- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം അടക്കം നേടിയ നടൻ; ബോളിവുഡിലെ ഉയർന്ന പ്രതിഫലം പറ്റുന്ന താരം; ദേശീയതാ വാദവുമായി സിനിമകൾ എടുക്കുമ്പോഴും ഇന്ത്യൻ പൗരത്വം വേണ്ട; അക്ഷയ് കുമാർ ഇപ്പോഴും കനേഡിയക്കാരൻ; ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നു, കോവിഡ് പ്രശ്‌നങ്ങൾ മൂലം ലഭിച്ചില്ലെന്ന് വിശദീകരിച്ചു നടൻ
മുംബൈ: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം അടക്കം നേടിയിട്ടുള്ള നടനാണ് ബോളിവുഡ് താരം അക്ഷയ്കുമാർ. ഇന്ത്യയിൽ ഏറ്റവും അധികം പണംപറ്റുന്ന സെലബ്രിറ്റികളിൽ ഒരാളുമാണ് അദ്ദേഹം. ദേശീയതാവാദം ഉയർത്തി സിനിമയെടുക്കുന്ന നടനും. എന്നിട്ടും അക്ഷയ്കുമാറിന് ഇന്ത്യൻ പൗരത്വം ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ചുരുക്കി പറഞ്ഞാൽ ചോറിവിടെയും കൂറവിടെയും എന്നതാണ് താരത്തിന്റെ നയമെന്ന് തോന്നും. ഇന്ത്യൻ പൗരത്വം ഇല്ലാത്തതിന്റെ പേരിൽ പലതവണ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും താരം.
എന്നാൽ, എന്തുകൊണ്ട് ഇന്ത്യൻ പൗരത്വം നേടാനായില്ലെന്ന് വിശദീകരിച്ചിരിക്കയാണ് അദ്ദേഹമിപ്പോൾ. 2019ൽ ഇന്ത്യൻ പാസ്‌പോർട്ടിനായി അപേക്ഷിച്ചെങ്കിലും കോവിഡ് പ്രശ്‌നങ്ങൾ മൂലം പാസ്‌പോർട്ട് ലഭിച്ചില്ലെന്ന് അക്ഷയ് കുമാർ പറഞ്ഞു. കനേഡിയൻ പാസ്‌പോർട്ടുള്ളതുകൊണ്ട് താൻ ഇന്ത്യക്കാരനല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
''ഞാൻ തികഞ്ഞ ഇന്ത്യക്കാരനാണ്. സിനിമകൾ പരാജയപ്പെടുകയും മറ്റു പല കാരണങ്ങളുണ്ടായതുമാണ് ഒൻപത് വർഷം മുൻപ് കനേഡിയൻ പാസ്‌പോർട്ട് നേടാനിടയാക്കിയത്. എന്നാൽ 2019ൽ ഇന്ത്യൻ പാസ്‌പോർട്ടിനായി അപേക്ഷിച്ചെങ്കിലും കോവിഡ് വന്നതോടെ രണ്ട് വർഷത്തോളം എല്ലാം അടച്ചുപൂട്ടി. ഇതോടെ പാസ്‌പോട്ട് ലഭിക്കാതെ വന്നു. എന്നാൽ വൈകാതെ ഇന്ത്യൻ പാസ്‌പോർട്ട് ലഭിക്കും''. അക്ഷയ് കുമാർ പറഞ്ഞു.
കനേഡയൻ പൗരത്വം നേടിയതോടെ അക്ഷയ്കുമാറിനെതിരെ വൻവിമർശനം ഉയർന്നിരുന്നു. കനേഡിയൻ കുമാർ എന്നുവരെ അദ്ദേഹത്തെ വിളിച്ചു. പൗരത്വവുമായി ബന്ധപ്പെട്ടുണ്ടായ പ്രതികരണങ്ങൾ വളരെയേറെ വേദനിപ്പിച്ചുവെന്ന് അക്ഷയ് കുമാർ പറഞ്ഞു. മാന്ദ്യത്തെത്തുടർന്ന് 40% വരെ താൻ പ്രതിഫലം കുറച്ചെന്നും അക്ഷയ് കുമാർ പറഞ്ഞു. ഈ വർഷം അക്ഷയ് കുമാറിന്റെ നാല് സിനിമകളാണ് പരാജയപ്പെട്ടത്.
സിനിമ കുറഞ്ഞപ്പോഴാണ് കനേഡിയൻ പൗരത്വം എടുത്തതെന്നാണ് അന്ന് അക്ഷയ്കുമാർ വിശദീകരിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് എന്റെ സിനിമകൾ കാര്യമായി പച്ച പിടിച്ചില്ല. 14-15 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. അതുകൊണ്ടാണ് വേറെ ഏതെങ്കിലും നാട്ടിൽ മറ്റെന്തെങ്കിലും ചെയ്യാമെന്ന് കരുതിയത്. ഒരുപാടാളുകൾ ജോലി ചെയ്യാൻ അന്യ നാടുകളിലേക്ക് പോകുന്നു. അവർ ഇന്ത്യയ്ക്കാർ തന്നെയാണെന്നാണ് സ്വയം കരുതുന്നത്. ഇവിടെ വിജയിക്കാനാകുന്നില്ലെങ്കിൽ മറ്റൊരു നാട്ടിൽ ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി. അങ്ങനെ കാനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു.
എന്നാൽ ഭാഗ്യവശാൽ അതിന് ശേഷം എന്റെ സിനിമകൾ വിജയിക്കാൻ തുടങ്ങി. ഞാൻ വിദേശത്ത് പോകുന്നത് വേണ്ടെന്ന് വച്ചു. ഇപ്പോഴും എനിക്ക് കനേഡിയൻ പാസ്പോർട്ട് ആണുള്ളത്. എന്താണ് പാസ്പോർട്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് ആവശ്യമായ രേഖ, അത്രമാത്രം. ഞാൻ ഇന്ത്യക്കാരനാണ്, എപ്പോഴും അതങ്ങനെ ആയിരിക്കും. ഞാൻ ഇവിടെ ജീവിക്കുന്നു, ഇവിടെ നികുതി നൽകുന്നു- അക്ഷയ് കുമാർ പറഞ്ഞു.
അതേസമയം നികുതി അടക്കുന്ന കാര്യത്തിൽ അക്ഷയ്കുമാർ മുന്നിലാണ്. നേരത്തെ രജനീകാന്തിനെയും അക്ഷയ്കുമാറിനെയും ആദരിച്ച് ആദായ നികുതി വകുപ്പ് രംഗത്തുവന്നിരുന്നു. കൃത്യമായി നികുതിയടക്കുന്നതിലൂടെ, രാഷ്ട്രനിർമ്മാണത്തിന് നൽകിയ സംഭാവനകൾ മാനിച്ചാണ് ആദരം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകനായ അക്ഷയ് കുമാറിന് 'സമ്മാൻപത്ര' നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ