ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടകളായ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോപണവുമായി അമ്മ സജിതയുടെ ബന്ധുക്കൾ. പ്രധാന ഡോക്ടർക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയൻ നടത്തിയത്. കുട്ടികൾ മരിച്ചത് വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 16ന് ആണ് സിസേറിയൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വേദനയില്ലെന്ന് പറഞ്ഞ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച ഒരു കുഞ്ഞിന് അനക്കം ഇല്ലാതായി. സിസേറിയന് തൊട്ടുമുമ്പ് സജിത ഭക്ഷണം കഴിച്ചെന്ന് പറഞ്ഞ് സിസേറിയന് തയ്യാറായില്ലെന്നും. പിന്നീട് എട്ടരയ്ക്ക് ആണ് രണ്ടു കുഞ്ഞുങ്ങളും മരിച്ചതായി അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിൽ മരിച്ചത്. ചികിത്സാപിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നാല് ദിവസം മുമ്പായിരുന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ഇന്ന് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പുറത്തെടുത്തപ്പോൾ തന്നെ കുട്ടികൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രണ്ട് ദിവസത്തിന് ശേഷമാണ് മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നടക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പടെ പങ്കെടുക്കുന്ന ചടങ്ങിന് മുമ്പാണ് സംഭവമുണ്ടായിരിക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് തേടി.

അതേസമയം ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിൽ വീഴ്ചയില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അബ്ദുൾ സലാം പറഞ്ഞു. കുട്ടികളുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു. മരണ കാരണം ട്വിൻ ടു ട്വിൻ ട്രാൻസ്ഫ്യുഷൻ സിൻഡ്രോം ആണ്. ഒരു മറുപിള്ളയിൽ നിന്ന് ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന സങ്കീർണതയാണ് മരണത്തിന് കാരണമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.

ഇന്നലെ പകൽ തന്നെ ഒരു കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുത്തപ്പോൾ രണ്ടുകുഞ്ഞുങ്ങളും മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കുഞ്ഞുങ്ങളുടെ മരണത്തിൽ ബന്ധുക്കൾ ഇതുവരെ പരാതി നൽകിയിട്ടില്ല. രണ്ടുകുഞ്ഞുങ്ങളുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ യഥാർഥമരണകാരണം വ്യക്തമാകുകയൊള്ളൂ.

അടുത്തിടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് വലിയ വാർത്തായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ആറ് ഡോക്ടർമാരെ സ്ഥലം മാറ്റുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഈ സംഭവത്തിലും സൂപ്രണ്ട് വിശദമായ റിപ്പോർട്ട് തേടിയത്.