകി അപമാനിക്കാൻ ശ്രമിച്ചതിനെരെയും ഏലിയാമ്മ ചാനലിനെതിരെ പരാതി ഉന്നയിക്കുന്നുണ്ട്.

സഖിയുടെ പ്രവർത്തനങ്ങൾക്കായി വർഷാവർഷം ഫണ്ട് ലഭിക്കുന്നുണ്ട്. അങ്ങനെ ലഭിച്ച ഫണ്ടുകളുടെ ആകെ തുകയാണ് ഇതെന്നും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവുമായി തന്റെ അക്കൗണ്ടിൽ എത്തിയ ഫണ്ടിനു ബന്ധമില്ലെന്നും ഏലിയാമ്മ പറയുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കാര്യമായ ക്രമക്കേടുകൾ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. വിഴിഞ്ഞം സമരം ലാറ്റിൻ അതിരൂപതയാണ് നയിക്കുന്നതെന്നും ഏലിയാമ്മയുടെ ഭർത്താവ് എ ജെ വിജയൻ സമരസമിതി നേതാവല്ലെന്നും ചാനൽ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.