- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിധിയിൽ കൂടുതൽ ആളുകൾ കയറിയതോടെ പള്ളിയോടത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ക്രമാതീതമായ അടിയൊഴുക്കും തിരിച്ചടിയായി; അച്ചൻകോവിലാറ്റിലിലെ അപകടത്തിൽ വിദ്യാർത്ഥി അടക്കം രണ്ട് മരണം; കാണാതായ രണ്ട് പേർക്കായി നേവിയും ഫയർഫോഴ്‌സും തിരച്ചിൽ തുടരുന്നു
ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. മാവേലിക്കര വലിയ പെരുംമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം.
പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറന്മുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു. കാണാതായവർക്കായി നേവിയും ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.
വള്ളം മറിഞ്ഞ് അപകടം ഉണ്ടായ ഉടൻ തന്നെ ആദിത്യനെ കാണാതായി എന്ന വിവരം സ്ഥിരീകരിച്ചിരുന്നു. സ്‌കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റർ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബിനീഷിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പള്ളിയോടത്തിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദക്ഷിണ സമയത്ത് തുഴച്ചിലുകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ക്രമാതീതമായ അടിയൊഴുക്കായിരിക്കാം വള്ളം മറിയാനുള്ള കാരണമെന്നാണ് നിഗമനം.
പരിധിയിൽ കൂടുതൽ ആളുകൾ കയറിയതോടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പള്ളിയോടത്തിലുണ്ടായിരുന്ന അതുൽ എന്നയാൾ പറയുന്നത്. അച്ചൻകോവിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനൊപ്പം അടിയൊഴുക്കും ഉണ്ടായതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. സാധാരണ 61 പേരാണ് പള്ളിയോടത്തിൽ കയറുന്നത്.
യാത്രക്ക് മുന്നോടിയായുള്ള വലം ചുറ്റുന്ന ചടങ്ങിനായതിനാൽ കൂടുതലാളുകൾ തള്ളിക്കയറി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാത്ര തുടങ്ങി എല്ലാവരും ഇരിക്കും മുമ്പേ തന്നെ വള്ളം കീഴ്‌മേൽ മറിഞ്ഞുവെന്നും അതുൽ വിശദീകരിച്ചു. അപകടം എങ്ങനെയുണ്ടായെന്ന് വിശദമായി പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ, മന്ത്രി പി പ്രസാദ് അറിയിച്ചു.
ആറന്മുളയ്ക്കു പുറപ്പെടുന്നതിനു മുൻപായി പള്ളിയോടം മുൻപോട്ടു പോയി തിരികെ വരുന്ന ചടങ്ങുണ്ട്. ഇതിനായി പള്ളിയോടം തിരിക്കുന്നതിനിടെ മറിയുകയായിരുന്നു. പള്ളിയോടത്തിലേക്ക് കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ചിലരെ രക്ഷപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ