- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സര പ്രാർത്ഥനയ്ക്കായി ആലപ്പുഴ കൃപാസനം പള്ളിയിലേക്കു പോയ അടുത്ത ബന്ധുക്കൾ; കുമരകം സ്വദേശിയായ ആഷിക് ചെറുപ്പം മുതൽ വളർന്നതും പഠിച്ചതുമെല്ലാം ജസ്റ്റിന്റെ വേളൂരിലെ വീട്ടിൽ നിന്ന്; ആഷിക്കിന് സമ്മാനമായി ജസ്റ്റിൻ സെക്കൻഡ് ഹാൻഡ് ബൈക്ക് നൽകിയത് ഒരുമാസം മുൻപും; അന്ത്യയാത്രയും ഒരുമിച്ച്; ധ്യാന കേന്ദ്രത്തിൽ നിന്നുള്ള മടക്കം മരണമായപ്പോൾ
ആലപ്പുഴ: പുതുവർഷപ്പുലരിയിൽ പൊലീസ് ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ, ബന്ധുക്കളായ യുവാക്കൾ മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ മൂലം. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ എത്തിയ യുവാക്കൾ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. നേരത്തെ യുവാക്കൾ പുതുവൽസര ആഘോഷത്തിന് ബീച്ചിലെത്തിയതെന്നായിരുന്നു പ്രചരിപ്പിച്ചത്. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.
ആലപ്പുഴ തണ്ണീർമുക്കം റോഡിൽ തലവടിയിലാണ് അപകടം. കോട്ടയം വേളൂർ അകമ്പാടം എഡ്വേഡ് കുഞ്ഞമ്മ ദമ്പതികളുടെ മകൻ ജസ്റ്റിൻ എ.എഡ്വേഡ് (അനിയച്ചൻ 38), കോട്ടയം വേളൂർ നാലുകണ്ടത്തിൽ ജൂലിയാമ്മയുടെ മകൻ ആഷിക് എഡ്വേഡ് അലക്‌സ് (വാവച്ചി 20) എന്നിവരാണു മരിച്ചത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. സംഭവസമയത്ത് വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർ വിഷ്ണുദാസിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മരിച്ച ജസ്റ്റിൻ കോട്ടയം കൺസ്യൂമർഫെഡ് ജീവനക്കാരനാണ്. സഹോദരൻ: ഗ്ലോഡിൻ. ആഷിക് കൊച്ചിയിൽ ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ് കോഴ്‌സ് വിദ്യാർത്ഥിയാണ്. സഹോദരി: ആഷ്ലി.
ഇന്നലെ പുലർച്ചെ മൂന്നരയോടെ തെക്കൻ പഴനി സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപമാണ് അപകടം. ആലപ്പുഴ ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (ഡിസിആർബി) ഡിവൈഎസ്‌പിയുടെ ജീപ്പാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഡിവൈഎസ്‌പി കെ.എൽ.സജിമോനെ കോട്ടയത്തെ വീട്ടിലാക്കിയ ശേഷം ഡ്രൈവർ വിഷ്ണുദാസും സിപിഒ രാഹുലും മടങ്ങുകയായിരുന്നു. വിഷ്ണുദാസിനു നിസ്സാര പരുക്കുണ്ട്. നിയന്ത്രണം വിട്ടു സ്‌കൂട്ടറിൽ ഇടിച്ച പൊലീസ് ജീപ്പ് സമീപത്തെ വീടിന്റെ മതിൽ തകർത്താണ് നിന്നത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നു പൊലീസ് പറഞ്ഞു. പൊലീസ് ജീപ്പിന് അടിയിൽപെട്ടുപോയ ഇവരെ മറ്റു യാത്രക്കാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വിഷ്ണുദാസിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. ബീച്ച് ഫെസ്റ്റിനിടെ രാത്രി ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡിസിആർബി ഡിവൈഎസ്‌പി കെ.എൽ.സജിമോൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കോട്ടയത്തെ വീട്ടിലാക്കിയ ശേഷം ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ദിശ തെറ്റിയെത്തിയ ജീപ്പ് സ്‌കൂട്ടറിലും സമീപമുള്ള, ആര്യാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.രവീന്ദ്രദാസിന്റെ വീടിന്റെ മതിലിലും ഇടിച്ചു.
മരണത്തിലും ജസ്റ്റിനും ആഷിക്കും വേർപിരിഞ്ഞില്ലെന്നത് ബന്ധുക്കൾക്കും നാട്ടുകാർക്കും നൊമ്പരമായി. ജസ്റ്റിന്റെ ഇളയമ്മയുടെ മകനാണ് ആഷിക്. വിവരം അറിഞ്ഞതു മുതൽ പാടവരമ്പത്തിന് അരികെയുള്ള ഇവരുടെ അകമ്പാടം വീട്ടിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. പുതുവത്സര പ്രാർത്ഥനയ്ക്കായി ആലപ്പുഴ കൃപാസനം പള്ളിയിലേക്കു പോയതായിരുന്നു ഇരുവരും. കുമരകം സ്വദേശിയായ ആഷിക് ചെറുപ്പം മുതൽ വളർന്നതും പഠിച്ചതുമെല്ലാം ജസ്റ്റിന്റെ വേളൂരിലെ വീട്ടിൽ നിന്നായിരുന്നു. ഇരുചക്ര വാഹനം ഓടിക്കാൻ വശമില്ലാതിരുന്ന ജസ്റ്റിനെ പലപ്പോഴും ജോലി സ്ഥലത്തും പള്ളിയിലുമെല്ലാം ആഷിക്കാണ് എത്തിച്ചിരുന്നത്. ആഷിക്കിന് സമ്മാനമായി ഒരുമാസം മുൻപാണ് ജസ്റ്റിൻ സെക്കൻഡ് ഹാൻഡ് ബൈക്ക് നൽകിയത്. പിന്നീട് ഇതിലായിരുന്നു യാത്ര.
കൊച്ചിയിൽ ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ് കോഴ്‌സ് തിരഞ്ഞെടുക്കാൻ ആഷിക്കിന് നിർദ്ദേശം നൽകിയത് ജസ്റ്റിനായിരുന്നു. കൺസ്യൂമർഫെഡിൽ ജീവനക്കാരനായിരുന്ന ജസ്റ്റിനായിരുന്നു കുടുംബത്തിന്റെ അത്താണി. സഹോദരങ്ങളായി കഴിഞ്ഞ ഇരുവരും അങ്ങനെ അന്ത്യയാത്രയിലും ഒരുമിച്ചായി.
മറുനാടന് മലയാളി ബ്യൂറോ